News - 2026
ഇസ്രായേൽ ആക്രമണത്തില്‍ ക്രൈസ്തവ വിശ്വാസികളായ 2 സ്ത്രീകൾക്കു ദാരുണാന്ത്യം
പ്രവാചകശബ്ദം 05-10-2026 - Monday
ഗാസ: പടിഞ്ഞാറൻ ഗാസ സിറ്റിയിലെ പാർപ്പിട സമുച്ചയത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ക്രൈസ്തവ വിശ്വാസികളായ സ്ത്രീകൾക്കു ദാരുണാന്ത്യം. മൈസ ഖാദർ ഇബ്രാഹിം അബു ദാവൂദ്, മേരി ഹാഫെസ് മിഷേൽ അൽ-നജ്ജാർ എന്നിവരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിനിടയിൽ ദീർഘകാലം 'ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തില്‍ അഭയം പ്രാപിച്ച ശേഷം അടുത്തിടെയാണ് ഈ സ്ത്രീകൾ പടിഞ്ഞാറൻ ഗാസ സിറ്റിയിലെ 'ഇൻസ്റ്റിറ്റ്യൂഷൻസ്' മേഖലയിലുള്ള ഒരു അപ്പാർട്ട്മെന്റിലേക്ക് താമസം മാറിയത്.
ഗാസയിലെ ലാറ്റിൻ പാത്രിയാർക്കേറ്റിന്റെ ഓപ്പറേഷൻസ് ഡയറക്ടറായ ജോർജ്ജ് ആന്റൺ ആക്രമണത്തെ അപലപിച്ചു. മാസങ്ങളോളം പലായനം ചെയ്യപ്പെടുകയും പള്ളിയിൽ അഭയം പ്രാപിക്കുകയും ചെയ്ത ശേഷം, പുതിയൊരു ജീവിതം പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവർ വാടക അപ്പാർട്ട്മെന്റിലേക്ക് മാറിയതെന്നും, അതിനുമുമ്പ് യുദ്ധകാലം മുഴുവൻ ഹോളി ഫാമിലി ദേവാലയത്തിലാണ് ഇവർ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 3-ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. സംഭവം ഗാസ മുനമ്പിലെ ക്രിസ്ത്യൻ കുടുംബങ്ങൾക്കിടയിൽ വലിയ ദുഃഖം ഉളവാക്കിയിരിക്കുകയാണെന്നും ജോർജ്ജ് ആന്റൺ പറഞ്ഞു. ആക്രമണത്തിൽ ജെറുസലേം പാത്രിയാര്‍ക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. യുദ്ധത്തിന് മുൻപ് 1,017 പേരുണ്ടായിരുന്ന ഗാസയിലെ ക്രിസ്ത്യാനികളുടെ എണ്ണം 541 ആയി കുറഞ്ഞുവെന്ന് കര്‍ദ്ദിനാള്‍ പിസബല്ല അടുത്തിടെ വെളിപ്പെടുത്തിയിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















