News
നൈജീരിയയിലെ ചോരക്കളി അവസാനിപ്പിക്കണം: ദേശീയ കത്തോലിക്ക മെത്രാൻ സമിതി
പ്രവാചകശബ്ദം 31-08-2026 - Monday
അബൂജ: നൈജീരിയയിൽ തുടർച്ചയായി ഉണ്ടാകുന്ന കൂട്ടക്കൊലകളിലും തട്ടിക്കൊണ്ടുപോകലുകളിലും വീണ്ടും പ്രതിഷേധമറിയിച്ച് രാജ്യത്തെ കത്തോലിക്കാ മെത്രാൻ സമിതി (CBCN). ഓഗസ്റ്റ് 26-ന് മെത്രാൻ സമിതി പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് രാജ്യത്തെ നിലവിലെ ഭീകരാവസ്ഥയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചത്. രാജ്യത്തെ സുരക്ഷാ സാഹചര്യം സഹിക്കാവുന്നതിലും അപ്പുറമെത്തിയെന്നും രക്തച്ചൊരിച്ചിലും ഭീകരതയും ഉടനടി അവസാനിപ്പിക്കാൻ ഭരണകൂടവും സുരക്ഷാ ഏജൻസികളും അടിയന്തരമായി ഇടപെടണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടു.
നൈജർ സ്റ്റേറ്റിലെ ബോർഗുവിലുള്ള മസ്ജിദിൽ നിന്ന് പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്ന അറുപതിലേറെ വിശ്വാസികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിലും ബെനുവേ സ്റ്റേറ്റിലെ ഉകുമ്മിൽ 47 പേർ കൊല്ലപ്പെടുകയും 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിലും ബിഷപ്പുമാർ കടുത്ത ദുഃഖം രേഖപ്പെടുത്തി. ദേവാലയത്തിലാകട്ടെ, മസ്ജിദിലാകട്ടെ, ചന്തയിലാകട്ടെ, സ്വന്തം വീടുകളുടെ ശാന്തതയിലാകട്ടെ - നൈജീരിയക്കാർ ഇപ്പോഴും കൂട്ടക്കൊലയ്ക്കും ഭയത്തിനും നാടുകടത്തലിനും ഇരയായിക്കൊണ്ടിരിക്കുകയാണെന്ന് കത്തോലിക്കാ മെത്രാൻ സമിതി പ്രസ്താവിച്ചു.
മനുഷ്യജീവൻ ദൈവത്തിന്റേതു മാത്രമാണ്. ഈ ക്രൂരതയ്ക്ക് ഒരു ന്യായീകരണവുമില്ല. നിരപരാധികളുടെ കണ്ണീരിൽ പടുത്തുയർത്തുന്ന ഒരു ഭാവിയും നിലനിൽക്കില്ല. ഏതൊരു ആരാധനാലയത്തിന് നേർക്കുള്ള ആക്രമണവും മാനവികതയ്ക്ക് നേർക്കുള്ള ആക്രമണമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകപ്പെട്ട വിശ്വാസികളുടെ സുരക്ഷിതമായ മോചനത്തിനായി പ്രാർത്ഥിക്കുന്നു. ആക്രമണങ്ങൾ നടന്നതിന് ശേഷം പ്രതികരിക്കുന്നതിന് പകരം, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീകര ശൃംഖലകൾ മുൻകൂട്ടി തകർക്കാൻ സുരക്ഷാ ഏജൻസികൾ തയ്യാറാകണം. ഭീകരപ്രവർത്തനം നടത്തുന്നവർക്കും അവർക്ക് സാമ്പത്തിക-രാഷ്ട്രീയ സഹായം നൽകുന്നവർക്കും തക്കതായ ശിക്ഷ നൽകണമെന്നും ശിക്ഷിക്കപ്പെടില്ലെന്ന ധാരണയാണ് കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















