News

ഗാസയില്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇടവക വികാരിക്ക് സന്ദേശമയച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 06-10-2026 - Tuesday

ഗാസ: കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗാസ സിറ്റിയിലെ റിമാൽ പ്രദേശത്തു ക്രൈസ്തവര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടതിന് പിന്നാലെ ഇടവക വികാരിക്ക് സന്ദേശമയച്ച് ലെയോ പാപ്പ. ഇസ്രായേൽ വ്യോമാക്രമണത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ 5 സാധാരണക്കാർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു പശ്ചാത്തലത്തിലാണ് ഗാസയിലെ ഹോളി ഫാമിലി ഇടവക വികാരിയായ ഫാ. ഗബ്രിയേൽ റൊമാനല്ലിയ്ക്കു ലെയോ പതിനാലാമൻ പാപ്പ സന്ദേശമയച്ചത്.

യുദ്ധത്തിനിടയിൽ ദീർഘകാലം 'ഹോളി ഫാമിലി കത്തോലിക്ക ദേവാലയത്തില്‍ അഭയം പ്രാപിച്ച ശേഷം അടുത്തിടെ താമസം മാറി പുതുജീവിതം ആരംഭിച്ച മൈസ ഖാദർ ഇബ്രാഹിം അബു ദാവൂദ്, മേരി ഹാഫെസ് മിഷേൽ അൽ-നജ്ജാർ എന്നിവരാണ് കൊല്ലപ്പെട്ട ക്രൈസ്തവ വനിതകള്‍. മൈസയുടെയും മേരിയുടെയും വിയോഗവാർത്ത അറിഞ്ഞതുമുതൽ ഞാൻ അവർക്കായും അവരുടെ കുടുംബങ്ങൾക്കായും ഗാസയിലെ മുഴുവൻ സമൂഹത്തിനായും പ്രാർത്ഥിക്കുന്നതായി പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ഇടവകയിലെ ജനങ്ങൾക്കും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന നിരവധിയാളുകൾക്കും തുണ നൽകുന്ന ദൈവത്തിനു നന്ദി പറയുകയാണെന്നും വാട്സാപ്പില്‍ അയച്ച സന്ദേശത്തില്‍ പാപ്പ കുറിച്ചു.

പാപ്പയുടെ ഈ സന്ദേശം പ്രാർത്ഥനയും വലിയ ആശ്വാസമാണെന്ന് ഫാ. റൊമാനല്ലി വത്തിക്കാൻ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഇന്നും തുടരുന്ന ആക്രമണങ്ങളിൽ വൻ ആശങ്കയാണ് പ്രാദേശിക സഭ പങ്കുവെക്കുന്നത്. യുദ്ധത്തിൽ ഇതുവരെ 62 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ഫാ. റൊമാനല്ലി പറയുന്നു. ജെറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാര്‍ക്കല്‍ വികാരിയായ മെട്രോപൊളിറ്റൻ അലക്സിയോസും ആക്രമണത്തെ അപലപിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »