News - 2026
ഇരുനൂറിലധികം കത്തോലിക്ക ദേവാലയങ്ങൾ നാമാവശേഷമായി; ദുരവസ്ഥ വിവരിച്ച് നൈജീരിയന്‍ മെത്രാന്‍
പ്രവാചകശബ്ദം 19-09-2026 - Saturday
മെയ്‌ദുഗുരി: നൈജീരിയയിലെ വടക്കു കിഴക്കൻ മേഖലയിൽ ദീർഘകാലമായി തുടരുന്ന കലാപത്തിനിടെ മെയ്‌ദുഗുരി കത്തോലിക്ക രൂപതയിലുടനീളം ഇരുനൂറിലധികം കത്തോലിക്ക പള്ളികൾ തകർക്കപ്പെട്ടതായി മെയ്‌ദുഗുരി രൂപതയുടെ ഓക്സിലറി ബിഷപ്പ് ജോൺ ബോഗ്ന ബകെനി. ഒസുൻ സംസ്ഥാനത്ത് നടന്ന കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെ പ്ലീനറി സമ്മേളനത്തോടു അനുബന്ധിച്ച് വിശുദ്ധ കുർബാന മധ്യേ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൈജീരിയയിൽ ഏറ്റവും കൂടുതൽ പീഡനങ്ങൾക്ക് ഇരയാകുന്ന സഭാവിഭാഗങ്ങളിലൊന്നായി മെയ്‌ദുഗുരിയിലെ കത്തോലിക്ക രൂപതയെ വിശേഷിപ്പിച്ച ബിഷപ്പ് ബകെനി വർഷങ്ങളായി തുടരുന്ന അക്രമം, നാശനഷ്ടങ്ങൾ, പലായനം, ജനസമൂഹങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ എന്നിവയ്ക്കിടയിലും രൂപത അതിജീവനം തുടരുകയാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ബോംബാക്രമണങ്ങളും വെടിവയ്പ്പുകളും നിലനിൽക്കുന്ന ഭീകരാന്തരീക്ഷത്തിലും ജനങ്ങൾ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ബിഷപ്പ് പറഞ്ഞു.
ഭീഷണികൾക്കിടയിലും പള്ളികളിൽ ആളുകൾ പ്രാർത്ഥനയ്ക്കായി എത്തുന്നുണ്ട്. വിശ്വാസം ഉപേക്ഷിക്കാനുള്ള സമ്മർദ്ധങ്ങളെ അതിജീവിച്ചാണ് പലരും സഭയോടൊപ്പം നിലകൊള്ളുന്നത്. പ്രതിസന്ധികൾക്കിടയിലും ദൈവകൃപയില്‍ ആശ്രയിച്ചാണ് സഭ അതിജീവന പാതയില്‍ നിലനിൽക്കുന്നതെന്ന് പറഞ്ഞ ബിഷപ്പ്, സമാധാനം നിലനിൽക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ ആ സ്വാതന്ത്ര്യത്തെ വിലമതിക്കണമെന്നും അക്രമബാധിത മേഖലകളിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും അഭ്യർത്ഥിച്ചു. കൊലപാതകവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ കൊണ്ട് ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ പൊറുതി മുട്ടിയ രാജ്യമാണ് നൈജീരിയ.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















