News - 2026

ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി 40 ദിവസത്തെ പ്രാർത്ഥനായജ്ഞത്തിന് ആരംഭം

പ്രവാചകശബ്ദം 28-09-2026 - Monday

വാഷിംഗ്ടൺ ഡി‌സി: അമേരിക്കയിലുടനീളം ഗർഭസ്ഥ ശിശുക്കളുടെ ജീവന്റെ സംരക്ഷണത്തിനായി ‘40 ഡെയ്‌സ് ഫോർ ലൈഫ്’ എന്ന പ്രോലൈഫ് സംഘടനയുടെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രാർത്ഥാനാ യജ്ഞത്തിന് തുടക്കമായി. സെപ്റ്റംബർ 23 മുതൽ നവംബർ 1 വരെയാണ് ഈ വർഷത്തെ 40 ദിവസത്തെ ക്യാമ്പയിൻ നടക്കുന്നത്. അമേരിക്കയിലെയും ലോകത്തിലെ വിവിധ രാജ്യങ്ങളിലെയും ഗർഭഛിദ്ര ക്ലിനിക്കുകൾക്ക് മുന്നിൽ സമാധാനപരമായ പ്രാർത്ഥനകളും ഉപവാസവും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്.

ഈ വർഷത്തെ ക്യാമ്പയിനിൽ ഗർഭഛിദ്ര മരുന്നുകൾക്കെതിരായ പ്രചാരണങ്ങൾക്കാണ് സംഘടന മുൻഗണന നൽകുന്നതെന്ന് ‘40 ഡെയ്‌സ് ഫോർ ലൈഫ്’ പ്രസിഡന്റും സി.ഇ.ഒയുമായ ഷോൺ കാർണി ഇ.ഡബ്ല്യു.ടി.എൻ ന്യൂസിനോട് വ്യക്തമാക്കി. ഗർഭഛിദ്ര ഗുളികകൾ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനൊപ്പം ‘അബോർഷൻ പിൽ റിവേഴ്‌സൽ’ സംവിധാനത്തിലൂടെ നിരവധി കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സംഘടനയ്ക്കു സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന്റെ ഭാഗമായി സാൻ ഫ്രാൻസിസ്കോ, ഫിലാഡൽഫിയ, ബോസ്റ്റൺ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ദേശീയതലത്തിൽ ബിൽബോർഡുകൾ സ്ഥാപിച്ചുകൊണ്ടുള്ള വിപുലമായ പ്രചാരണ പരിപാടികളും സംഘടന ആരംഭിച്ചിട്ടുണ്ട്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ 40 ദിവസത്തെ പ്രാര്‍ത്ഥന, ഉപവാസം, കൂട്ടായ്മ എന്നിവയിലൂടെ പ്രാദേശിക തലത്തില്‍ വെച്ച തന്നെ ഭ്രൂണഹത്യ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഏകോപിത അന്താരാഷ്ട്ര പ്രചാരണ പരിപാടിയാണ് '40 ഡെയ്സ് ഫോര്‍ ലൈഫ്'. 2007-ല്‍ അമേരിക്കയിലാണ് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസ്ഥാനം ആരംഭിക്കുന്നത്. 63 രാജ്യങ്ങളിലായി ആയിരത്തില്‍പരം നഗരങ്ങളില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »