News - 2026

പീഡനങ്ങളും കൂട്ടക്കൊലകളും അര്‍മേനിയന്‍ ക്രൈസ്തവരെ തളര്‍ത്തിയിട്ടില്ല, ശക്തിപ്പെടുത്തി: അർമേനിയൻ പാത്രിയാർക്കീസ് ബെദ്രോസ്

പ്രവാചകശബ്ദം 24-08-2026 - Monday

ബെയ്റൂട്ട്: നൂറ്റാണ്ടുകളായി നേരിടേണ്ടി വന്ന കടുത്ത പീഡനങ്ങളും കൂട്ടക്കൊലകളും അർമേനിയൻ ക്രൈസ്തവരുടെ വിശ്വാസത്തെയും വ്യക്തിത്വത്തെയും തകർക്കുന്നതിന് പകരം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് അർമേനിയൻ കത്തോലിക്ക സഭയുടെ തലവൻ പാത്രിയാർക്കീസ് റാഫേൽ ബെദ്രോസ് ഇരുപത്തൊന്നാമൻ മിനാസിയാൻ. തങ്ങളുടെ ചരിത്രത്തിലെ കറുത്ത ഏടുകളായ അർമേനിയൻ വംശഹത്യയും തുടർന്നുള്ള ദുരന്തങ്ങളും ഓർമിപ്പിച്ച പാത്രിയർക്കീസ്, മിഡിൽ ഈസ്റ്റിലും മറ്റ് പ്രദേശങ്ങളിലും ക്രിസ്ത്യാനികൾ നേരിടുന്ന കഷ്ടപ്പാടുകൾക്കിടയിലും തങ്ങളുടെ ധാർമികവും ആത്മീയവുമായ മൂല്യങ്ങൾ കൈവിടാൻ തയാറല്ലെന്നും പറഞ്ഞു.

മിഡിൽ ഈസ്റ്റ് - വടക്കേ ആഫ്രിക്ക മേഖലയിലെ വാർത്ത ഏജൻസിയായ 'എസിഐ മെന'യുമായി സഹകരിച്ച് 'ഇഡബ്ല്യുടിഎൻ ന്യൂസ്' നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 1915-ലെ അർമേനിയൻ വംശഹത്യയ്ക്കുശേഷം ജനിച്ച ആദ്യ തലമുറയിലെ അംഗമെന്ന നിലയിലും, ആ ദുരന്തം മൂലം അനാഥനായ ഒരാളുടെ മകനെന്ന നിലയിലുമുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങൾ ഒരു കാര്യം തന്നെ പഠിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത വെല്ലുവിളികളും പീഡനങ്ങളും പ്രത്യാശ വർദ്ധിപ്പിക്കാനും, തങ്ങളുടെ വിളിയിൽ ഉറച്ചുനിൽക്കാനും വിശ്വാസം കാത്തുസൂക്ഷിക്കാനും ക്രിസ്തീയ സ്വത്വത്തിൽ അഭിമാനം കൊള്ളാനും ക്രിസ്ത്യാനികളെ ശക്തിപ്പെടുത്താനും സഹായിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

അര്‍മേനിയന്‍ മേഖലയിലും ലോകമെമ്പാടുമുള്ള ക്രൈസ്തവരെയും സഭാ സ്വത്തുക്കളെയും ലക്ഷ്യമിട്ടുള്ള സമ്മർദ്ധങ്ങളും ബാഹ്യ ശക്തികളുടെ സ്വാധീനവും വർധിച്ചുവരുന്ന സാഹചര്യത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു. ദൈവത്തിന്റെ ദിവ്യപരിപാലനയിൽ ഞാൻ അടിയുറച്ചു വിശ്വസിക്കുകയും അതിൽ ആശ്രയിക്കുകയും ചെയ്യുന്നു. തങ്ങളുടെ മാതൃരാജ്യങ്ങളിലും ലോകമെമ്പാടുമുള്ള വിവിധ ഇടങ്ങളിലുമായി വസിക്കുന്ന അർമേനിയൻ കത്തോലിക്കര്‍ കർത്താവിനും അവിടുത്തെ രക്ഷാകരപ്രവർത്തിക്കും സാക്ഷ്യം വഹിക്കുന്ന തങ്ങളുടെ ദൗത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് മുന്നോട്ട് പോകണം. പ്രവർത്തിയിലൂടെയാണ് ലോകത്തിന് വീണ്ടെടുപ്പും നിത്യജീവനും ലഭിക്കുന്നതെന്നും പാത്രിയാർക്കീസ് പറഞ്ഞു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »