News - 2024

കൊളംബിയയിലെ ഷോപ്പിംഗ് മാള്‍ കുമ്പസാരകൂടുകളായി: അനുരജ്ഞന കൂദാശ നല്‍കാന്‍ എത്തിയത് നൂറിലധികം വൈദികര്‍

സ്വന്തം ലേഖകന്‍ 28-10-2016 - Friday

ബൊഗോട്ട: കൊളംബിയയില്‍ കത്തോലിക്ക വൈദികര്‍ ഗ്രാന്‍ എസ്റ്റാസിയോണ്‍ ഷോപ്പിംഗ് മാളില്‍ എത്തി വിശ്വാസികള്‍ക്ക് കുമ്പസാരിക്കുവാന്‍ സൗകര്യം ഒരുക്കി. 120 വൈദികരാണ് 'കണ്‍ഫസ്-അ-തോണ്‍' എന്ന പേരില്‍ അനേകരെ കുമ്പസാരിപ്പിക്കുവാന്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നത്. ഷോപ്പിംഗ് മാളില്‍ സാധനങ്ങള്‍ വാങ്ങുവാന്‍ എത്തിയവര്‍ അത്ഭുതത്തോടെയാണ് കുമ്പസാരിപ്പിക്കുവാനായി ഇരിക്കുന്ന വൈദികരെ നോക്കി കണ്ടത്.

കടയുടമകളും, ജീവനക്കാരും, ഷോപ്പിംഗിനായി വന്നവരും കുമ്പസാരിപ്പിക്കുവാനുള്ള അവസരം ഭക്തിപൂര്‍വ്വം വിനിയോഗിച്ചു. ദേവാലയത്തിലേക്ക് വിശ്വാസികള്‍ വന്ന് കുമ്പസാരിക്കുന്ന പതിവിനെ തിരുത്തിയാണ് വൈദികര്‍ പൊതുസ്ഥലങ്ങളില്‍ വിശ്വാസികള്‍ക്കുവേണ്ടി ഇത്തരമൊരു സൗകര്യം ഒരുക്കിയിരുന്നത്.

വൈദികര്‍ കുമ്പസാരിപ്പിക്കുവാന്‍ എത്തിയത് കണ്ട്, ദീര്‍ഘനാളുകള്‍ ദേവാലയത്തിലേക്ക് പോകാതിരുന്ന നിരവധി പേര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് അനുരജ്ഞന കൂദാശ സ്വീകരിച്ചുവെന്നത് ശ്രദ്ധേയമാണ്. ഇതു രണ്ടാം തവണയാണ് വൈദികര്‍ ഇത്തരത്തില്‍ പൊതുസ്ഥലങ്ങളില്‍ എത്തി കുമ്പസാരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാനമായ രീതിയില്‍ വിശ്വാസികള്‍ക്കായി കൊളംബിയന്‍ വൈദികര്‍ കുമ്പസാരത്തിന് അവസരം ഒരുക്കിയിരുന്നു.

ബൊഗോട്ടയിലെ മാളില്‍ നടത്തപ്പെട്ട ഈ പദ്ധതി ആയിരങ്ങള്‍ക്ക് ഹൃദയത്തിലെ ഭാരം ഇറക്കിവയ്ക്കുവാന്‍ സഹായകമായെന്ന് വിലയിരുത്തപ്പെടുന്നു. ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളുള്ള രാജ്യമാണ് കൊളംമ്പിയ. സഭയുടെ ഭാഗത്തു നിന്നുള്ള ഒരു പുതിയ ചലനമായിട്ടാണ് ഏവരും 'കണ്‍ഫസ്-അ-തോണി'നെ നോക്കിക്കാണുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിചെന്നുള്ള ഇത്തരമൊരു വിശ്വാസ പദ്ധതി തയാറാക്കിയതെന്ന് കൊളംബിയന്‍ ബിഷപ്പ്‌സ് കൊണ്‍ഫറന്‍സ് പ്രതികരിച്ചു.


Related Articles »