News - 2026
ഡിസംബർ 8 ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി
പ്രവാചകശബ്ദം 20-09-2026 - Sunday
ഒസോഗ്ബോ: 2027-ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് നീതിയുക്തമായി നടപ്പിലാക്കുന്നതിന് ഡിസംബർ 8 പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദേശീയ ദിനമായി ആചരിക്കുവാന്‍ നൈജീരിയൻ കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെ ആഹ്വാനം. തെരഞ്ഞെടുപ്പിനായി ആത്മീയമായി ഒരുങ്ങാൻ ദേശീയ മെത്രാന്‍ സമിതി നൈജീരിയൻ ജനതയോട് ആഹ്വാനം ചെയ്തു. ഒസോഗ്ബോ രൂപതയിലെ 'അവർ ലേഡി ആൻഡ് സെന്റ് കിസിറ്റോ പാസ്റ്ററൽ സെന്ററിൽ' നടന്ന 2026-ലെ രണ്ടാമത് പ്ലീനറി സമ്മേളനത്തിന്റെ സമാപനത്തിലാണ് പ്രാര്‍ത്ഥനാദിനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്വതന്ത്രവും നീതിയുക്തവും വിശ്വസനീയവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവരും പ്രവർത്തിക്കണമെന്ന് മെത്രാന്മാർ അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പിന്റെ വിജയത്തിനായി പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രത്യേക ദേശീയ ദിനമായി 2026 ഡിസംബർ 8 ആചരിക്കുമെന്ന് പ്രഖ്യാപിക്കുകയാണെന്നും വോട്ടവകാശമുള്ളവർ തിരഞ്ഞെടുപ്പിൽ പങ്കെടുക്കണമെന്നും സേവനസന്നദ്ധരും യോഗ്യരുമായ നേതാക്കളെ തിരഞ്ഞെടുക്കണമെന്നും മെത്രാന്‍ സമിതി പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.
രണ്ടു മാസം മുന്‍പ് മെത്രാന്മാര്‍ രാജ്യത്തിന്റെ പ്രസിഡന്റ് ബോള അഹമ്മദ് തിനുബുവിനെ സന്ദര്‍ശിച്ചപ്പോള്‍ രാജ്യത്തെ പൊതുജനത്തിന് ഭീഷണിയായി നിൽക്കുന്ന തീവ്രവാദ, അതിക്രമ പ്രവർത്തനങ്ങളില്‍ നൈജീരിയയിലെ ക്രൈസ്തവരുടെ ന്യായമായ ആശങ്കകൾ പരിഹരിക്കണമെന്നും ആഗതമാകുന്ന പൊതുതിരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടിരിന്നു. മുൻപ് ക്രൈസ്തവ, ഇസ്ലാം വിഭാഗങ്ങളിൽനിന്നുള്ളവർ മാറിമാറി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്നുവെങ്കിൽ, നിലവിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവരാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
















