News

ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയ രക്തസാക്ഷിയുടെ നാമത്തിൽ ആദ്യത്തെ കത്തോലിക്ക ഇടവക അമേരിക്കയിൽ

പ്രവാചകശബ്ദം 08-09-2026 - Tuesday

ടെക്സാസ്: ലിബിയയിൽ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഘാന സ്വദേശി മാത്യു അയാരിഗയുടെ നാമത്തിലുള്ള ലോകത്തിലെ ആദ്യത്തെ കത്തോലിക്കാ ഇടവക അമേരിക്കയിലെ ടെക്സാസിൽ സ്ഥാപിതമായി. 2015 ഫെബ്രുവരി 15-ന് ലിബിയയിലെ സിർട്ടെയില്‍വെച്ച് 20 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികൾക്കൊപ്പമാണ് മാത്യു അയാരിഗയും കൊല്ലപ്പെട്ടത്. ക്രിസ്തുവിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് ഭീകരർ മാത്യു അയാരിഗയെ വധിച്ചത്. 2023-ൽ ഫ്രാൻസിസ് പാപ്പ ഈ 21 രക്തസാക്ഷികളെയും കത്തോലിക്കാ സഭയുടെ ഔദ്യോഗിക രക്തസാക്ഷി പട്ടികയായ റോമൻ രക്തസാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ഫോർട്ട് വർത്ത് രൂപതയിലെ ആർലിംഗ്ടണിൽ സ്ഥാപിതമായ ഈ പുതിയ ഇടവകയുടെ പ്രഖ്യാപനം ബിഷപ്പ് മൈക്കൽ ഓൾസണാണ് നടത്തിയത്. അമേരിക്കയിലെ ആദ്യത്തെ ഘാന ദേശീയ കത്തോലിക്കാ ഇടവക എന്ന പ്രത്യേകതയും ഈ ദേവാലയത്തിനുണ്ട്. വിശ്വാസത്തിന് വേണ്ടി ജീവൻ നൽകിയ മാത്യു അയാരിഗയുടെ ധീരമായ സാക്ഷ്യത്തിന് ലഭിച്ച വലിയ അംഗീകാരമായാണ് ഈ പുതിയ ഇടവകയെ വിശ്വാസികൾ കാണുന്നത്.

2015 ഫെബ്രുവരി 12ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ 'ഡാബിക്'ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്.

ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. യേശുവിന് വേണ്ടി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തിയിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »