News - 2026

വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യമല്ല: ഐക്യരാഷ്ട്ര സഭയില്‍ വത്തിക്കാൻ

പ്രവാചകശബ്ദം 19-09-2026 - Saturday

ജനീവ: ഓരോ വ്യക്തിയും ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്നും വിദ്വേഷം നിറഞ്ഞ നിലപാടുകൾക്കോ പ്രത്യയശാസ്ത്രങ്ങൾക്കോ മനുഷ്യന്റെ അന്തസ്സ് ഇകഴ്ത്താൻ സാധ്യമല്ലെന്നും ഐക്യരാഷ്ട്രസഭയിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എൽ കാസ്സിസ്. സെപ്റ്റംബർ 17-ന് ന്യൂയോർക്കിൽ നടന്ന, 'വിദ്വേഷ പ്രസംഗങ്ങളെ ചെറുക്കുന്നതിൽ മതാന്തര-സാംസ്കാരിക സംഭാഷണങ്ങളും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യാന്തസ്സുമായി ബന്ധപ്പെട്ട ഈ അടിസ്ഥാന സത്യത്തിൽ നിന്നാണ് അസഹിഷ്ണുത, വിവേചനം, വിദ്വേഷ പ്രസംഗം തുടങ്ങിയവയെ തള്ളിക്കളയേണ്ട ധാർമ്മിക അനിവാര്യത ഉണ്ടാകുന്നത്. ഇവ മനുഷ്യകുടുംബത്തെ മുറിപ്പെടുത്തുകയും സമാധാനപരമായ സഹവർത്തിത്വത്തെ തകർക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ മാനുഷികമായ ഒരു സംസ്കാരം കെട്ടിപ്പടുക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ആദ്യ കാര്യം സ്വന്തം വാക്കുകളെക്കുറിച്ച് ബോധവാന്മാരാവുക എന്നതാണെന്നും വാക്കുകൾക്ക് വലിയ ശക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതം, വംശം, ദേശം തുടങ്ങി ഏതു കാരണത്തിന്റെ പേരിലായാലും വ്യക്തികൾക്കോ സമൂഹങ്ങൾക്കോ നേരെ നടത്തുന്ന എല്ലാ വിദ്വേഷ പ്രസംഗങ്ങളും 'അയൽക്കാരനെ സ്നേഹിക്കുക' എന്ന ക്രിസ്തുവിന്റെ കല്പനയ്ക്ക് വിരുദ്ധമാണ്. അത് പൊതു സംവാദങ്ങളെ വിഷലിപ്തമാക്കുകയും ഭിന്നതകൾ ആളിക്കത്തിക്കുകയും പലപ്പോഴും അക്രമത്തിനും പീഡനത്തിനും വഴിയൊരുക്കുകയും ചെയ്യുന്നുവെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി പറഞ്ഞു. അക്രമമോ വിദ്വേഷമോ ആളിക്കത്തിക്കുന്ന വാക്കുകൾക്കോ പ്രസംഗങ്ങൾക്കോ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം അവകാശപ്പെടാനാവില്ലെന്നും, സ്വാതന്ത്ര്യം നിലനിൽക്കാൻ ആവശ്യമായ സാഹചര്യങ്ങളെത്തന്നെയാണ് അവ ദുർബലപ്പെടുത്തുന്നതെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »