News - 2024
സംഗീതം സുവിശേഷവല്‍ക്കരണത്തിന്റെ ശക്തമായ ആയുധമാണെന്ന് വത്തിക്കാനിൽ നടന്ന ജൂബിലി ഓഫ് ദ ക്വയേഴ്‌സ് സമ്മേളനം
സ്വന്തം ലേഖകന്‍ 25-10-2016 - Tuesday
വത്തിക്കാന്‍: സുവിശേഷവല്‍ക്കരണത്തിന്റെ ശക്തമായ ആയുധമാണെന്ന് സംഗീതമെന്ന് വത്തിക്കാനിൽ നടന്ന 'ജൂബിലി ഓഫ് ദ ക്വയേഴ്‌സ്' സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗായകസംഘങ്ങള്‍ പങ്കെടുത്ത സമ്മേളനം ഒക്ടോബര്‍ 21-ാം തീയതി ആരംഭിച്ച് 23-ാം തീയതി കരുണയുടെ കവാടത്തിലേക്കുള്ള തീര്‍ത്ഥയാത്രയോടെയാണ് സമാപിച്ചത്.
പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സേക്രട്ട് മ്യൂസിക്കിന്റെ പ്രസിഡന്റ് മോണ്‍സിഞ്ചോര്‍ വിന്‍സെന്‍സോ ഡീ ഗ്രിഗോറിയോ, സിസ്റ്റീന്‍ ചാപ്പലിലെ ക്വയറിന്റെ മേധാവി മോണ്‍സിഞ്ചോര്‍ മാസിമോ പാലോംബെല്ലാ, റോം രൂപതയുടെ ക്വയര്‍ ഡയറക്ടര്‍ മോണ്‍സിഞ്ചോര്‍ മാര്‍കോ ഫ്രിസീന തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
സംഗീതമെന്നത് സുവിശേഷവല്‍ക്കരണത്തിലെ ഏറ്റവും ശക്തിയുള്ള ഉപകരണമാണെന്ന് മോണ്‍സിഞ്ചോര്‍ മാര്‍കോ ഫ്രിസീന അഭിപ്രായപ്പെട്ടു. ഒരു മനുഷ്യന്റെ ഹൃദയത്തിലേക്ക് സുവിശേഷത്തിന്റെ സന്തോഷത്തെ സംഗീതത്തിലൂടെ കൊണ്ടുവരുവാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1984-ല്‍ ആണ് മോണ്‍സിഞ്ചോര്‍ മാര്‍കോ ഫ്രിസീനയുടെ നേതൃത്വത്തില്‍ റോം രൂപതയിലെ ഗായകസംഘം ആരംഭിച്ചത്. നിരവധി പാട്ടുകള്‍ ചിട്ടപ്പെടുത്തിയ വ്യക്തികൂടിയാണ് ഈ വൈദികന്‍.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ഓര്‍മ്മയ്ക്കായും, ദിവ്യകാരുണ്യത്തിനു വേണ്ടിയും സമര്‍പ്പിക്കപ്പെട്ട പ്രത്യേക സംഗീത വിരുന്ന് സമ്മേളനത്തോട് അനുബന്ധിച്ചു നടത്തപ്പെട്ടു. വിവിധ ക്രൈസ്തവ സഭകള്‍ ഒന്നുചേർന്ന് ഗാനമാലപിക്കുന്ന പ്രത്യേക ചടങ്ങ് എല്ലാ വര്‍ഷവും വത്തിക്കാനില്‍ നടത്തപെടാറുണ്ട്. പോപ് എമിരിറ്റസ് ബനഡിക്ടറ്റ് പതിനാറാമനാണ് ഇത്തരമൊരു പതിവിന് തുടക്കം കുറിച്ചത്. സഭാ ഐക്യപദ്ധതികളുടെ ഭാഗമായി കൂടിയാണ് ഇത്തരമൊരു പരിപാടി നടത്തപ്പെടുന്നത്.
ആംഗ്ലിക്കന്‍, ലൂഥറന്‍, കത്തോലിക്ക സഭകളിലെ ഗായകസംഘങ്ങള്‍ ഒരേ പോലെ പത്രോസ് പൗലോസ് ശ്ലീഹാന്‍മാരുടെ ഓര്‍മ്മയെ മുന്‍നിര്‍ത്തിയാണ് ഗാനാലാപന ശുശ്രൂഷ നടത്തുന്നതെന്ന് മോണ്‍സിഞ്ചോര്‍ മാസിമോ പാലോംബെല്ലാം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഗായക സംഘംമാണ് സിസ്റ്റീന്‍ ചാപ്പലിലേതെന്നും സമ്മേളനത്തില്‍വച്ച് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.