News - 2024

നൂറ്റിയൊന്നാം വയസില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി ഡോണ പെന്‍ഹ

സ്വന്തം ലേഖകന്‍ 03-10-2016 - Monday

റിയോ ഡീ ജനീറോ: ഡോണ പെന്‍ഹ എന്ന 101-കാരിയുടെ ജീവിതത്തിലെ മനോഹരമായ ദിനം ഏതാണെന്ന് ചോദിച്ചാല്‍ എന്താകും അവര്‍ ഉത്തരം പറയുക? നൂറ്റിയൊന്ന് വയസുള്ള ഒരു വൃദ്ധ ഇതിനോടകം തന്നെ എത്രയോ സന്തോഷകരമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയിരിക്കാം. എന്നാല്‍, ഡോണ പെന്‍ഹ ഉറപ്പിച്ചു പറയും.

ദിവസങ്ങള്‍ക്ക് മുമ്പ് താന്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച ആ ദിവസമാണ് ഇത്രയും നാളത്തെ ജീവിതത്തില്‍വച്ച് ഏറ്റവും സന്തോഷകരമായ ദിനമെന്ന സത്യം. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28-ാം തീയതിയാണ് ഡോണ പെന്‍ഹ എന്ന നൂറ്റിയൊന്നുകാരി ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത്.

റിയോ ഡീ ജനീറോയിലെ 'ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍' എന്ന വൃദ്ധ സദനത്തിലെ അന്തേവാസിയാണ് ഡോണ പെന്‍ഹ. ഇവര്‍ ഒരു വര്‍ഷം മുമ്പാണ് ഈ സ്ഥാപനത്തിലേക്ക് എത്തിച്ചേര്‍ന്നത്. എല്ലാ ദിവസവും പതിവായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിരുന്ന ഡോണ പെന്‍ഹ അടുത്തിടെ കുമ്പസാരിച്ചിരുന്നു. ഇതില്‍ നിന്നുമാണ് അവര്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചിട്ടില്ലെന്ന സത്യം വൈദികര്‍ മനസിലാക്കിയത്.

ഇതേ തുടര്‍ന്ന് വൃദ്ധസദനത്തിന്റെ ചുമതലയുള്ള ഔര്‍ ലേഡി ഓഫ് ഫാത്തിമ ഓഫ് റോസറി അസോസിയേഷന്‍ കന്യാസ്ത്രീകള്‍ നൂറ്റൊന്നുകാരിയായ ഡോണ പെന്‍ഹയ്ക്കു വിശുദ്ധ കുര്‍ബാന കൈക്കൊള്ളുന്നതിനായി ഒരുക്കങ്ങള്‍ നടത്തി. പിന്നീട് വൃദ്ധസദനത്തോട് ചേര്‍ന്നുള്ള ചാപ്പലില്‍ നടത്തിയ വിശുദ്ധ കുര്‍ബാനയുടെ മദ്ധ്യേ ഡോണ പെന്‍ഹ ആദ്യമായി പ്രഥമ ദിവ്യകാരുണ്യം നടത്തി.

ഇതിന്റെ ചില ചിത്രങ്ങള്‍ നഴ്‌സിംഗ് ഹോം അധികൃതര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയും ഡോണ പെന്‍ഹയ്ക്ക് തങ്ങളുടെ ആശംസകള്‍ അറിയിക്കുകയും ചെയ്തത്.


Related Articles »