News - 2024

ബഹ്‌റൈന്‍ രാജാവ് രാജ്യത്തെ രണ്ടാമത്തെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ദേവാലയം പണിയുവാനുള്ള സ്ഥലം സംഭാവന ചെയ്തു

സ്വന്തം ലേഖകന്‍ 15-10-2016 - Saturday

മനാമ: ബഹ്‌റൈനില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ വിശ്വാസികള്‍ക്ക് ആരാധന നടത്തുന്നതിനായി രണ്ടാമത്തെ ദേവാലയം പണിയുവാനുള്ള സ്ഥലം അനുവദിച്ചു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് കോപ്റ്റിക് സഭയ്ക്കായി ദേവാലയം പണിയുവാനുള്ള സ്ഥലം നല്‍കുവാന്‍ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ബഹ്‌റൈന്‍ രാജാവും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവനായ തവാദ്രോസ് രണ്ടാമന്‍ പാത്രീയാര്‍ക്കീസുമായി ഈജിപ്ത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് നടന്ന ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് പുതിയതായി സ്ഥലം അനുവദിക്കുവാന്‍ ബഹ്‌റൈന്‍ രാജാവ് തീരുമാനിച്ചത്.

കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ ഫാ.റോയിസി ജോര്‍ജ് ആണ് പുതിയ ദേവാലയത്തിനുള്ള സ്ഥലം അനുവദിക്കപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സൗദി അറേബ്യയിലും, ബഹ്‌റൈനിലുമായി 1500-ല്‍ അധികം കോപ്റ്റിക് ഓര്‍ത്തഡോക്‌സ് വിശ്വാസികളാണ് ഉള്ളത്. പുതിയതായി അനുവദിക്കപ്പെട്ട ദേവാലയം ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലാണ് നിര്‍മ്മിക്കപ്പെടുക.

2013-ല്‍ കത്തോലിക്ക സഭയ്ക്ക് അവാലിയെന്ന പ്രദേശത്ത് ഒന്‍പതിനായിരം ചതുരശ്ര അടിയില്‍ ദേവാലയം പണിയുവാന്‍ ബഹ്‌റൈന്‍ രാജാവ് അനുമതി നല്‍കിയിരുന്നു. ഇവിടെ സ്ഥാപിച്ച കത്തോലിക്ക കത്തീഡ്രല്‍ ദേവാലയം ദൈവമാതാവിന്റെ നാമത്തിലാണ് സ്ഥാപിതമായിരിക്കുന്നത്. 'ഓര്‍ ലേഡി ഓഫ് അറേബ്യ' എന്ന പേരിലാണ് ഈ ദേവാലയം ഇപ്പോള്‍ അറിയപ്പെടുന്നത്.


Related Articles »