News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 14:1-11 | ഭാഗം 30

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ 22-08-2026 - Saturday

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനാലാം അധ്യായത്തിലെ ബഥാനിയായിലെ തൈലാഭിഷേകം, യൂദാസിന്റെ വഞ്ചന എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ച് വിശുദ്ധ ബീഡ്, വിശുദ്ധ ജറോം, ഒരിജന്‍, വിശുദ്ധ ക്രിസോസ്‌തോം, നസിയാന്‍സിലെ ഗ്രിഗറി, ഡിഡാസ്‌ക്കാലിയ എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: ബഥാനിയായിലെ തൈലാഭിഷേകം - വിശുദ്ധ മര്‍ക്കോസ് 14:1-9 (മത്താ 26:1-5) (ലൂക്കാ 22:1-2) (യോഹ 11:45-53)

1 പെസഹായ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളിനും രണ്ടു ദിവസമേ ഉണ്ടായിരുന്നുള്ളൂ. ഈശോയെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും ആലോചിച്ചുകൊണ്ടിരുന്നു. 2 അവര്‍ പറഞ്ഞു: തിരുനാളില്‍ വേണ്ട; ജനങ്ങള്‍ ബഹളമുണ്ടാക്കും.

3 അവന്‍ ബഥാനിയായില്‍ കുഷ്ഠരോഗിയായ ശിമയോന്റെ വീട്ടില്‍ ഭക്ഷണ ത്തിനിരിക്കവേ, ഒരു വെണ്‍കല്‍ഭരണി നിറയെ വിലയേറിയ ശുദ്ധ നാര്‍ദീന്‍ സുഗന്ധതൈലവുമായി ഒരു സ്ത്രീ അവിടെ വന്നു. അവള്‍ 'ഭരണി തുറന്ന് അത് അവന്റെ ശിരസ്‌സില്‍ ഒഴിച്ചു. 4 അവിടെയുണ്ടായിരുന്ന ചിലര്‍ അമര്‍ഷത്തോടെ പരസ്പരം പറഞ്ഞു: 5 ഈ തൈലം പാഴാക്കിക്കളഞ്ഞത് എന്തിന്? ഇതു മുന്നൂറിലധികം ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നല്ലോ. അവര്‍ അവളെ കുറ്റപ്പെടുത്തി. 6 ഈശോ പറഞ്ഞു: ഇവളെ സൈ്വരമായി വിടുക, എന്തിന് ഇവളെ വിഷമിപ്പിക്കുന്നു? ഇവള്‍ എനിക്കുവേണ്ടി ഒരു നല്ല കാര്യം ചെയ്തിരിക്കുന്നു.

7 ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു നന്‍മചെയ്യാന്‍ സാധിക്കും. ഞാനാകട്ടെ, എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായി രിക്കുകയില്ല. 8 ഇവള്‍ക്കു സാധിക്കുന്നത് ഇവള്‍ ചെയ്തു. എന്റെ സംസ്‌കാര ത്തിനുവേണ്ടി ഇവള്‍ എന്റെ ശരീരം മുന്‍കൂട്ടി തൈലം പൂശുകയാണു ചെയ്തത്. 9 ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു: ലോകത്തിലെവിടെയെല്ലാം സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണ യ്ക്കായി പ്രസ്താവിക്കപ്പെടും.

***************************************************************

വിശുദ്ധ ബീഡ്:

അതുവരെ പഴയനിയമ പെസഹാ ആചരിച്ചിരുന്ന ശിഷ്യരെ അതിന്റെ പൂര്‍ണതയായ പുതിയ കൂദാശകള്‍ അനുഷ്ഠിക്കാന്‍ ഈശോ ഭരമേല്‍പ്പിച്ചു (ലൂക്കാ 22,14-20). നമ്മുടെ കര്‍ത്താവ് പെസഹാക്കുഞ്ഞാടിന്റെ പ്രതിരൂപമാണ് (രീൗിലേൃുമൃ)േ. സഹനത്തിലേക്കു പ്രവേശിക്കുന്നതിന് അഞ്ചുദിവസം മുമ്പ് അവന്‍ തന്റെ സഹനത്തിന്റെ സ്ഥലത്തേക്കു വന്ന് ഏശയ്യാ പ്രവചിച്ചത് തന്നെക്കുറിച്ചാണെന്ന് പഠിപ്പിച്ചു (ഏശ 53) (Exposition on the Gospel of Mark 2.3).

തൈലവുമായി വന്ന സ്ത്രീ

ലൂക്കായുടെ സുവിശേഷത്തില്‍ വിവരിക്കപ്പെടുന്ന പാപിനിയായ സ്ത്രീ തന്നെയാണോ ഇവളെന്ന് സംശയിക്കേണ്ടതില്ല. ''അവള്‍ അവന്റെ പിന്നില്‍ നിന്നിരുന്നു. അവള്‍ കണ്ണീരുകൊണ്ട് അവന്റെ പാദങ്ങള്‍ കഴുകി. തലമുടികൊണ്ടു തുടച്ച് പാദങ്ങളില്‍ സുഗന്ധതൈലം പൂശി ചുംബിക്കുകയും ചെയ്തു (ലൂക്കാ 7,37-38; യോഹ 12,3). അതേ സ്ത്രീ തന്നെയാണ് ഇവള്‍. എന്നാല്‍ അവിടെ അവള്‍ തന്റെ അനുതാപത്തിന്റെ കണ്ണീരിനിടയില്‍ അവന്റെ പാദങ്ങളില്‍ മാത്രമേ സുഗന്ധതൈലം പൂശിയുള്ളൂ. എന്നാല്‍ ഇവിടെ തന്റെ നീതിയുള്ള പ്രവൃത്തികളുടെ ആനന്ദത്തിനിടയില്‍ അവള്‍ അവന്റെ ശിരസ്സും കൂടി അഭിഷേചിക്കുന്നതില്‍ മടിച്ചില്ല (Exposition on the Gospel of Mark 2.4).

ശുദ്ധമായ നാര്‍ദിന്‍

ആ തൈലം മറ്റൊന്നിനോടും കലര്‍ത്തപ്പെടാത്ത ശുദ്ധമായ നാര്‍ദിന്‍ ആയിരുന്നു. അതു വിലയേറിയതുമായിരുന്നു. ഇതു പരിപൂര്‍ണമായ വിശ്വാസത്തിന്റെയും പ്രവൃത്തികളുടെയും നൈര്‍മല്യത്തെ സൂചിപ്പിക്കുന്നു (Exposition on the Gospel of Mark 2.4).

ശിരസും പാദങ്ങളും

മറിയം തൈലാഭിഷേകം നടത്തിയ അവന്റെ ശിരസ്സ് അവന്റെ ദൈവത്വത്തിന്റെ ശ്രേഷ്ഠതയെ സൂചിപ്പിക്കുന്നു. പാദം അവന്‍ സ്വീകരിച്ച മനുഷ്യത്വത്തിന്റെ താഴ്മയെ സൂചിപ്പിക്കുന്നു (യോഹ 12,3). അവന്‍ തന്നിലുള്‍ച്ചേര്‍ത്ത മനുഷ്യാവതാര രഹസ്യത്തെ നമ്മള്‍ യഥായോഗ്യം പുകഴ്ത്തുകയും പ്രഘോഷിക്കുകയും ചെയ്യുമ്പോള്‍ അവന്റെ പാദങ്ങളെ അഭിഷേചിക്കുകയാണ് ചെയ്യുന്നത്. അവന്റെ ദൈവത്വത്തെ ഉചിതാമാംവിധം ഏറ്റുപറയുമ്പോള്‍ അവന്റെ ശിരസ്സില്‍ നമ്മള്‍ തൈലം പൂശുന്നു (Exposition on the Gospel of Mark 2.4).

പ്രവചന പൂര്‍ത്തീകരണം

ഉത്തമഗീതത്തിലെ വധു പ്രകീര്‍ത്തിക്കുന്നത് ഇവിടെ നിറവേറി. ''രാജാവ് കിടക്കയില്‍ വിശ്രമിക്കുമ്പോള്‍, എന്റെ നാര്‍ദീന്‍തൈലം പരിമളം തൂകി'' (ഉത്ത 1,12). മറിയം ഒരിക്കല്‍ പ്രതീകമായി ചെയ്തത് (യോഹ 12.3), സഭ മുഴുവനും ഓരോ വിശ്വാസിയും എപ്പോഴും ചെയ്യേണ്ടിയിരിക്കുന്നു (Exposition on the Gospel of Mark 2.4).

