News - 2024

ആസിയ ബീബിയുടെ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പാക് സുപ്രീം കോടതി ജഡ്ജി പിന്‍മാറി; അനിശ്ചിതത്വം തുടരുന്നു

സ്വന്തം ലേഖകന്‍ 13-10-2016 - Thursday

ഇസ്ലാമാബാദ്: മതനിന്ദാ കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രൈസ്തവയായ ആസിയാ ബീബിയുടെ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പാക്കിസ്ഥാന്‍ സുപ്രീംകോടതി ജഡ്ജി പിന്‍മാറി. സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ് ആസിയ ബീബിയുടെ കേസ് ഇന്ന് പരിഗണനയ്ക്ക് എടുത്തത്. കേസ് വിളിച്ചപ്പോള്‍ തന്നെ ജഡ്ജിമാരുടെ പാനലിലെ ജസ്റ്റീസ് ഇക്ബാല്‍ ഹമീദ് ഉള്‍ റഹ്മാന്‍ ഈ കേസില്‍ നിന്നും പിന്‍മാറിയതായി ബഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റീസ് മിയാന്‍ സാകുബ് നിസാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ആസിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു.

ആസിയ ബീബിയുടെ കേസില്‍ നിന്നും താന്‍ പിന്മാറുവാനുള്ള തീരുമാനം സ്വീകരിച്ചത്, ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ താന്‍ വാദം കേട്ടതിനാലാണെന്നും ജസ്റ്റീസ് ഇക്ബാല്‍ ഹമീദ് ഉള്‍ റഹ്മാന്‍ വിശദീകരിച്ചു. ആസിയ ബീബിയെ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ തൂക്കിലേറ്റുന്നത് തെറ്റായ കാര്യമാണെന്ന് ഇതിനു മുമ്പ് പ്രവിശ്യ ഗവര്‍ണ്ണറായ സല്‍മാന്‍ തസീര്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ മുസ്ലീം നേതാവ് മുമ്താസ് ഖ്വാദി, സല്‍മാന്‍ തസീറിനെ വെടിവച്ചു കൊലപ്പെടുത്തി.

സല്‍മാന്‍ താസീറിന്റെ കൊലപാതക കേസില്‍ വാദം കേള്‍ക്കുകയും, തീവ്രവാദ വിരുദ്ധ നിയമപ്രകാരം പ്രതിയായ മുമ്താസ് ഖ്വാദിയെ തൂക്കിലേറ്റുവാന്‍ വിധിച്ചതും ജസ്റ്റീസ് ഇക്ബാല്‍ ഹമീദ് ഉള്‍ റഹ്മാന്‍ ആയിരുന്നു. ഇക്കാരണത്താല്‍, ആസിയ ബീബിയുടെ കേസ് കേള്‍ക്കുവാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ജഡ്ജി അറിയിക്കുകയായിരുന്നു. മൂന്നംഗ ബഞ്ചിലെ ഒരു ജഡ്ജി പിന്‍മാറിയതോടെ ഈ ബഞ്ച് പൂര്‍ണ്ണമായും പിരിച്ചുവിട്ടു. ഇതിനാല്‍ തന്നെ ഇനിയെന്നാണ് ആസീയ ബീബിയുടെ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുക എന്ന് പറയുവാന്‍ സാധിക്കില്ല. നീണ്ട അനിശ്ചിതങ്ങള്‍ക്കൊടുവിലാണ് ആസിയായുടെ കേസില്‍ വാദം കേള്‍ക്കുവാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

കനത്ത സുരക്ഷയായിരുന്നു സുപ്രീം കോടതിയിലും നഗരത്തിലും പോലീസ് ഒരുക്കിയിരുന്നത്. ആസിയ ബീബിയെ ആരെങ്കിലും അപായപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുവാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് കനത്ത സുരക്ഷ ഒരുക്കിയത്. മൂവായിരത്തില്‍ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ നഗരത്തില്‍ സുരക്ഷയുടെ ഭാഗമായി അധികം വിന്യസിച്ചിരുന്നു. പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ 295-സി എന്ന വിവാദ വകുപ്പ് പ്രകാരമാണ് ആസിയ ബീബിയെ മതനിന്ദാ കുറ്റത്തിന് തൂക്കിലേറ്റുവാന്‍ പാക്കിസ്ഥാനിലെ നന്‍കാന ജില്ലാ കോടതി വിധിച്ചത്.

2010-ല്‍ പുറത്തുവന്ന നന്‍കാന ജില്ലാ കോടതി വിധി ചോദ്യം ചെയ്തു ആസിയയുടെ ബന്ധുക്കളും സുഹൃത്തുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും ഫയല്‍ ചെയ്ത അപ്പീലില്‍ ലാഹോര്‍ ഹൈക്കോടതിയും വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. 2009 മുതല്‍ ആസിയ ജയിലില്‍ കഠിന തടവ് അനുഭവിക്കുകയാണ്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മതനിന്ദാ കുറ്റത്തിന് ഒരു സ്ത്രീയെ തൂക്കിലേറ്റുവാന്‍ വിധിയുണ്ടാകുന്നത്.

പ്രവാചകനെ നിന്ദിക്കുന്നതും ഖുറാനെ വിമര്‍ശിക്കുന്നതും പാക്കിസ്ഥാനില്‍ വധശിക്ഷ ലഭിക്കുവാന്‍ കാരണമാകുന്ന കുറ്റകൃത്യമാണ്. പലപ്പോഴും ഈ വകുപ്പ് ന്യൂനപക്ഷങ്ങളുടെ മേലുള്ള വ്യക്തിപരമായ വിരോധം തീര്‍ക്കുന്നതിനാണ് പാക്കിസ്ഥാനില്‍ ഉപയോഗിക്കപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ഈ വകുപ്പ് എടുത്ത് മാറ്റണമെന്ന് പാക്കിസ്ഥാനോട് പലവട്ടം ആവശ്യപ്പെട്ടിട്ടുള്ളതുമാണ്.

SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »