News

ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ പറ്റി പെന്തക്കോസ്ത പാസ്റ്റര്‍ നടത്തിയ പ്രഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകന്‍ 29-10-2016 - Saturday

ടോറൊന്റോ: ദിവ്യകാരുണ്യത്തിന്റെ അത്ഭുതശക്തിയെ പറ്റി പെന്തക്കോസ്ത പാസ്റ്റര്‍ ബെന്നി ഹിന്‍ നടത്തിയ പ്രഭാഷണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാന വഴിയായി വലിയ അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്ന്‍ ബെന്നി ഹിന്‍ വീഡിയോയില്‍ പറയുന്നു.

പെന്തക്കോസ്ത് സഭകളില്‍ നടക്കുന്നതിലും അധികം അത്ഭുതങ്ങള്‍ കത്തോലിക്ക സഭയില്‍ നടക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു. ബെന്നി ഹിന്നിന്റെ വെളിപ്പെടുത്തല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചക്കു വഴിതെളിയിച്ചിട്ടുണ്ട്. അദ്ദേഹം കത്തോലിക്ക വിശ്വാസത്തിലേക്ക് മടങ്ങുന്നതിനുള്ള സൂചനയായാണ് ദിവ്യകാരുണ്യത്തെ പറ്റി പ്രസംഗിച്ചതെന്ന് ചിലര്‍ വിലയിരുത്തുന്നു.

വിശുദ്ധ കുര്‍ബാനയിലൂടെ യേശുവിന്റെ ശരീരവും രക്തവുമാണ് കത്തോലിക്ക സഭയിലെ വിശ്വാസികള്‍ സ്വീകരിക്കുന്നതെന്നും അതിനെയാണ് അവര്‍ ആരാധിക്കുന്നതെന്നും ബെന്നി ഹിന്‍ പെന്തക്കോസ്ത് വിശ്വാസികളോട് വിശദീകരിക്കുന്നു. വിശുദ്ധ കുര്‍ബാനയിലേക്ക് യേശുക്രിസ്തു പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്താല്‍ നേരില്‍ ഇറങ്ങിവന്നു വസിക്കുന്നതായും പാസ്റ്റര്‍ പറയുന്നു.

"പെന്തക്കോസ്ത് വിശ്വാസികള്‍ അനുഷ്ഠിക്കുന്ന കര്‍മ്മത്തില്‍ യേശുക്രിസ്തുവിന്റെ ശരീര രക്തങ്ങളെ പ്രതീകാത്മകമായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ കത്തോലിക്ക സഭയില്‍ വിശുദ്ധ കുര്‍ബാനയിലൂടെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശരീര രക്തങ്ങളാണ് വിശ്വാസികള്‍ക്ക് നല്‍കപ്പെടുന്നത്. ഏറെ ഭയഭക്തിയോടെയാണ് വിശ്വാസ സമൂഹം വിശുദ്ധ ബലിയില്‍ പങ്കെടുക്കുന്നത്".

"കത്തോലിക്ക വിശ്വാസ സമൂഹത്തില്‍ പെന്തക്കോസ്ത് സഭകളിലും അധികമായി അത്ഭുതം നടക്കുന്നുണ്ട്. അവര്‍ അനുഷ്ഠിക്കുന്ന വിശുദ്ധ കുര്‍ബാനയിലൂടെയാണ് ഇത് സംഭവിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. അതുപോലെ തന്നെ കത്തോലിക്ക വിശ്വാസികള്‍ അവരുടെ സഭയെ ഉപേക്ഷിച്ച ശേഷം മറ്റൊരു സഭയിലേക്ക് കടന്നു പോകുന്നില്ല. എന്നാല്‍ പെന്തക്കോസ്തു വിശ്വാസികളില്‍ ഈ പ്രവണത ഏറെ കൂടുതലാണ്. സഭകളില്‍ നിന്നും സഭകളിലേക്ക് അവര്‍ ചാഞ്ചാടി കൊണ്ടിരിക്കുന്നു".

"അന്ത്യന്താഴ വേളയില്‍ യേശു അപ്പവും വീഞ്ഞും എടുത്ത ശേഷം ഇത് പ്രതീകാത്മകമായ എന്റെ ശരീരവും, രക്തവുമാണെന്നല്ല പറഞ്ഞത്. ഇതെന്റെ ശരീരവും രക്തവുമാകുന്നു എന്നു തന്നെയാണ് അരുളി ചെയ്തത്. ഇതേ കാര്യമാണ് കത്തോലിക്ക വിശ്വാസികള്‍ പിന്‍തുടരുന്നത്. എന്നാല്‍ പെന്തക്കോസ്ത് വിശ്വാസികള്‍ ഇതിനെ ഒരു പ്രതീകമായി മാത്രമാണ് കാണുന്നത്. ദിവ്യകാരുണ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു". ബെന്നി ഹിന്‍ വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

പ്രശസ്തമായ നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനാണ് പാസ്റ്റര്‍ ബെന്നി ഹിന്‍. അദ്ദേഹത്തിന്റെ പുതിയ സാക്ഷ്യം പെന്തക്കോസ്ത് വിശ്വാസികള്‍ക്കിടിയില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

വീഡിയോ