അവന്റെ അഭിഷേകത്തില്‍ പങ്കാളികള്‍

കര്‍ത്താവിന്റെ ദൈവത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹിമകളെ നമ്മള്‍ വാഴ്ത്തുമ്പോള്‍ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നീ പരിമളങ്ങളാല്‍ നമ്മള്‍ അവന്റെ ശിരസ്സിനെ അഭിഷേകം ചെയ്യുകയാണ് (1 കോറി 13,13). നേര്‍വഴിയില്‍ ജീവിച്ച് അവന്റെ നാമത്തിന്റെ യശസ്സ് പ്രസരിപ്പിക്കുമ്പോഴും നമ്മള്‍ അതുതന്നെ ചെയ്യുന്നു. നിരാശാഭരിതരായിരിക്കുന്ന ദരിദ്രരെ ആശ്വാസവചനങ്ങളാല്‍ സാന്ത്വനിപ്പിക്കുമ്പോള്‍ നമ്മള്‍ കര്‍ത്താവിന്റെ പാദങ്ങളില്‍ തൈലാഭിഷേകം നടത്തുന്നു. ആവശ്യത്തിലധികമുള്ളത് ആവശ്യക്കാരനുമായി പങ്കുവയ്ക്കാന്‍ തയാറാകുമ്പോള്‍ ആ പാദങ്ങള്‍ നമ്മള്‍ തലമുടികൊണ്ട് തുടയ്ക്കുകയാണ് (നിയമ 15,11; സുഭാ 31,9; ലൂക്കാ 14,13; ഗലാ 2,10) (Exposition on the Gospel of Mark 2.4).

ചുരുങ്ങിയ സന്ദര്‍ശനം

മിശിഹാ ശാരീരികമായി സഭയില്‍ സന്നിഹിതമാകുന്നത് ചുരുങ്ങിയ സമയത്തേക്കു മാത്രമാണ്. എന്നാല്‍ ദാനധര്‍മ്മം നല്‍കപ്പെടേണ്ട ദരിദ്രര്‍ എക്കാലത്തും സഭയിലുണ്ടാകും (Exposition on the Gospel of Mark 2.4).

മറിയത്തിന്റെ പ്രവൃത്തിയുടെ അര്‍ത്ഥം

ബീഡ്: യൂദാസ് നിഷ്‌കളങ്ക ഭാവേന ചോദിച്ചതിന് മിശിഹാ ശാന്തമായി ഉത്തരം നല്‍കിക്കൊണ്ട് മറിയത്തിന്റെ പ്രവൃത്തിയുടെ അര്‍ത്ഥം വ്യക്തമാക്കി. താന്‍ മരിക്കേണ്ടിയിരിക്കുന്നുവെന്നും തന്റെ മൃതസംസ്‌ക്കാരത്തില്‍ തൈലാഭിഷേകം നടത്തേണ്ടിയിരിക്കുന്നുവെന്നും അവിടുന്ന് വെളി വാക്കി. ഇപ്രകാരം പറയുന്നതുപോലെയാണിത്: ''ഞാന്‍ മരിച്ചുകഴിയുമ്പോള്‍ എന്റെ ശരീരത്തെ സ്പര്‍ശിക്കാന്‍ അവള്‍ക്കു കഴിയില്ല. അവള്‍ക്കു ചെയ്യാന്‍ കഴിയുന്നത് അവള്‍ ചെയ്തിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ മുന്‍കൂട്ടി അവള്‍ മൃതസംസ്‌ക്കാരത്തിന്റെ കടമ നിറവേറ്റിയിരിക്കുന്നു'' (Exposition on the Gospel of Mark 2.4).

വിശുദ്ധ ജറോം:

ഈ സ്ത്രീ യഹൂദദൈവാലയത്തിനു പുറത്താണ്. ഒരു വെണ്‍കല്‍ഭരണി നിറയെ വിലയേറിയതും ശുദ്ധവുമായ നാര്‍ദിന്‍ സുഗന്ധതൈലം അവള്‍ വഹിക്കുന്നു (മത്താ 26,7; മര്‍ക്കോ 14,3; ലൂക്കാ 7,37). ഇക്കാരണത്താല്‍ വിശ്വാസികള്‍ ശുദ്ധമായ നാര്‍ദിന്‍ ആയി കണക്കാക്കപ്പെടുന്നു. ജനതകളില്‍നിന്ന് ഒരുമിച്ചു കൂട്ടപ്പെടുന്ന സഭ വിശ്വാസികളുടെ സമൃദ്ധമായ വിശ്വാസം രക്ഷകന് കാഴ്ചവയ്ക്കുന്നു. എല്ലാവര്‍ക്കും സുഗന്ധം പകരേണ്ടതിന് മുദ്രവയ്ക്കപ്പെട്ടിരുന്ന വെണ്‍കല്‍ഭരണി തുറക്കപ്പെട്ടിരിക്കുന്നു (Homilies of Saint Jerome, Homily 84).

ഉടയ്ക്കപ്പെട്ട വെണ്‍കല്‍ഭരണി

ജറോം: ഗോതമ്പുമണി നിലത്തുവീണഴിയുന്നില്ലെങ്കില്‍ അതു ഫലം പുറപ്പെടുവിക്കാത്തതുപോലെ (യോഹ 12,24) വെണ്‍കല്‍ഭരണി ഉടയ്ക്കപ്പെടുന്നില്ലെങ്കില്‍ അതിന്റെ പരിമളം പ്രസരിപ്പിക്കുവാന്‍ നമുക്കു കഴിയുകയില്ല (മര്‍ക്കോ 14,3) (Homilies of St. Jerome, Homily 84).

ജ്ഞാനസ്‌നാനത്തിന്റെ അഭിഷേകം

ജ്ഞാനസ്‌നാര്‍ത്ഥികളായ നിങ്ങള്‍ ക്ക് ഈ സ്ത്രീ ഒരു സന്ദേശം നല്‍കുന്നു. അവള്‍ തന്റെ വെണ്‍കല്‍ഭരണി തുറക്കുന്നത് മിശിഹാ നിങ്ങളെ അഭിഷിക്തര്‍ (christs)െ ആക്കിമാറ്റുന്നതിനാണ്. ഉത്തമഗീതത്തിലെ വാക്കുകള്‍ ശ്രവിക്കുക: ''നിന്റെ നാമം ഉച്ചരിക്കപ്പെടുന്നതു തന്നെ പരിമളമുതിരുന്നതുപോലെയാണ്; ഞങ്ങള്‍ ഉത്സാഹത്തോടെ നിന്റെ തൈലത്തിന്റെ പരിമളം പിന്തുടരും'' (ഉത്ത 1,3-4) (Homilies of St. Jerome, Homily 84).

ലോകം മുഴുവന്‍ പരിമളം പരത്തുക

വെണ്‍കല്‍ഭരണി ഉടയ്ക്കപ്പെട്ടതിനാല്‍ തൈലം നഷ്ടമായെന്ന് യൂദാസ് കരുതി. എന്നാല്‍ നമ്മെ സംബന്ധിച്ചിടത്തോളം അതൊരു നന്മയാണ്. എന്തെന്നാല്‍ അതുവഴി പരിമളം ലോകംമുഴുവന്‍ പരന്നു. കല്‍ഭരണി ഉടയ്ക്കപ്പെട്ടതില്‍ യൂദാസ,് നീയെന്തിന് രോഷം കൊള്ളുന്നു? നിന്നെയും ലോകം മുഴുവനെയും സൃഷ്ടിച്ച ദൈവം നമ്മെയെല്ലാം വിലയേറിയ പരിമളത്താല്‍ അനുഗ്രഹിക്കുന്നു. മറ്റുള്ളവരില്‍ പരിമളം എത്താതിരിക്കാന്‍ സുഗന്ധതൈലത്തിന്റെ ഭരണി മുദ്രവയ്ക്കപ്പെട്ടിരിക്കാന്‍ നീ ആഗ്രഹിച്ചു (Homilies of Saint Jerome, Homily 84).

