News - 2024

പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തപ്പെട്ട അമ്മയേയും മകനേയും ശക്തമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മോചിപ്പിച്ചു

സ്വന്തം ലേഖകന്‍ 29-10-2016 - Saturday

ഇസ്ലാമാബാദ്: ഖുറാന്‍ കത്തിച്ചുവെന്നു ആരോപിച്ചു തടവിലായിരിന്ന ഒന്‍പതു വയസുള്ള കുട്ടിയേയും അമ്മയേയും സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി പോലീസ് മോചിപ്പിച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വിറ്റയില്‍ ഒക്ടോബര്‍ 20-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്‍പതു വയസുമാത്രം പ്രായമുള്ള ഇന്‍സാം എന്ന കുട്ടി സ്‌കൂളില്‍വച്ച് ഖുറാന്‍ കത്തിച്ചുവെന്നാണ് ആരോപണമുണ്ടായത്.

ഇതേ തുടര്‍ന്ന് കുട്ടിയെയും ക്വിറ്റയിലെ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഇന്‍സാമിന്റെ അമ്മ ഷാക്കിലിനേയും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരിന്നു. പ്രാഥമിക അന്വേഷണം നടത്താതെയാണ് പോലീസ് കുട്ടിയേയും അമ്മയേയും തടവിലാക്കിയത്. ശക്തമായ രാഷ്ട്രീയ സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അധികാരികള്‍, അമ്മയേയും മകനേയും ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനോടുവില്‍ വെറുതെ വിട്ടത്. വിഷയത്തില്‍ ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സര്‍ക്കാരിനു മുകളില്‍ ശക്തമായ സമ്മര്‍ദം ചെലുത്തി.

മതനിന്ദാ കുറ്റം ആരോപിച്ച് വ്യക്തികള്‍ തമ്മിലുള്ള പക തീര്‍ക്കുന്നതിനും, ന്യൂനപക്ഷ വിഭാഗങ്ങളിലെ ആളുകളെ ദ്രോഹിക്കുന്നതിനും മാത്രമാണ് ഉപകാരപ്പെടുക എന്ന് ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ ചെയര്‍മാന്‍ വില്‍സണ്‍ ചൗധരി പറഞ്ഞു. യുഎന്‍ ഉള്‍പ്പെടെയുള്ള അന്തരാഷ്ട്ര സംഘടനകള്‍ നിര്‍ദേശിച്ചിട്ടും ഇതിനെതിരെ നടപടി സ്വീകരിക്കാതെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഒളിച്ചു കളിക്കുകയാണെന്നും വില്‍സണ്‍ ചൗധരി കുറ്റപ്പെടുത്തി.

ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ കുറ്റം. മുസ്ലീം സാക്ഷിയുടെ മൊഴിയെ എതിര്‍ക്കുവാന്‍ എത്ര അമുസ്ലീങ്ങള്‍ നിരന്നാലും നിയമത്തിന് മുന്നില്‍ അതിന് പ്രസക്തിയില്ല. ന്യൂനപക്ഷങ്ങളുടെ നേരെ ഈ വകുപ്പിനെ ഉപയോഗിക്കുവാന്‍ പള്ളികളിലെ ഇമാമ്മുമാര്‍ തന്നെയാണ് ജനത്തിന് ഉപദേശം നല്‍കുന്നതെന്നും ആരോപണമുണ്ട്.

ക്രൈസ്തവയായ ആസിയ ബീബിയാണ് ക്രൂരമായ മതനിന്ദ കുറ്റത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാള്‍. ആസിയയ്‌ക്കെതിരെ ചുമത്തിയ മതനിന്ദാ കുറ്റത്തിന്റെ പേരില്‍ കോടതി അവരെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. പരമ്മോന്നത നീതിപീഠത്തിന്റെ കനിവ് തേടി സാമൂഹ്യ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ വരെ ആസിയയുടെ കേസ് എത്തിച്ചിരുന്നു. ഏറെ അനിശ്ചിതത്വത്തിന് ശേഷം കേസില്‍ വാദം കേള്‍ക്കുവാന്‍ സുപ്രീംകോടതി തീരുമാനിച്ച ദിവസം തന്നെ മൂന്നംഗ പാനലിലെ ഒരു ജഡ്ജി പിന്‍മാറിയിരിന്നു. ഇക്കാരണത്താല്‍ കേസില്‍ അനിശ്ചിത്വം തുടരുകയാണ്. 2009 മുതല്‍ ആസിയ കഠിന തടവിലാണ്.


Related Articles »