India - 2026

സീറോ മലബാർ സഭയ്ക്ക് വക്താക്കളുടെ പുതിയ പാനൽ

പ്രവാചകശബ്ദം 02-10-2026 - Friday

കാക്കനാട്: സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസുമായി ബന്ധപ്പെടുത്തി, മാധ്യമങ്ങളും പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് സഭയുടെ മാധ്യമവക്താക്കളുടെ പുതിയ പാനൽ രൂപീകരിച്ചു. ഡോ. ചാക്കോ കാളാംപറമ്പിൽ, ശ്രീ രാജീവ് കൊച്ചുപറമ്പിൽ, ശ്രീ ജോഷി വടക്കൻ, അഡ്വ. ജോജി ചിറയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. സിസ്റ്റർ ജോസിയ എസ്.ഡി. എന്നിവരാണ് പുതിയ വക്താക്കൾ. നിലവിലെ സഭാ വക്താക്കളുടെ കാലാവധി പൂർത്തിയായതിനെ തുടർന്നു സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലാണ് നിയമനം നടത്തിയത്.

സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസിന്റെ കീഴിലായിരിക്കും പുതിയ വക്താക്കൾ പ്രവർത്തിക്കുക. സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പൊതുസമൂഹത്തിലേക്കും മാധ്യമങ്ങളിലേക്കും കൃത്യമായും സമയബന്ധിതമായും എത്തിക്കുക, വിവിധ വിഷയങ്ങളിലെ സഭയുടെ നിലപാടുകളും പ്രതികരണങ്ങളും ആവശ്യമായ സന്ദർഭങ്ങളിൽ വിശദീകരിക്കുക, മാധ്യമങ്ങളുമായുള്ള സഭയുടെ ആശയവിനിമയം കൂടുതൽ ഫലപ്രദമാക്കുക എന്നിവയാണ് വക്താക്കളുടെ പ്രധാന ചുമതലകൾ.


Related Articles »