News - 2026
ജർമ്മനിയില്‍ വിശുദ്ധ കുർബാനയ്ക്കിടെ പള്ളിയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം
പ്രവാചകശബ്ദം 17-09-2026 - Thursday
മ്യൂണിക്ക്: ജർമ്മനിയിലെ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ കുർബാന നടന്നുകൊണ്ടിരിക്കെ പടക്ക, തീപിടിത്ത സാമഗ്രികൾ ഉപയോഗിച്ച് ആക്രമണം. അജ്ഞാതർ പടക്കങ്ങളും തീപ്പന്തങ്ങളും എറിഞ്ഞുക്കൊണ്ടായിരിന്നു ആക്രമണം. മ്യൂണിക്-ഫ്രെയ്‌സിംഗ് അതിരൂപതയ്ക്കു കീഴിലുള്ള ഹാറിനടുത്ത സീർസിയിലെ സെൻ്റ് ബോനിഫസ് പള്ളിയിൽ ഒന്നാം ക്ലാസുകാരായ വിദ്യാർത്ഥികൾക്കുവേണ്ടിയുള്ള പ്രത്യേക വിശുദ്ധ കുർബാനയും ആശീർവാദ പ്രാർത്ഥനയും നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. സമയബന്ധിതമായ ഇടപെടൽ മൂലം വൻ അപകടവും നാശനഷ്ടങ്ങളും ഒഴിവായി.
വിശുദ്ധ കുർബാന പുരോഗമിക്കുന്നതിനിടെ ദേവാലയത്തിന്റെ പ്രവേശന കവാടത്തിലേക്ക് കടന്ന അജ്ഞാതർ, തീ കൊളുത്തിയ വസ്തു അകത്തേക്ക് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രാർത്ഥനയിൽ പങ്കെടുത്ത ഒരാൾ സമയോചിതമായി ഇടപെട്ട് കത്തുന്ന വസ്തു സമീപത്തെ അലങ്കാര ജലാശയത്തിലേക്ക് എടുത്തു എറിയുകയായിരിന്നു. ഇതിനാൽ ആർക്കും പരിക്കേൽക്കുകയോ ദേവാലയത്തിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തില്ല.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അഞ്ചോളം സ്ഥലങ്ങളിൽ സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഒരു വ്യാപാര സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിലും മൂന്ന് വീടുകളുടെ ബാൽക്കണികളിലേക്കും ഇത്തരത്തിൽ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞിട്ടുണ്ട്. ഏകദേശം 14 വയസ്സ് പ്രായം തോന്നിക്കുന്ന കൗമാരക്കാരനാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുറ്റവാളികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















