News
തകർച്ചയിലേക്ക് നയിക്കും: ഇറ്റാലിയന്‍ പ്രവിശ്യയിലെ ദയാവധ നിയമത്തിനെതിരെ വെനീസ് പാത്രിയാർക്കീസ്
പ്രവാചകശബ്ദം 05-09-2026 - Saturday
വെനീസ്: ഡോക്ടർമാരുടെ സഹായത്തോടെയുള്ള, ദയാവധ നിയമത്തിനു അംഗീകാരം നൽകിയുള്ള ഇറ്റലിയയിലെ വേനെത്തോ പ്രവിശ്യയുടെ നിലപാടില്‍ പ്രതിഷേധം അറിയിച്ച് വെനീസ് പാത്രിയാർക്കീസ് ആര്‍ച്ച് ബിഷപ്പ് ഫ്രാഞ്ചെസ്‌കോ മൊറാല്യ. നിയമം, മനുഷ്യാന്തസിനെതിരെയുള്ള വെല്ലുവിളിയാണെന്നു അദ്ദേഹം പറഞ്ഞു. ഇറ്റലിയുടെ വടക്കു ഭാഗത്തുള്ള, വേനെത്തോ പ്രവിശ്യയിൽ ദയാവധ നിയമത്തിന് സെപ്റ്റംബർ മാസം രണ്ടാം തീയതിയാണ് അംഗീകാരം നൽകിയത്. 32 പേര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍, 14 പേര്‍ എതിര്‍ത്തു. ദയാവധം അംഗീകരിക്കുന്ന ആദ്യ കേന്ദ്ര-വലതുപക്ഷ പ്രവിശ്യയാണിത്.
മനുഷ്യജീവിതത്തിന്റെ അന്തസ് സംരക്ഷിക്കപ്പെടുന്നില്ല. തകർച്ചയിലേക്ക് നയിച്ചേക്കാവുന്ന സംസ്കാരവും, തെറ്റായ മാതൃകയുമാണ്, ഈ നടപടി മുൻപോട്ടുവയ്ക്കുന്നതെന്നു പാത്രിയാർക്കീസ് പ്രസ്താവനയിൽ പറഞ്ഞു. ഈ നിയമനടപടികൾ ദുർബലരും ഏകാന്തരുമായ ആളുകളെ കുറിച്ചു ആശങ്ക കൊണ്ടുവരുകയാണെന്നും മാനുഷികവും വൈകാരികവുമായ പിന്തുണ ഇവിടെ നിഷേധിക്കപ്പെടുന്നുവെന്നും, വാർദ്ധക്യം ദയനീയമായി പരാജയപ്പെടുകയും ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു കഷ്ടപ്പാടിനെ "അസഹനീയം" എന്ന് വസ്തുനിഷ്ഠമായി നിർവചിക്കാനും വിലയിരുത്താനും മനുഷ്യനെ പ്രേരിപ്പിക്കുവാൻ ഈ നിയമം ഇടയാക്കുമെന്നും, കൂട്ടായ്മയുടെ സംസ്കാരത്തിന് ഇത് തടസം സൃഷ്ടിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ശാസ്ത്രം നമുക്ക് വാഗ്ദാനം ചെയ്യുന്ന സാങ്കേതിക മാർഗങ്ങളിലൂടെ ആളുകളെ കൂടുതലായി പിന്തുണയ്ക്കുക എന്നതിനർത്ഥം, അവരെ ശുശ്രൂഷിക്കുക എന്നതാണെന്നും, അല്ലാതെ അവരെ ഉന്മൂലനം ചെയ്യുക എന്നതല്ലെന്നും പാത്രിയാർക്കീസ് വ്യക്തമാക്കി.
രണ്ടായിരം വർഷത്തെ ചരിത്രത്തിൽ, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യജീവിതം സംരക്ഷിക്കപ്പെടണമെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ദയാവധം, അതിന്റെ രൂപങ്ങളോ ഉദ്ദേശ്യങ്ങളോ എന്തുതന്നെയായാലും, കൊലപാതകമാണെന്നാണ് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