ആവശ്യമായവയും മനോഹരമായവയും

തൈലം പാഴാക്കിക്കളയുന്നുവെന്ന് ശ്ലീഹാ പരിഭവിച്ചപ്പോള്‍ (മത്താ 26,8), കര്‍ത്താവ് അവനെ ശാസിച്ചു. മിശിഹായ്ക്കു തൈലമോ രക്തസാക്ഷികള്‍ക്കു മെഴുകുതിരിയുടെ പ്രകാശമോ ആവശ്യമില്ല. ആ സ്ത്രീ മിശിഹായോടുള്ള ആദരവിനെപ്രതി തൈലാഭിഷേകം നടത്തി. അവളുടെ ഹൃദയത്തിന്റെ സമര്‍പ്പണം അവന്‍ സ്വീകരിക്കുകയും ചെയ്തു. ആയതിനാല്‍ കിഴക്കന്‍ സഭകളിലാകമാനം സുവിശേഷം വായിക്കപ്പെടുമ്പോള്‍, രക്തസാക്ഷികളുടെ തിരുശേഷിപ്പ് ഇല്ലാത്തപ്പോള്‍പോലും, തിരികള്‍ കൊളുത്തപ്പെടുന്നു. പ്രഭാതം ആകാശത്തെ ചുവപ്പിക്കുന്ന ആ നേരത്ത് ഇരുളകറ്റാനല്ല, മറിച്ച്, നമ്മുടെ ആനന്ദം പ്രകടി പ്പിക്കാനാണ് അങ്ങനെ ചെയ്യുന്നത് (Against Vigilantius 7).

ഒരിജന്‍:

ഒറ്റുകാരനായ യൂദാസ്, ദരിദ്രരുടെ മുന്നണിപ്പോരാളിയെന്ന നാട്യത്തില്‍ രോഷംപൂണ്ട് ഇങ്ങനെ പറഞ്ഞു: ''ഈ തൈലം മുന്നൂറ് ദനാറയ്ക്ക് വിറ്റ് ദരിദ്രര്‍ക്കു നല്‍കാമായിരുന്നില്ലേ?'' (യോഹ 12,5). എന്നാല്‍ യഥാര്‍ത്ഥത്തില്‍ ''അവന്‍ കള്ളനായിരുന്നു. പണപ്പെട്ടി അവന്റെ കൈവശമായിരുന്നു. അതില്‍ വീണിരുന്നതില്‍നിന്ന് അവന്‍ എടുത്തിരുന്നു'' (യോഹ 12,6). അങ്ങനെയെങ്കില്‍ ഇന്ന് നമ്മുടെയിടയില്‍ സഭയുടെ പണപ്പെട്ടി കൈയാളുന്നവന്‍ യൂദാസ് ചെയ്തതുപോലെ പാവങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നുവെന്ന് നടിക്കുകയും പണപ്പെട്ടിയില്‍നിന്നു മോഷ്ടിക്കുകയും ചെയ്യുന്നുവെങ്കില്‍ യൂദാസിന്റെ ഭാഗധേയം തന്നെ അവനും ഭവിക്കട്ടെ (Commentary on Matthew 11.19).

വിശുദ്ധ ക്രിസോസ്‌തോം:

യൂദായായിലെ ഒരു കുടുംബത്തില്‍ പാപിനിയായ ഒരു സ്ത്രീ ചെയ്തത് പേര്‍ഷ്യക്കാരും ഇന്ത്യാക്കാരും സിഥിയാക്കാരും ത്രാസിയ, സമറിയാ എന്നിവിടങ്ങളിലുള്ളവരും മൂര്‍ വംശക്കാരും ബ്രിട്ടീഷ് ദ്വീപുകളിലുള്ളവരും ഇന്ന് അനുഷ്ഠിക്കുന്നു (The Gospel of St. Matthew, Homily 80.2).

♦️ വചനഭാഗം: യൂദാസിന്റെ വഞ്ചന- വിശുദ്ധ മര്‍ക്കോസ് 14: 10-11 (മത്താ 26,14-26,16) (ലൂക്കാ 22,3-22,6).

10 പന്ത്രണ്ടുപേരില്‍ ഒരുവനായ യൂദാസ് സ്‌ക്കറിയോത്താ ഈശോയെ ഒറ്റിക്കൊടുക്കാന്‍വേണ്ടി പ്രധാനപുരോഹിതന്‍മാരുടെ അടുത്തു ചെന്നു. 11 അവര്‍ ഇതറിഞ്ഞു സന്തോഷിച്ച്, അവനു പണം കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. അവനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്നു വിചാരിച്ച് അവന്‍ അവസരം പാര്‍ത്തിരുന്നു.

***************************************************************

നസിയാന്‍സിലെ ഗ്രിഗറി:

മുപ്പതുവെള്ളി നാണയങ്ങള്‍ എന്ന തുച്ഛമായ തുകയ്ക്ക് അവന്‍ വില്ക്കപ്പെട്ടു (മത്താ 26,15). എങ്കിലും സ്വന്തം രക്തമെന്ന വന്‍വില നല്‍കി അവന്‍ ലോകം മുഴുവനെയും വാങ്ങി (1 കോറി 6,20; 1 പത്രോ 1,19). ആടിനെപ്പോലെ അവന്‍ കൊലക്കളത്തിലേക്കാനയിക്കപ്പെട്ടു (നടപടി 8,32; ഏശ 53,7). എങ്കിലും അവന്‍ ഇസ്രായേലിന്റെയും (സങ്കീ 80,1) ലോകം മുഴുവന്റെയും ഇടയനാണ് (യോഹ 10,11; 16) (Oration 29, On the Son 20).

ഡിഡാസ്‌ക്കാലിയ:

നമ്മിലൊരുവനായിരുന്ന യൂദാസ്‌സ്‌കറിയോത്ത, അവനെ ഒറ്റിക്കൊടുക്കാനായി എഴുന്നേറ്റ് പുറത്തേക്കുപോയി (മത്താ 26,14; മര്‍ക്കോ 14,10; ലൂക്കാ 22,4). അവന്‍ ജനത്തിലെ നിയമജ്ഞരോടും പുരോഹിതരോടുമൊപ്പംവന്ന് കര്‍ത്താവീശോയെ ഒറ്റിക്കൊടുത്തു.

രാത്രിയിലാണ് അവര്‍ ഈശോയെ പിടികൂടിയത്. പിറ്റേന്ന്, അതായത് ആഴ്ചയിലെ നാലാംദിനം അവിടുന്ന് പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ വസതിയിലായിരുന്നു. അന്നുതന്നെ ജനപ്രമാണികള്‍ ഒരുമിച്ചുകൂടി ഈശോയ്‌ക്കെതിരെ ഗൂഢാലോചന നടത്തി.

പിറ്റേദിവസം, അതായത് ആഴ്ചയുടെ അഞ്ചാം ദിവസം അവര്‍ അവനെ ഗവര്‍ണറായ പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കി. അന്നു രാത്രി മുഴുവന്‍ അവന്‍ പീലാത്തോസിന്റെ അരമനയിലായിരുന്നു. വെള്ളിയാഴ്ച പ്രഭാതമായപ്പോള്‍ അവര്‍ അവനെതിരെ കൂടുതല്‍ ആരോപണങ്ങളുന്നയിച്ചു. അവര്‍ കള്ളസാക്ഷികളെ ഹാജരാക്കുകയും അവനെ മരണത്തിനു വിധിക്കാന്‍ പീലാത്തോസിനോടാവശ്യപ്പെടുകയും ചെയ്തു.

ഇപ്രകാരം ആ വെള്ളിയാഴ്ചതന്നെ അവര്‍ ഈശോയെ കുരിശില്‍ തറച്ചു.

വെള്ളിയാഴ്ച ആറാംമണിക്കൂര്‍ മുതല്‍ അവന്‍ കുരിശില്‍ സഹിച്ചു. മിശിഹായെ കുരിശില്‍ തറച്ച ആ സമയം പകലായിരുന്നു. തുടര്‍ന്ന് മൂന്നുമണിക്കൂര്‍ നേരം ഭൂമിയില്‍ ഇരുട്ടായി: അത് രാത്രിയായി കണക്കാക്കപ്പെടുന്നു. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ വീണ്ടും പകല്‍. തുടര്‍ന്ന് ഏഴാം ദിവസമായ സാബത്തിന്റെ രാത്രി ആരംഭിച്ചു (Didascalia Apostolorum 21).

--------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:1-27 | ഭാഗം 26

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 12:28-44 | ഭാഗം 27

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:1-27 | ഭാഗം 28

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 13:24-37 | ഭാഗം 29

⧪⧪⧪⧪⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍ ⧪⧪⧪⧪⧪


Related Articles »