India - 2026
വേളാങ്കണ്ണി തിരുനാളിനു കൊടിയേറി
പ്രവാചകശബ്ദം 31-08-2026 - Monday
നാഗപട്ടണം: വേളാങ്കണ്ണി ആരോഗ്യമാതാ ബസിലിക്കയിലെ വാർഷികതിരുനാളിനു കൊടിയേറി. തഞ്ചാവൂർ ബിഷപ്പ് ഡോ.ടി. സഹായരാജ് കൊടി ഉയർത്തിയതോടെ തിരുനാളിനു തുടക്കമായി. പിന്നാലെ ലദീഞ്ഞ്, ദിവ്യകാരുണ്യ ആരാധന, നോവേന തുടങ്ങിയ പ്രത്യേക ചടങ്ങുകളും നടന്നു. തിരുനാൾ ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളിൽ പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്.
സെപ്റ്റംബർ ഏഴിന് ബിഷപ്പ് ഡോ. സഹായരാജിന്റെ മുഖ്യകാർമികത്വത്തിൽ ബസിലിക്കയിൽ ആഘോഷമായ വിശുദ്ധ കുർബാനയും മാതാവിന്റെ നവനാൾ പ്രാർഥനയും ഉണ്ടായിരിക്കും. രാത്രി എട്ടിന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. എട്ടിനാണ് ദൈവമാതാവിന്റെ ജനനത്തിരുനാൾ. രാവിലെ ആറിന് ബിഷപ്പ് ഡോ. സഹായരാജിൻ്റെ കാർമികത്വത്തിൽ ബസിലിക്കയിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും തിരുനാൾ സന്ദേശവും നടക്കും. വൈകുന്നേരം കൊടിയിറക്കത്തോടെ തിരുനാൾ സമാപിക്കും. തിരുനാള്‍ ദിവസങ്ങളില്‍ ലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് വേളാങ്കണ്ണിയിലേക്ക് എത്തിച്ചേരുക.

















