News - 2024
കത്തോലിക്ക വിശ്വാസത്തിലേക്ക് തന്നെ നയിച്ചത് പത്രോസിന്റെ പിന്‍ഗാമിയാല്‍ നയിക്കപ്പെടണമെന്ന ചിന്ത: പ്രശസ്ത നിയമാധ്യാപകന്‍ അഡ്രിയാന്‍ വെര്‍മിയൂള്‍
സ്വന്തം ലേഖകന്‍ 29-10-2016 - Saturday
കേംബ്രിഡ്ജ്: താന്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് വരുവാനുണ്ടായ ഏറ്റവും ശക്തമായ കാരണം പത്രോസിന്റെ പിന്‍ഗാമിയിലൂടെ നയിക്കപ്പെടുക എന്ന ചിന്തയാണെന്ന് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രഫസറായ ഡോക്ടര്‍ അഡ്രിയാന്‍ വെര്‍മിയൂള്‍. ക്രിസ്റ്റീന ഡിയര്‍ഡഫിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊട്ടസ്റ്റന്‍റ് വിശ്വാസമുപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിക്കാനുണ്ടായ കാരണം അഡ്രിയാന്‍ വെര്‍മിയൂള്‍ വിവരിക്കുന്നത്.
ഭരണഘടനാ നിയമങ്ങളെ കുറിച്ച് പഠിപ്പിക്കുന്ന ഹാര്‍വാര്‍ഡിലെ പ്രശസ്ത അധ്യാപകനായ അഡ്രിയാന്‍ വെര്‍മിയൂള്‍, ജസ്റ്റീസ് അന്റോണിന്‍ സ്‌കാലിയായുടെ ക്ലാര്‍ക്കായും സേവനം ചെയ്തിട്ടുണ്ട്. വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ജോണ്‍ ഹെന്‍റി ന്യൂമാന്റെ സ്വാധീനവും തനിക്ക് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള വഴി തുറന്നതായി അഡ്രിയാന്‍ വെര്‍മിയൂള്‍ അഭിമുഖത്തില്‍ പറയുന്നു.
"ഈശോ സഭയിലെ വൈദികനായ ഫാ. ബ്രെയാന്‍ ഡങ്കിള്‍, സിഎസ്‌സി കോണ്‍ഗ്രിഗേഷന്‍ വൈദികനായ കെവിന്‍ ഗ്രോവും എന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് കൈപിടിച്ചു നടത്തി. ദൈവശാസ്ത്രപരമായും, യുക്തിപരമായും പത്രോസിന്റെ പിന്‍ഗാമിയാല്‍ നയിക്കപ്പെടുന്നതാണ് ശരിയെന്ന് എനിക്ക് തോന്നി. വാഴ്ത്തപ്പെട്ട ന്യൂമാന്റെ സ്വാധീനവും എന്നെ വിശ്വാസത്തിലേക്ക് ചേര്‍ത്തു പിടിച്ചു. ഇതെല്ലാം കൂടാതെ ദൈവമാതാവിന്റെ സാന്നിധ്യം എനിക്ക് നിരന്തരമായി അനുഭവിക്കുവാന്‍ സാധിച്ചു". അഡ്രിയാന്‍ വെര്‍മിയൂള്‍ പറയുന്നു.
യുക്തിവാദികളും, ഭൗതീകവാദികളും കത്തോലിക്ക സഭയുടെ എല്ലാ പ്രബോധനങ്ങള്‍ക്കും എതിരാണെന്നും അഡ്രിയാന്‍ വെര്‍മിയൂള്‍ പ്രത്യേകം പരാമര്‍ശിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ബാധിച്ചിരിക്കുന്ന ദൈവനിഷേധവും മറ്റു വിപരീത പ്രവര്‍ത്തനങ്ങളും ഉടന്‍ തന്നെ മാറുമെന്നതാണ് തന്റെ പ്രതീക്ഷയെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാദര്‍ ജാക്വസ് ഹാമലിനെ പോലെയുള്ള ഒരു വൈദികന്‍ രക്തസാക്ഷിയായ യൂറോപ്പില്‍ കത്തോലിക്ക വിശ്വാസത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ ഇറങ്ങുമെന്നും അഡ്രിയാന്‍ വെര്‍മിയൂള്‍ പ്രത്യാശ പ്രകടിപ്പിച്ചു.