News - 2026

ആഘോഷങ്ങളില്ലാതെ ലെയോ പാപ്പയുടെ 71-ാം ജന്മദിനം

പ്രവാചകശബ്ദം 15-09-2026 - Tuesday

വത്തിക്കാന്‍ സിറ്റി: പ്രത്യേകിച്ച് ആഘോഷങ്ങള്‍ യാതൊന്നുമില്ലാതെ ലെയോ പാപ്പയുടെ ജന്മദിനം ലളിതമായി കൊണ്ടാടി. തിങ്കളാഴ്ച വത്തിക്കാൻ അപ്പസ്തോലിക് ലൈബ്രറിയിൽ ജലത്തെ ആസ്പദമാക്കിയുള്ള ഒരു കലാപ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മാർപാപ്പ തന്റെ 71-ാം ജന്മദിനം ചെലവഴിച്ചത്. അപ്പസ്തോലിക് ലൈബ്രറി സന്ദർശനത്തിനിടെ കർദ്ദിനാളുമാരുടെ സാന്നിധ്യത്തിൽ മാർപാപ്പ കേക്ക് മുറിച്ചുവെങ്കിലും മറ്റ് ആഘോഷങ്ങള്‍ ഒന്നുമില്ലായിരിന്നു. "ദുരന്തവും അത്ഭുതവും" എന്ന പ്രമേയത്തിന്റെ ഭാഗമായുള്ള "അക്വ" എന്ന പേരിലുള്ള പ്രദർശനമാണ് പാപ്പ ജന്മദിനത്തില്‍ ഉദ്ഘാടനം ചെയ്തത്.

അടുത്ത വര്‍ഷം മെയ് 14 വരെ ഈ പ്രദർശനം വത്തിക്കാൻ ലൈബ്രറിയിൽ ഉണ്ടാകും. "ജലം ഒരു ഭീഷണിയും അതേസമയം ഒരു വിഭവവും" എന്ന ആശയത്തെ മുൻനിർത്തിയുള്ള കലാസൃഷ്ടികളാണ് ഇതിൽ ഉൾപ്പെടുന്നത്. ജന്മദിനത്തോടനുബന്ധിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ, സഭാമേധാവികൾ എന്നിവർ മാർപാപ്പയ്ക്ക് ജന്മദിനാശംസകൾ നേർന്നു. 1955 സെപ്റ്റംബർ 14ന് അമേരിക്കയിലെ ഷിക്കാഗോയിലാണ് ലെയോ പതിനാലാമൻ മാർപാപ്പ ജനിച്ചത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »