News

വിശുദ്ധ നാടുകളെ ബന്ധിപ്പിച്ച് ഏകീകൃത തീർത്ഥാടന പാതയ്ക്കു ഇടപെടല്‍ തേടി ജോർദാൻ പാത്രിയാർക്കൽ വികാരി

പ്രവാചകശബ്ദം 07-10-2026 - Wednesday

അമ്മാൻ: ജോർദാൻ വിശുദ്ധ നാടിന്റെ അവിഭാജ്യ ഘടകമാണെന്നും മേഖലയിലെ പുണ്യസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഏകീകൃത തീർത്ഥാടന പാത രൂപീകരിക്കണമെന്നും ജോർദാനിലെ ലാറ്റിൻ പാത്രിയാർക്കൽ വികാരി ബിഷപ്പ് ഇയാദ് ത്വാൽ. ഇഡബ്ല്യുടിഎൻ ന്യൂസിന്റെ അറബിക് പതിപ്പായ 'എസിഐ മെന'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജോര്‍ദാന്‍ നദിയിൽ യേശുക്രിസ്തുവിന്റെ മാമ്മോദീസ നടന്നതിന്റെ 2000-ാമത് വാർഷികം ആഘോഷിക്കുന്ന 2030-ല്‍ ആഗോള ക്രൈസ്തവ തീർത്ഥാടന ഭൂപടത്തിൽ ജോർദാന്റെ പ്രാധാന്യം കൂടുതൽ ഉറപ്പിക്കാനുള്ള സുവർണാവസരമാണെന്ന് ബാപ്റ്റിസം സൈറ്റ് കമ്മീഷൻ ബോർഡ് അംഗം കൂടിയായ ബിഷപ്പ് ചൂണ്ടിക്കാട്ടി.

ജോർദാനിലെയും പലസ്തീനിലെയും പുണ്യസ്ഥലങ്ങൾ പരസ്പരം കോർത്തിണക്കപ്പെട്ട ഒരൊറ്റ ആത്മീയ യാത്രയുടെ ഭാഗമാണ്. തീർത്ഥാടകരെ ആകർഷിക്കാൻ രാജ്യങ്ങൾ തമ്മിൽ മത്സരിക്കുകയല്ല, മറിച്ച് വിശ്വാസത്തിന്റെ ആഴമേറിയ പങ്കുവെക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിശുദ്ധ നാടുകൾ കേവലം സന്ദർശിക്കാനുള്ള ഇടങ്ങളല്ല, മറിച്ച് 'രക്ഷാകര ചരിത്രത്തിന്റെ ഭൂമിശാസ്ത്ര'മാണ്. ടൂറിസം വികസനമോ വാണിജ്യ താത്പര്യങ്ങളോ ഇവയുടെ ആത്മീയ മൂല്യത്തെ മറികടക്കരുത്. പുണ്യസ്ഥലങ്ങളെ വെറും വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റാതെ, തീർത്ഥാടകരുടെ ആത്മീയ അനുഭവത്തെ സമ്പന്നമാക്കുന്ന രീതിയിലാവണം അടിസ്ഥാന സൗകര്യ വികസനമെന്നും ബിഷപ്പ് പറഞ്ഞു.

മേഖലയില്‍ സമാധാനം സംജാതമായി സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ ഈജിപ്ത്, ജോർദാൻ, ബെത്‌ലഹേം, ജറുസലേം, നസ്രത്ത് എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് സമ്പൂർണ തീർത്ഥാടന യാത്ര സാധ്യമാക്കേണ്ടതുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി. 2030-ലെ വാർഷിക ഒരുക്കങ്ങൾക്കായി ജോർദാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല ദേശീയ സമിതി രൂപീകരിച്ച ജോർദാൻ ഭരണകൂടത്തിന്റെ നടപടിയെ ബിഷപ്പ് ഇയാദ് ത്വാൽ പ്രശംസിച്ചു. 2030-ലെ ഈ ആചരണം 2033-ലെ ക്രിസ്തുവിന്റെ ഉയിർപ്പു തിരുനാളിന്റെ 2000-ാം വാർഷികം വരെയുള്ള യാത്രയുടെ തുടക്കമായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »