News

നാസികള്‍ കൊലപ്പെടുത്തിയ ഇറ്റാലിയന്‍ വൈദിക രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ട നിരയില്‍

പ്രവാചകശബ്ദം 01-10-2026 - Thursday

ബൊളോഗ്ന: രണ്ടാം ലോക മഹായുദ്ധകാലത്ത് ഇറ്റലിയിൽ നാസി ജർമ്മൻ സൈന്യവും ഇറ്റാലിയൻ ഫാസിസ്റ്റുകളും ചേർന്ന് നടത്തിയ ക്രൂരമായ മാർസബോട്ടോ കൂട്ടക്കൊലയ്ക്കിടെ രക്തസാക്ഷികളായ മൂന്നു വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 1944-ൽ മാർസബോട്ടോ കൂട്ടക്കൊലയ്ക്കിടെ നാസിപ്പടയാൽ വധിക്കപ്പെട്ട ഫാ. ഉബാൽഡോ മാർക്കിയോണി, ഫാ. ഏലിയാ കൊമിനി, ഫാ. മാർട്ടിനോ കപെല്ലി എന്നിവരെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. സെപ്റ്റംബർ 27-ന് ബൊളോഗ്നയിലെ സെന്റ് പെട്രോണിയസ് ബസിലിക്കയിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവനായ കർദ്ദിനാൾ മാർസെല്ലോ സെമെരാറോ മുഖ്യകാർമ്മികത്വം വഹിച്ചു.

അപകടത്തിൽനിന്ന് അകന്നുപോകാനല്ല, മറിച്ച് തങ്ങളുടെ ജനത്തോടൊപ്പം നിലയുറപ്പിക്കാനാണ് നല്ല ഇടയന്‍ വിളിക്കുന്നതെന്നും ഫാ. ഉബാൽഡോയും ഫാ. ഏലിയയും ഫാ. മാർട്ടിനോയും ഈ സത്യം തിരിച്ചറിഞ്ഞു നിലകൊള്ളുകയായിരിന്നുവെന്നും കർദിനാൾ സെമെരാറോ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ആട്ടിൻകൂട്ടം ഭയചകിതരും ചിതറിപ്പോയവരും നിസ്സഹായരുമായിരുന്നു; എങ്കിലും, ചെന്നായ്ക്കൾ വരുമ്പോൾ യഥാർത്ഥ ഇടയൻ ആടുകളെ ഉപേക്ഷിച്ചുപോകില്ല. അതുകൊണ്ടാണ് അവർ അജഗണത്തെ ഓര്‍ത്ത് അവിടെത്തന്നെ തുടർന്നതെന്നും കർദ്ദിനാൾ മാർസെല്ലോ സെമെരാറോ കൂട്ടിച്ചേര്‍ത്തു. 'സമർപ്പിത ജീവിതത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ, ബൊളോഗ്ന ആർച്ച് ബിഷപ്പ് കർദിനാൾ മാറ്റിയോ സുപ്പി എന്നിവരുൾപ്പെടെ നൂറ്റിഅന്‍പതിലധികം പേർ വിശുദ്ധ കുർബാനയിൽ സഹകാർമികരായി.

1918-ൽ ജനിച്ച ഉബാൽഡോ മാർക്കിയോണി മാർക്കിയോണി, പൗരോഹിത്യം സ്വീകരിച്ച ശേഷം 1944 മെയ് മാസത്തിൽ സാൻ മാർട്ടിനോ ഡി കാപ്രാരയിലെ ഇടവക വികാരിയായി ചുമതലയേറ്റു. നാസി ആക്രമണത്തിൽ നിന്ന് രക്ഷതേടി കസാഗ്ലിയ പള്ളിയിൽ അഭയം പ്രാപിച്ച വിശ്വാസികളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ 1944 സെപ്റ്റംബർ 29-ന് അദ്ദേഹം കൊല്ലപ്പെട്ടു. 1910-ൽ ജനിച്ച കൊമിനിയും 1912-ൽ ജനിച്ച കാപെല്ലിയും ക്രെഡയിലെ ജനങ്ങളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട വൈദികരാണ്. ഫാ. ഉബാൽഡോ കൊല്ലപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം 1944 ഒക്ടോബർ 1-ന് വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. സ്വന്തം ജീവന്‍ രക്ഷപ്പെടുത്തി പലായനം ചെയ്യാമായിരിന്നെങ്കിലും മൂന്നു വൈദികരും അത് നിഷേധിച്ച് ജനത്തിന് ഒപ്പം നിലകൊള്ളുകയായിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »