Title News

അന്ന് അൾത്താരയ്ക്ക് മുന്നിൽ കിരീടം സമർപ്പിച്ചു; ഇന്ന് 'മിസ് യൂണിവേഴ്സ് ഇന്ത്യ'യായി കെസിയ മെജോ

പ്രവാചകശബ്ദം 25-08-2026 - Tuesday

കൊച്ചി: 2026-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടിയ മലയാളി താരം കെസിയ ലിസ് മെജോയുടെ മുന്‍ വീഡിയോ വൈറലാകുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിൽ 'മിസ് യൂണിവേഴ്സ് കേരള' കിരീടം നേടിയപ്പോൾ, പരമ്പരാഗത വസ്ത്രധാരണത്തിൽ കലൂർ സെന്റ് ആന്റണീസ് ദേവാലയത്തിലെത്തി നന്ദിയർപ്പിച്ചു പ്രാർത്ഥിക്കുന്ന വീഡിയോ കെസിയ തന്നെയാണ് അന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ജയ്‌പൂരിൽ നടന്ന സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്തള്ളി 'മിസ് യൂണിവേഴ്സ് ഇന്ത്യ' കിരീടം കെസിയ സ്വന്തമാക്കിയതോടെയാണ് ഈ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നത്.

ദേവാലയത്തിലെത്തിയ കെസിയ മെജോ അൾത്താരയ്ക്ക് മുന്നിൽ കൈകൂപ്പി പ്രാർത്ഥിക്കുന്നതും ഭക്ത്യാദരവോടെ നന്ദി പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അൾത്താരയ്ക്ക് മുന്നിലെത്തിയപ്പോൾ തലയിൽ നിന്ന് കിരീടം മാറ്റി സമർപ്പിക്കുന്നതും ദൃശ്യമായിരിന്നു. "മിസ് യൂണിവേഴ്സ് കേരള 2026 എന്ന നിലയിൽ എന്റെ ഔദ്യോഗിക യാത്ര ആരംഭിക്കുന്നതിന് മുൻപ്, എപ്പോഴും എന്റെ പ്രാർത്ഥനകൾ കേൾക്കുകയും സ്നേഹം ചൊരിയുകയും ചെയ്ത ഒരിടത്തേക്ക് മടങ്ങിയെത്താനാണ് ഞാൻ ആഗ്രഹിച്ചത്" എന്ന് കെസിയ അന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.





സർവ്വേശ്വരന്റെ അനുഗ്രഹത്തിനും കൃപയ്ക്കും അങ്ങേയറ്റം നന്ദിയുള്ളവളാണ് എന്നും 'മിസ് യൂണിവേഴ്സ് ഇന്ത്യ' വേദിയിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുമ്പോൾ ദൈവാനുഗ്രഹം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നുവെന്നും താരം അന്നു കൂട്ടിച്ചേർത്തു. നേട്ടങ്ങൾക്കിടയിലും തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ച താരത്തിന് വലിയ ശ്രദ്ധയാണ് അന്നു ലഭിച്ചത്. ഇരുപത്തിയഞ്ച് ലക്ഷത്തോളം ആളുകളാണ് കെസിയയുടെ ഈ വീഡിയോ കണ്ടത്.

രണ്ടു മാസങ്ങൾക്കിപ്പുറം ഭാരതത്തിന്റെ സൗന്ദര്യറാണിയായി കെസിയ തിരഞ്ഞെടുക്കപ്പെട്ടതോടെ, നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങളും തുടർവിജയങ്ങൾക്കായുള്ള പ്രാർത്ഥനകളും പങ്കുവെക്കുന്നത്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളായ കെസിയ, നിയമ വിദ്യാർത്ഥി കൂടിയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »