News
മൂന്ന് ചെറുപ്പക്കാർ കൊളുത്തിയ വചനജ്വാല ഇന്നു മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബൈബിൾ പഠന കൂട്ടായ്മ
പ്രവാചകശബ്ദം 07-09-2026 - Monday
ബെയ്റൂട്ട്: ഒരു വർഷം മുമ്പ് ലെബനോനിൽ മൂന്ന് കത്തോലിക്ക യുവജനങ്ങള്‍ ചേർന്ന് ആരംഭിച്ച ബൈബിൾ പഠന കൂട്ടായ്മ ഇന്നു മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ബൈബിൾ പഠന പ്രസ്ഥാനം. അന്റേലിയാസ് കേന്ദ്രീകരിച്ച് ആരംഭിച്ച ബൈബിള്‍ പഠന കൂട്ടായ്മയിൽ നിലവിൽ മൂവായിരത്തിലധികം ആളുകളാണ് സജീവമായി പങ്കാളികളാകുന്നത്. അന്റേലിയാസിലെ മാരോണൈറ്റ് അതിരൂപതയുടെ പൂർണ്ണ പിന്തുണയോടെയാണ് ഷാർബെൽ എൽ ഹാജ്, ഷായാ, മജ്ദ് സമിയ എന്നീ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുന്‍പ് ഈ മുന്നേറ്റം ആരംഭിച്ചത്.
കത്തോലിക്ക വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ബൈബിൾ പഠന കൂട്ടായ്മയായിട്ടാണ് ആരംഭിച്ചതെങ്കിലും, ഇതിന്റെ സ്വീകാര്യത ഇന്നു കത്തോലിക്കരിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളിൽപെട്ട ക്രൈസ്തവരും മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ഇതര മതസ്ഥരും ഈ കൂട്ടായ്മകളിൽ സ്ഥിരമായി പങ്കാളികളാകുന്നുണ്ടെന്ന് സംഘാടകർ പറയുന്നു. ബൈബിൾ പഠനത്തിലൂടെ പ്രചോദനം ഉൾക്കൊണ്ട് ചിലർ മാമോദീസ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതായും സംഘാടകനായ ഷായാ വെളിപ്പെടുത്തി.
യുവജനങ്ങളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയതെങ്കിലും, "എല്ലാവർക്കും യേശുവിനെ ആവശ്യമുണ്ട്" എന്നുള്ള ബോധ്യത്തില്‍ പഠന ക്ലാസുകളിൽ പങ്കെടുക്കാൻ പ്രായപരിധി വച്ചിരിന്നില്ലായെന്നു സംഘാടകരിൽ ഒരാളായ മജ്ദ് സമിയ പറഞ്ഞു. ദൈവവചനം ആഴത്തിൽ അറിയാനുള്ള ഏവരുടെയും വലിയ ദാഹമാണ് ഈ വൻ പങ്കാളിത്തത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങള്‍ മുന്നോട്ടുവെച്ച പദ്ധതിയ്ക്കു വലിയ പിന്തുണ ലഭിച്ച പശ്ചാത്തലത്തിൽ, ലെബനോന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതൽ സമയങ്ങളിലും ദിവസങ്ങളിലുമായി ക്ലാസുകൾ വ്യാപിപ്പിക്കുകയാണ് സംഘാടകർ.
മിഡിൽ ഈസ്റ്റിലെ മറ്റ് അയൽ രാജ്യങ്ങളിലേക്കും ഈ ബൈബിൾ പഠന കൂട്ടായ്മ വ്യാപിപ്പിക്കാൻ പദ്ധതിയുള്ളതായി ഷാർബെൽ എൽ ഹാജ് അറിയിച്ചു. മധ്യപൂർവ്വദേശത്ത് വലിയ ഭീഷണിയും പ്രതിസന്ധിയും നേരിടുന്ന ജനതയ്ക്കു വിശുദ്ധ ഗ്രന്ഥത്തില്‍ ആഴപ്പെടുവാനും ദൈവവചനം ശരിയായ വിധത്തില്‍ മനസിലാക്കാനും ഗ്രഹിക്കാനും പ്രതീക്ഷ പകരുന്നതാണ് പദ്ധതി.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















