News - 2024
കരുണയുടെ വര്‍ഷത്തിന്റെ സമാപനത്തില്‍ വിവിധ കാരുണ്യ പ്രവര്‍ത്തികളുമായി ശ്രീലങ്കന്‍ വിശ്വാസ സമൂഹം
സ്വന്തം ലേഖകന്‍ 06-10-2016 - Thursday
കൊളംമ്പോ: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ ജൂബിലി വര്‍ഷത്തിന്റെ സമാപന മാസത്തിലേക്ക് കടക്കുമ്പോള്‍ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ശ്രീലങ്കയിലെ കത്തോലിക്ക സമൂഹം. ഹോളി ഫാമിലി അസോസിയേഷനിലെ ആയിരത്തില്‍ അധികം അംഗങ്ങളും, വൈദികരും, കന്യാസ്ത്രീകളും, വിവിധ മതവിശ്വാസികളും അടങ്ങുന്ന വലിയ സംഘമാണ് പാപ്പയുടെ ആഹ്വാനത്തോട് ക്രിയാത്മകമായി പ്രതികരിച്ചിരിക്കുന്നത്.
ശ്രീലങ്കയുടെ പടിഞ്ഞാറന്‍ മധ്യതീരപ്രദേശത്തുള്ള വിന്നാപൗവ എന്ന സ്ഥലത്ത് ഒത്തുകൂടിയാണ് കാരുണ്യത്തിന്റെ ശൃഖലകള്‍ തീര്‍ക്കുവാന്‍ ക്രൈസ്തവ സമൂഹം തീരുമാനം എടുത്തത്. 'കാരുണ്യത്തിന്റെ മുഖത്തെ നമ്മുടെ കുടുംബങ്ങളിലും സജീവമാക്കാം' എന്നതാണ് ഈ പദ്ധതിക്കായി അവര്‍ നല്‍കിയിരിക്കുന്ന ആപ്തവാക്യം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നവരാണ് ഈ വലിയ പദ്ധതിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഉള്‍പ്രദേശങ്ങളില്‍ പുരോഗതി പ്രാപിക്കാത്ത സ്‌കൂളുകള്‍ക്കായി ആവശ്യമായ എല്ലാ സഹായങ്ങളും എത്തിച്ചു നല്‍കാനാണ് യുവാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. രോഗികളെ വിശുദ്ധ ബലിയിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ ഇനി മുതല്‍ കൂടുതല്‍ സഹായിക്കുമെന്നും യുവജനങ്ങള്‍ പറഞ്ഞു. പരിസ്ഥിതിയെ സ്‌നേഹിക്കുമെന്നും, അതിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുമെന്നും യോഗത്തില്‍ പങ്കെടുത്ത കുട്ടികള്‍ പ്രതിജ്ഞ ചെയ്തു. മുതിര്‍ന്നവരെ ആദരിക്കുകയും, കൂട്ടുകാരുടെ ആവശ്യങ്ങളില്‍ അവരെ സഹായിക്കുമെന്നും കുട്ടികള്‍ യോഗത്തില്‍ തീരുമാനമെടുത്തു.
ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉണര്‍വ്വോടെ ഏര്‍പ്പെടുമെന്നും സമൂഹത്തിന്റെ പുരോഗതിക്കായി സഭയോട് ചേര്‍ന്നു കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കുമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കുമ്പസാരിക്കുവാന്‍ സാധിക്കാതെ കഴിയുന്ന രോഗികളേയും മറ്റും വീട്ടില്‍ എത്തി കുമ്പസാരിപ്പിക്കുകയും, അവര്‍ക്ക് ആവശ്യമായ ആത്മീയ സഹായങ്ങള്‍ കൂടുതല്‍ ഉത്സാഹത്തോടെ ചെയ്യുമെന്നുമാണ് പുരോഹിതരുടെ തീരുമാനം. കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനുള്ള കാര്യങ്ങളില്‍ തങ്ങള്‍ സദാ ജാഗ്രത പുലര്‍ത്തുമെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അടുത്ത മാസമാണ് കരുണയുടെ ജൂബിലി വര്‍ഷം അവസാനിക്കുന്നത്.