News
ദിവ്യകാരുണ്യത്തിന്റെ പരിവർത്തന ശക്തി പ്രമേയമാക്കി ഡോക്യുമെന്ററി ചിത്രം തിയേറ്ററുകളിൽ
പ്രവാചകശബ്ദം 05-10-2026 - Monday
ന്യൂയോര്‍ക്ക്: ദിവ്യകാരുണ്യ ആരാധനയുടെ അത്ഭുതകരമായ പരിവർത്തന ശക്തി പ്രമേയമാക്കി ഒരുക്കിയ പുതിയ ഡോക്യുഡ്രാമ ചിത്രം "അഡോർ ഹിം: ഹി ഈസ് ഹിയർ" (Adore Him: He Is Here) അമേരിക്കന്‍ തിയേറ്ററുകളിൽ പ്രദര്‍ശനം ആരംഭിച്ചു. യഥാർത്ഥ ജീവിതാനുഭവങ്ങളും രക്ഷാചരിത്രത്തിന്റെ ദൃശ്യാവിഷ്കാരങ്ങളും കോർത്തിണക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, വിശുദ്ധ കുർബാനയിൽ വെളിപ്പെടുന്ന ദൈവസ്നേഹത്തിന്റെ ആഴമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഒക്ടോബർ 8 വരെ അമേരിക്കയിലുടനീളമുള്ള തിയേറ്ററുകളിലാണ് ഡോക്യുമെന്ററി ചിത്രം പ്രദർശിപ്പിക്കുന്നത്.
2024-ൽ പുറത്തിറങ്ങിയ "ജീസസ് തേസ്റ്റ്സ്: ദി മിറക്കിൾ ഓഫ് ദി യൂക്കരിസ്റ്റ്" എന്ന ചിത്രത്തിന് ലഭിച്ച പ്രതികരണങ്ങളിൽ നിന്നാണ് ഈ പുതിയ ചിത്രത്തിന്റെ പിറവി. ഡീക്കൻ സ്റ്റീവ് ഗ്രെക്കോയാണ് ഡോക്യുഡ്രാമയും ഒരുക്കിയിരിക്കുന്നത്. യേശു വിശുദ്ധ കുർബാനയിൽ യഥാർത്ഥമായി സന്നിഹിതനാണെന്ന് മനസ്സിലാക്കിയവർക്ക്, അവിടുത്തോട് കൂടുതൽ ആഴത്തിൽ ബന്ധപ്പെടാന്‍ കഴിയുമെന്ന് ഡീക്കൻ സ്റ്റീവ് ഗ്രെക്കോ പറയുന്നു. വിശുദ്ധ കുർബാന യാഥാർത്ഥമാണെന്നും, അവിടുത്തെ സ്നേഹം അനുഭവിച്ചറിയാൻ ആളുകൾ ചാപ്പലുകളിലേക്കും ആരാധനയിലേക്കും സ്ഥിരമായി കടന്നുവരുവാനുള്ള ആഗ്രഹം ലഭിക്കുന്നതിന് വേണ്ടിയാണ് ചലച്ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്‌ലഹോമ സിറ്റി ആർച്ച് ബിഷപ്പ് പോൾ കോക്‌ലി, ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ഹോസെ ഗോമസ്, ഫാ. ക്രിസ് അലാര്‍, കോളേജ് ക്യാമ്പസുകളിലും ഇടവകകളിലും ആഗോളതലത്തിലും മുഴുവൻ സമയ മിഷ്ണറിമാരെ നിയോഗിച്ചുകൊണ്ട്, സുവിശേഷപ്രഘോഷണം നടത്തുകയും വ്യക്തികളെ വിശ്വാസത്തിൽ നയിക്കുകയും ചെയ്യുന്ന പ്രസ്ഥാനമായ ഫോക്കസിന്‍റെ സ്ഥാപകൻ കർട്ടിസ് മാർട്ടിൻ, സുവിശേഷകൻ ക്രിസ് സ്റ്റെഫാനിക് തുടങ്ങിയവർ ചിത്രത്തിന്റെ ഭാഗമാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















