Daily Saints.

October 05: വിശുദ്ധ ഫൗസ്റ്റീന കൊവാൾസ്ക

സ്വന്തം ലേഖകന്‍ 05-10-2024 - Saturday

1905 ആഗസ്റ്റ് 25ന് പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് വിശുദ്ധ ജനിച്ചത്. ഹെലെന എന്ന ജ്ഞാനസ്നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളിൽ ഒരാളായിരിന്നു. അവൾക്ക് 15 വയസ്സുള്ളപ്പോൾ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടുജോലിക്ക് പോയി. അവൾക്ക് 18 വയസ്സായപ്പോഴേക്കും ക്രിസ്തുവിനെ സേവിച്ചുള്ള ജീവിതത്തിനായി ദൈവം തന്നെ വിളിക്കുകയാണെന്ന് അവൾക്കുറപ്പായി. പക്ഷേ അവളുടെ മാതാപിതാക്കൾ അവളുടെ ഈ ആഗ്രഹത്തിനെതിരായിരുന്നതിനാൽ അവൾ ഈ ആഗ്രഹം തന്റെ മനസ്സിൽ നിന്നും ഉപേക്ഷിച്ചു. ഗ്രാമത്തിലെ നൃത്തത്തിനിടക്ക് മുഴങ്ങികൊണ്ടിരുന്ന പോൾക ഒരു രാത്രിയിൽ ദുഃഖിതനും വേദനിക്കുന്നവനുമായ ക്രിസ്തുവിനെ കണ്ടു.

അടുത്ത ദിവസം തന്നെ ഒരു ചെറിയ ബാഗിൽ തന്റെ സാധനങ്ങളുമെടുത്ത് അവൾ തലസ്ഥാന നഗരിയായ വാഴ്സോയിലേക്ക് പോവുകയും 'കാരുണ്യ മാതാവിന്റെ സോദരിമാർ' എന്ന മഠത്തിൽ ചേരുകയും സിസ്റ്റർ മേരി ഫൗസ്റ്റിന എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഏതാണ്ട് 10 വർഷത്തിന് ശേഷം ഫൗസ്റ്റിനക്ക് ക്ഷയരോഗം പിടിപ്പെട്ടു. തന്റെ ചുമതലയായ ഉദ്യാനപാലനത്തിനു പോലും കഴിയാത്തത്ര ക്ഷീണിതയായതിനാൽ അവള്‍ക്ക് കവാട കാവൽക്കാരിയുടെ ജോലി നല്കപ്പെട്ടു.

തന്റെ പുതിയ സേവന മേഖലയെ അവള്‍ കരുണാര്‍ദ്രമാക്കി. ഭക്ഷണം ആവശ്യപ്പെട്ട് വരുന്ന പാവങ്ങളെ സഹായിക്കുന്നതിനവൾക്ക് സാധിച്ചു. ഒരിക്കൽ പാവപ്പെട്ട ഒരു യുവാവായി യേശു അവളുടെ വാതിൽക്കൽ വന്നു. അവൾ കൊടുത്ത സൂപ്പും ഭക്ഷണവും കഴിഞ്ഞപ്പോളാണ് അവൾക്ക് യേശുവിനെ മനസ്സിലായത്. അവളുടെ കാരുണ്യവും സ്നേഹവും നിമിത്തം വളരെയേറെ ആനന്ദം അനുഭവിച്ചെന്നാണ് യേശു അവളോടു പറഞ്ഞത്.

1931 ഫെബ്രുവരി 22ന് ദിവ്യകാരുണ്യ നാഥനായ യേശു വിശുദ്ധക്ക് പ്രത്യക്ഷപ്പെട്ടു. അവൾ യേശുവിനെ ദർശിച്ച പ്രകാരമുള്ള തൂവെള്ള വസ്ത്രമണിഞ്ഞ, ചുവപ്പും വെളുപ്പും ഇടകലർന്ന പ്രകാശം വമിക്കുന്ന തിരുഹൃദയത്തോട് കൂടിയ ഒരു ചിത്രം വരക്കുവാൻ കര്‍ത്താവ് അവളോടു ആവശ്യപ്പെട്ടു. ക്രൂശിതനായ ക്രിസ്തുവിന്റെ മാറിടത്തിൽ നിന്നും ഒഴുകിയ രക്തത്തെയും വെള്ളത്തെയുമാണ്‌ ഈ രശ്മികൾ പ്രതിനിധീകരിക്കുന്നത്.

യേശു തനിക്ക് പ്രത്യക്ഷപ്പെട്ട് നല്കിയ സംഭവത്തില്‍ പലരും അവളെ ആദ്യം വിശ്വസിച്ചിരുന്നില്ല. വിദ്യാഭ്യാസം പോലുമില്ലാത്ത പാവപ്പെട്ട കർഷക കുടുംബത്തിലെ അംഗമായ അവളെ യേശു ഇത്തരമൊരു മഹത്തായ കാര്യത്തിന് തിരഞ്ഞെടുക്കുവാൻ തീരെ സാധ്യതയില്ല എന്നാണ് അവളുടെ മഠത്തിലെ മറ്റ് സഹോദരിമാർപോലും കരുതിയത്. പലപ്പോഴും മഠത്തിലെ അധികാരികൾ പലപ്പോഴും യേശുവിന്റെ അപേക്ഷകൾ സാധിക്കുവാൻ അവളെ അനുവദിച്ചിരുന്നില്ല.

പള്ളിയിലെ വേദപാരംഗതന്മാർപോലും അവളുടെ വാക്കുകളെ സംശയിച്ചിരുന്നു. അവളുടെ വിധേയത്വം തന്നെ പ്രീതിപ്പെടുത്തിയെന്നും അതിനാൽ തന്നെ അവസാനം തന്റെ പദ്ധതി അവളിലൂടെ തന്നെ നിറവേറ്റപ്പെടുമെന്നും യേശു അവളെ അറിയിച്ചു. 1934 ജൂണിൽ ദിവ്യകാരുണ്യത്തിന്റെ ഈ ചിത്രം പൂർത്തിയാക്കി. അധികം താമസിയാതെ ഈ ചിത്രം ഭക്തിയുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിന് താഴെയായി 'യേശുവേ, നിന്നിൽ ഞാൻ വിശ്വസിക്കുന്നു' എന്ന് ആലേഖനം ചെയ്തിരുന്നു. യേശുവിന്റെ പ്രത്യക്ഷപ്പെടലുകളെ കുറിച്ച് ഫൗസ്റ്റിന തന്റെ ഡയറിയിൽ നിരന്തരം രേഖപ്പെടുത്തി കൊണ്ടിരുന്നു.

1938 ഒക്ടോബർ 5നു മുപ്പത്തി മൂന്നാം വയസ്സില്‍ അവള്‍ ദൈവസന്നിധിയിലേക്ക് യാത്രയായി. 2000 ഏപ്രിൽ 30ന് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ ഫൗസ്റ്റിനയെ വിശുദ്ധയായി പ്രഖ്യാപിച്ചു. അനശ്വരതയോളം പഴക്കമുള്ള ഒരു സന്ദേശം ആധുനിക ലോകത്തിന് പകർന്നു നൽകുവാനാണ് യേശു അവളെ തിരഞ്ഞെടുത്തത്. സകല മനുഷ്യരോടും പ്രത്യേകിച്ച് പാപികളോടുള്ള യേശുവിന്റെ സ്നേഹമായിരുന്നു അവളുടെ ജീവിതത്തിലൂടെ പുറത്തു പ്രകടമായത്.

ഇതര വിശുദ്ധര്‍

1. ടെവേസ്സിലെ അലക്സാണ്ടര്‍

2. വാലന്‍സ് ബിഷപ്പായിരുന്ന അപ്പൊളിനാരിസ്

3. സ്പെയിനിലെ അറ്റിലാനൂസ്

4. ടെവെസിലെ പത്മാസിയൂസ് ബോനിഫസ്

5. അമീസുസില്‍ വച്ചു വധിക്കപ്പെട്ട കരിത്തീനാ

6. ഫ്രാന്‍സിലെ ഫിര്‍മാത്തൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »