News

മെക്സിക്കോയിൽ കത്തോലിക്ക വൈദികൻ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മെത്രാന്മാര്‍

പ്രവാചകശബ്ദം 18-09-2026 - Friday

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഹിദാൽഗോ സംസ്ഥാനത്തിൽ കത്തോലിക്ക വൈദികന്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മെക്സിക്കൻ ബിഷപ്പുമാർ. ഹുയെഹുത്‌ല രൂപതയിലെ സാന്താ ക്രൂസ് ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരിന്ന ഫാ. റോമൻ ഡി ഹെർണാണ്ടസിന്റെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് മെക്സിക്കൻ ബിഷപ്പുമാർ രംഗത്ത് വന്നിരിക്കുന്നത്. ലോലോത്‌ല ജില്ലയിലെ തൊലാഗോ-തെത്‌ലപായ ഹൈവേയോട് ചേർന്നുള്ള ഭാഗത്ത് നിന്നാണ് വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ ഫാ. റോമന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കടുത്ത അമർഷവും ദുഃഖവും രേഖപ്പെടുത്തിയ മെക്സിക്കൻ ബിഷപ്പ്സ് കോൺഫറൻസ് (CEM), കൊലപാതകത്തെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ഭരണകൂടത്തോടും അന്വേഷണ ഏജൻസികളോടും ആവശ്യപ്പെട്ടു. ഹുയെഹുത്‌ല ബിഷപ്പ് ജോസ് ഹിരായിസ് അക്കോസ്റ്റ ബെൽട്രാൻ, രൂപതയിലെ വിശ്വാസികൾ, വൈദികർ, സന്യസ്തർ എന്നിവർക്കൊപ്പമുള്ള തങ്ങളുടെ ഐക്യദാർഢ്യം മെക്സിക്കൻ മെത്രാൻ സമിതി അറിയിച്ചു.



കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് നീതി ഉറപ്പാക്കണമെന്ന് ദേശീയ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിലും അരക്ഷിതാവസ്ഥയിലും ബിഷപ്പ് ജോസ് ഹിരായിസ് അക്കോസ്റ്റ ബെൽട്രാൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. ലാറ്റിനമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ വൈദികർക്കു നേരെയുള്ള അതിക്രമങ്ങൾ സമീപകാലത്തായി വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വൈദികർ കൊല്ലപ്പെടുന്ന രാജ്യമാണ് മെക്സിക്കോ.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »