News - 2026

പോളണ്ടിലെ കമ്മ്യൂണിസ്റ്റ് പീഡനത്തിന്റെ ആദ്യ വൈദിക രക്തസാക്ഷിയെ അനുസ്മരിച്ച് പാപ്പ

പ്രവാചകശബ്ദം 21-08-2026 - Friday

വത്തിക്കാന്‍ സിറ്റി: പോളണ്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയ മതപീഡനത്തിന്റെ ആദ്യ രക്തസാക്ഷി ഫാ. വ്ളാഡിസ്ലാവ് ഫിൻഡിഷിനെ അനുസ്മരിച്ച് ലെയോ പതിനാലാമൻ പാപ്പ. ഇക്കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ പോളിഷ് ഭാഷക്കാരായ തീർത്ഥാടകരെയും സന്ദർശകരെയും അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചപ്പോഴാണ് രക്തസാക്ഷിയായ വൈദികനെ പാപ്പ അനുസ്മരിച്ചത്. വാഴ്ത്തപ്പെട്ട ഫിൻഡിഷിന്റെ ഓർമ്മകൾ തിന്മയെ നന്മ കൊണ്ട് പരാജയപ്പെടുത്തിയും, ക്ഷമിക്കുന്ന സ്നേഹത്തിലൂടെയുമാണ് സ്നേഹ സംസ്കാരം വളർത്തിയെടുക്കാന്‍ കഴിയുന്നതെന്നു നമ്മെ ഉദ്ബോധിപ്പിക്കുകയാണെന്നു പാപ്പ പ്രസ്താവിച്ചു.

1907-ൽ തെക്കൻ പോളണ്ടിലെ ക്രോഷ്ചെങ്കോ നിഷ്നിയിൽ ജനിച്ച ഫിൻഡിഷ് 1927-ലാണ് വൈദികനായി അഭിഷിക്തനായത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഇരകളായിത്തീർന്ന ജനങ്ങളുടെ പുനരധിവാസത്തിലും ദരിദ്രരെയും രോഗികളെയും സഹായിക്കുന്നതിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതനിരോധന നയങ്ങളെ ശക്തമായി എതിർത്തതു അദ്ദേഹത്തെ ഭരണാധികാരികളുടെ കണ്ണിലെ കരടാക്കി മാറ്റി. ഭരണഘടന ലംഘിച്ചുവെന്നും, മതാചാരങ്ങൾ അനുഷ്ഠിക്കാൻ ജനങ്ങളെ നിർബന്ധിച്ചുവെന്നുമുള്ള വ്യാജ ആരോപണങ്ങളോടെ 1963-ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു തടങ്കലിലാക്കി.

രണ്ടര വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. ഫിൻഡിഷ്, ജയിലിൽ ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങളിലൂടെയാണ് കടന്നുപോയത്. സഹനങ്ങള്‍ക്കിടയിലും പ്രാര്‍ത്ഥനയിലൂടെ അദ്ദേഹം തന്റെ അജഗണത്തിന് പിന്തുണ നല്‍കി. ഇതിനിടെ അന്നനാള കാൻസർ ബാധിച്ചിരുന്ന അദ്ദേഹത്തിന് ജയിലധികൃതർ ആവശ്യമായ ചികിത്സയും ശസ്ത്രക്രിയയും അനുവദിച്ചിരുന്നില്ല. അതീവ ഗുരുതരാവസ്ഥയിൽ 1964 ഫെബ്രുവരി 29-ന് ജയിൽമോചിതനായെങ്കിലും ഓഗസ്റ്റ് 21-ന് നിത്യസമ്മാനത്തിന് യാത്രയാകുകയായിരിന്നു. ജീവിതകാലത്ത് ക്രിസ്തു വിശ്വാസത്തെ പ്രതി കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ അദ്ദേഹത്തെ 2005 ജൂൺ 19-ന് വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി. പോളണ്ടിലെ കമ്മ്യൂണിസ്റ്റ് മതപീഡനത്തിന്റെ ആദ്യ വാഴ്ത്തപ്പെട്ട രക്തസാക്ഷി എന്ന വിശേഷണത്തോടെയായിരിന്നു അന്നത്തെ ചടങ്ങ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »