News - 2026

എബോള, ഖനിയിലെ മണ്ണിടിച്ചില്‍; ആഫ്രിക്കയിലെ ദുരന്തങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 24-08-2026 - Monday

വത്തിക്കാന്‍ സിറ്റി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള വ്യാപനത്തിലും സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലുണ്ടായ ഖനിയിലെ മാരകമായ മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ച് പാപ്പ. അനേകം ജീവനുകൾ അപഹരിക്കുന്ന എബോള മഹാമാരി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ എന്റെ പ്രാർത്ഥനകളിൽ ഓർക്കുകയാണ്. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു; അതുവഴി അനേകം മനുഷ്യജീവനുകൾ രക്ഷിക്കാൻ സാധിക്കുമെന്നും മാര്‍പാപ്പ ഇന്നലെ ഞായറാഴ്ച പറഞ്ഞു.

അതേസമയം എബോള മഹാമാരിയില്‍ മരണം ക്രമാതീതമായി ഉയരുകയാണ്. ഇതുവരെ 2,500-ലധികം മരണം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ പകുതിയും കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണ് സംഭവിച്ചതെന്നും ഐക്യരാഷ്ട്രസഭയുടെ മുതിർന്ന എബോള കോർഡിനേറ്റർ ജൂലിയൻ ഹാർണിസ് ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സാംബോയേയിലെ ഖനിയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും പാപ്പ ഇന്നലെ പറഞ്ഞു.

ജീവൻ നഷ്ടപ്പെട്ടവരെ ദൈവം സ്വീകരിക്കട്ടെ; ഖനനമേഖലകളിൽ സുരക്ഷയും നിയമപാലനവും ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് അവിടുന്ന് കരുത്തേകട്ടെയെന്നു പ്രാര്‍ത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. മദ്ധ്യ ആഫ്രിക്കൻ രാജ്യമായ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ മണ്ണിടിച്ചിലിനെ തുടർന്ന് സ്വർണ ഖനി തകർന്ന് മരിച്ചവരുടെ എണ്ണം 120 പിന്നിട്ടിരിക്കുകയാണ്. ചൊവ്വാഴ്ച നാന മാംബെരെ പ്രവിശ്യയിൽ കാമറൂൺ അതിർത്തിക്ക് സമീപമായിരുന്നു സംഭവം. മരണം 120 കടന്നെന്നും നിരവധി പേർ മണ്ണിനടിയിലായെന്നും റെ‌‌ഡ് ക്രോസ് വോളന്റിയർമാരും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »