News - 2024
വിശ്വാസ ദീപ്തിയില്‍ സില്‍വര്‍ ജൂബിലിയുടെ തിളക്കവുമായി ബംഗ്ലാദേശിലെ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്‍റ്
സ്വന്തം ലേഖകന്‍ 21-10-2016 - Friday
ധാക്ക: ബംഗ്ലാദേശിലെ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ 25-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബര്‍ 13,14 തീയതികളില്‍ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ ധാക്കയിലെ സെന്ററിലാണ് ആഘോഷ പരിപാടികള്‍ നടത്തപ്പെട്ടത്.
250-ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍, കര്‍ദിനാളായി ഉയര്‍ത്തപ്പെടുവാനിരിക്കുന്ന ആര്‍ച്ച് ബിഷപ്പ് പാട്രിക് ഡീ റൊസാരിയോ ആണ് മുഖ്യ അതിഥിയായി എത്തിയത്. കത്തോലിക്ക യുവജന സമൂഹം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്ക് വലിയ മതിപ്പാണ് ഉള്ളതെന്ന് പറഞ്ഞ ആര്‍ച്ച് ബിഷപ്പ് പാട്രിക് ഡീ റൊസാരിയോ സഭയുടെ നേതാക്കള്‍ യുവാക്കളോട് നന്ദിയുള്ളവരാണെന്നും കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് അപ്പോസ്‌ത്തോലിക് ന്യൂണ്‍ഷ്യോ ജോര്‍ജ് കൊച്ചേരി യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു. മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കായി യുവാക്കള്‍ തങ്ങളുടെ കഴിവിനെ ഉപയോഗപ്പെടുത്തണമെന്ന് ബിഷപ്പ് ജോര്‍ജ് കൊച്ചേരി പറഞ്ഞു.
1991-ല്‍ ആണ് യുവാക്കളുടെയും കത്തോലിക്ക ബിഷപ്പുമാരുടെയും പ്രവര്‍ത്തനങ്ങളെ യോജിപ്പിക്കുവാന്‍ വേണ്ടി ബംഗ്ലാദേശ് കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റ് ആരംഭിച്ചത്. ക്രൈസ്തവ മൂല്യം യുവാക്കളുടെ ഇടയിലേക്ക് പകര്‍ന്നു നല്‍കുന്ന സംഘടന, യുവാക്കളുടെ വ്യക്തിത്വ വികസനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
സമൂഹവും, സഭയുമായുള്ള ബന്ധം ശക്തമാക്കുവാന്‍ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റ് യുവാക്കളെ സജ്ജരാക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
വില്യം നോക്‌റക് ആണ് സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. കാരിത്താസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സെബാസ്റ്റിന്‍ റൊസാരിയോ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ചേരിപ്രദേശങ്ങളിലും ആശുപത്രികളിലും സന്ദര്‍ശനം നടത്തി സേവനം ചെയ്യുകയും, പാവപ്പെട്ടവര്‍ക്ക് വസ്ത്രവും, മരുന്നും വിതരണം നടത്തുകയും ചെയ്യുന്ന കാത്തലിക് സ്റ്റുഡന്‍സ് മൂവ്‌മെന്റ് ബംഗ്ലാദേശില്‍ മാതൃകയോടെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സംഘടനയായി ഇതിനോടകം തന്നെ മാറിയിട്ടുണ്ട്.