News
മറിയത്തിന്റെ സ്വർഗ്ഗാരോപണം നമ്മുക്ക് നിത്യത ഉറപ്പ് നൽകുന്നു: ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 15-08-2026 - Saturday
വത്തിക്കാന്‍ സിറ്റി: ദൈവം പരിശുദ്ധ മറിയത്തിനു നൽകിയതു കൃപയുടെ പൂർത്തീകരണമാണെന്നും മറിയത്തിന്റെ സ്വർഗ്ഗാരോപണം നമ്മുക്ക് നിത്യത ഉറപ്പ് നൽകുകയാണെന്നും ലെയോ പതിനാലാമൻ പാപ്പ. സ്വർഗ്ഗാരോപണ തിരുനാൾ ദിനമായ ഇന്നു പതിനഞ്ചാം തീയതി കാസ്റ്റല്‍ ഗന്തോൾഫോയിലെ സെന്റ് തോമസ് ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകുകയായിരിന്നു പാപ്പ. മറിയത്തിന്റെ ഹൃദയത്തിൽ, ഭൂമിയും സ്വർഗ്ഗവും ഒന്നിക്കുന്ന നിത്യതയുടെ അടയാളമാണ് സൂര്യനെ ഉടയാടയാക്കിയും പാദത്തിന്റെ ചുവട്ടിൽ ചന്ദ്രനെയും കൊണ്ടുള്ള സ്ത്രീയുടെ ചിത്രം വെളിപാട് പുസ്തകം വിവരിക്കുന്നതെന്നും പാപ്പ പറഞ്ഞു.
തന്റെ വിശ്വാസത്തിന്റെ ലളിതമായ പ്രകടനങ്ങളിലൂടെ, സ്വർഗ്ഗസ്ഥയായ അമ്മ മഹത്തായ രഹസ്യങ്ങളെക്കുറിച്ച് നമ്മോട് ലളിതമായി സംസാരിക്കുന്നതാണ് മറിയത്തിന്റെ സ്തോത്രഗീതത്തിലെ വാക്കുകള്‍. ദൈവകൃപയാൽ ആത്മാവിന്റെ ശുദ്ധി വ്യക്തിയെ മുഴുവൻ പ്രകാശിപ്പിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നതിന്റെ തെളിവാണ്, ദൈവമാതാവിന്റെ അഴുകാത്ത ശരീരവും അവളുടെ നിർമ്മല ഹൃദയവും. മറിയം ആത്മാവോടും ശരീരത്തോടും കൂടെ മഹത്വീകരിക്കപ്പെട്ടത്, നമ്മുടെ യഥാർത്ഥ സൗന്ദര്യം കടന്നുപോകുന്ന കാലത്തിന്റെ അടയാളങ്ങൾ ഒളിപ്പിക്കുന്നതിലല്ല, മറിച്ച് ഒരിക്കലും അവസാനിക്കാത്ത സ്നേഹത്തിന്റെ അടയാളങ്ങൾ നമ്മുടെ ശരീരത്തിൽ പ്രകടിപ്പിക്കുന്നതിലാണെന്നു, പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍ പാപ്പ അനുസ്മരിച്ചു.
ലോകം നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്ന, ആഡംബരത്തിനും ഉപഭോഗസംസ്കാരത്തിനും മുൻഗണന നൽകുന്ന സൗന്ദര്യ സങ്കല്പങ്ങളെ പുനർചിന്തനം ചെയ്യാൻ ഇത് നമ്മെ ക്ഷണിക്കുന്നു. യഥാർത്ഥത്തിൽ പ്രാധാന്യമില്ലാത്തതും ശാശ്വതമല്ലാത്തതുമായ കാര്യങ്ങൾക്കായി വിലയേറിയ ഊർജ്ജം പാഴാക്കുന്നു. നമ്മെ പൊതിഞ്ഞിരിക്കുന്നതും നമുക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതുമായ ദിവ്യസൗന്ദര്യം കണ്ടെത്താനും വളർത്താനും ചുറ്റുമുള്ളവരിലേക്ക് അത് പകർന്നുനൽകാനും, ഓരോ ജീവിതസാഹചര്യങ്ങളും പകർന്നു നൽകുന്ന അനുഭവങ്ങളെ ശ്രവിക്കുവാൻ നമുക്ക് സാധിക്കണമെന്നും പാപ്പ പറഞ്ഞു. മനുഷ്യന്റെ ഏറ്റവും മനോഹരമായ ആഭരണം സ്നേഹമാണെന്നും അത് ജീവിതത്തിന്റെ, മാറ്റങ്ങൾക്കിടയിലും നമ്മെ രൂപാന്തരപ്പെടുത്തുകയും, വിശുദ്ധീകരിക്കുകയും, ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















