News

വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ നിയമത്തിനെതിരെ യുഎസിൽ പോരാട്ടം തുടര്‍ന്ന് കത്തോലിക്ക സഭ

പ്രവാചകശബ്ദം 01-10-2026 - Thursday

വാഷിംഗ്ടൺ ഡി‌സി: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യ (Assisted Suicide) നിയമങ്ങൾക്കെതിരെ ശക്തമായ നിയമപോരാട്ടവുമായി കത്തോലിക്ക സഭാനേതൃത്വവും സന്യാസിനീ സമൂഹങ്ങളും. രോഗികളുടെ ജീവനൊടുക്കാൻ കൂട്ടുനിൽക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച കത്തോലിക്ക ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാനായി നൽകിയ ഹർജികളിൽ ന്യൂയോർക്ക്, ഇല്ലിനോയി സംസ്ഥാനങ്ങളിൽ കത്തോലിക്ക സഭയ്ക്ക് ഫെഡറൽ കോടതികളിൽ നിന്ന് നിർണായകമായ ഇടക്കാല ആശ്വാസം ലഭിച്ചു.

ന്യൂയോർക്കിൽ റോക്ക്‌വിൽ സെന്റർ ബിഷപ്പ് ജോൺ ബാരസും നാല് സന്യാസിനീ സമൂഹങ്ങളും നൽകിയ ഹർജിയിൽ, അന്തിമ വിധി വരുന്നതുവരെ പുതിയ ആത്മഹത്യാ നിയമം നടപ്പിലാക്കുന്നത് ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ആൻ നാർഡാച്ചി തടഞ്ഞിരിന്നു. ഇല്ലിനോയിയിൽ സ്പ്രിംഗ്ഫീൽഡ് ബിഷപ്പ് തോമസ് പാപ്റോക്കി, ക്രിസ്ത്യൻ ഡോക്ടർമാർ, ലൂഥറൻ കെയർ ഹോം എന്നിവർ നൽകിയ ഹർജിയിലും സമാനമായ വിധി ഉണ്ടായി. തുടർന്ന് ഷിക്കാഗോ അതിരൂപതയും ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ദ പുവർ ഉൾപ്പെടെയുള്ള സന്യാസിനീ സമൂഹങ്ങളും നൽകിയ മറ്റൊരു കേസിലും നിയമം നടപ്പിലാക്കുന്നതിന് കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു.

അതേസമയം നിയമങ്ങൾ ശാശ്വതമായി റദ്ദാക്കണമെന്ന് ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബ്ലെയ്സ് കുപിച്ച് ആവശ്യപ്പെട്ടു. സഭയുടെ വിശ്വാസപരമായ പ്രബോധനങ്ങൾ അക്രൈസ്തവരുടെ മേൽ അടിച്ചേൽപ്പിക്കാനല്ല, മറിച്ച് സ്വന്തം മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആരോഗ്യ പ്രവർത്തകരെ ഭരണകൂടം നിർബന്ധിക്കുന്നത് തടയാനാണ് തങ്ങൾ കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവൻ നൽകുക എന്ന ക്രിസ്തുവിന്റെ സൗഖ്യദായക ദൗത്യമാണ് കത്തോലിക്കാ ആരോഗ്യ ശുശ്രൂഷയുടെ അന്തസ്സത്തയെന്നും, രോഗികൾക്ക് മരണം വിധിക്കാൻ തങ്ങളെ നിർബന്ധിക്കുന്നത് ഈ ദൗത്യത്തിന് വിരുദ്ധമാണെന്നും ബിഷപ്പ് തോമസ് പാപ്റോക്കി ചൂണ്ടിക്കാട്ടി.

ഗുരുതര രോഗങ്ങളുള്ള പ്രായപൂർത്തിയായവർക്കായി കൊണ്ടുവരുന്ന ഇത്തരം നിയമങ്ങൾ പിൽക്കാലത്ത് വിഷാദരോഗം ബാധിച്ച ചെറുപ്പക്കാരിലേക്കും കുട്ടികളിലേക്കും വരെ വ്യാപിപ്പിക്കുന്ന വിദേശ രാജ്യങ്ങളിലെ പ്രവണതകളെ സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. സഹായത്തോടെയുള്ള ആത്മഹത്യ എന്നത് "വ്യാജമായ കാരുണ്യം" ആണെന്നും നിയമപരമായതെല്ലാം ധാർമ്മികമായി ശരിയാകണമെന്നില്ലെന്നും പാപ്പ അടുത്തിടെ ഓർമ്മിപ്പിച്ചിരുന്നു. കേസ് നിലവിൽ ഫെഡറൽ കോടതികളിലാണെങ്കിലും ഭാവിയിൽ യു.എസ് സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. ( ദൈവീക ദാനമായ മനുഷ്യജീവൻ ജനനം മുതൽ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യണമെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നത്..)

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »