News

20 ദിവസം, 55 പേര്‍, 3000 ജപമാല: ജപമാല മാസത്തെ അനുഗ്രഹമാക്കി അബുദാബിയിലെ സെന്റ് പോള്‍സ് ദേവാലയം

സ്വന്തം ലേഖകന്‍ 01-11-2016 - Tuesday

മുസഫ: ജപമാല മാസമായ ഒക്ടോബറില്‍ അബുദാബി മുസഫയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ അമ്പത്തിഅഞ്ച് സ്ത്രീകള്‍ ചേര്‍ന്ന് നിര്‍മ്മിച്ചതു മൂവായിരത്തോളം ജപമാലകള്‍. 20 ദിവസം കൊണ്ട് നിര്‍മ്മിച്ച ഈ ജപമാലകള്‍ മുപ്പതാം തിയ്യതി ജപമാല മാസ സമാപനത്തോടനുബന്ധിച്ച് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിക്കുവാന്‍ എത്തിയ വിശ്വാസികള്‍ക്ക് വിതരണം ചെയ്യപ്പെടുകയുണ്ടായി.

ജീവിതത്തിന്റെ തിരക്കുകള്‍ മാറ്റിവെച്ച് ഒക്ടോബര്‍ ഒന്നാം തിയ്യതി മുതല്‍ ആരംഭിച്ച 55 പേരുടെ ദൌത്യം 3000 കൊന്ത എന്ന ലക്ഷ്യത്തിലെത്തിയപ്പോള്‍ അവര്‍ക്ക് പിന്തുണയുമായി കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിന്റെ ആലുവ സെന്റ് തോമസ് പ്രൊവിന്‍സ് അംഗവും മലയാളി സമൂഹത്തിന്റെ ഇടയനുമായ ഫാ. ജോണ്‍ പടിഞ്ഞാക്കരയും ഉണ്ടായിരിന്നുവെന്നത് ശ്രദ്ധേയമാണ്.

ഇടവകാ സമൂഹത്തിനു വേണ്ട ജപമാലകള്‍ ഇടവകയില്‍ തന്നെ നിര്‍മ്മിച്ച് എല്ലാവരിലേക്കും എത്തിക്കുക എന്ന ഒരാശയം രൂപം കൊണ്ടത് ഫാ.ജോണ്‍ വഴി തന്നെയായിരിന്നു. തുടര്‍ന്നു ഇടവകാംഗമായ ഒരു സഹോദരിയ്ക്ക് ജപമാല നിര്‍മ്മിക്കാന്‍ അറിയാമെന്ന്‍ മനസ്സിലാക്കിയ അദ്ദേഹം അവരെയും അമ്പത്തഞ്ചോളം സ്ത്രീകളെയും ചേര്‍ത്ത് എകദിന പരിശീലനം നല്‍കി പദ്ധതിക്കു ആരംഭം കുറിക്കുകയായിരിന്നു.

തിരക്കുകള്‍ മാറ്റിവെച്ചു പരിശുദ്ധ അമ്മയോടുള്ള ഭക്തി പ്രകടമായ സാക്ഷ്യമാക്കി മാറ്റാന്‍ ജപമാല മാസം ഇവര്‍ തിരഞ്ഞെടുത്തപ്പോള്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ 3000 ജപമാല എന്ന ലക്ഷ്യത്തില്‍ എത്തിചേരുകയായിരിന്നു. കൊന്തയുണ്ടാക്കുന്നതിന് ആവശ്യമായ മുത്തും കുരിശും നൂലും കേരളത്തില്‍ നിന്ന് എത്തിച്ചു. കൊന്തയില്‍ ഉപയോഗിച്ച ലോക്കറ്റില്‍ ഒരു വശത്ത് പരിശുദ്ധ ദൈവമാതാവിന്റെ മാതാവിന്റെ ചിത്രവും, മറുവശത്ത് ഇടവകയുടെ ലോഗോയും ചേര്‍ത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാ ജപമാലയിലും ബനഡിക്ടന്‍ കുരിശാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇംഗ്ലീഷ്, കൊങ്ങിണി, അറബിക്, ശ്രീലങ്കന്‍ തുടങ്ങിയ വിവിധ ഭാഷകളില്‍ ബലിയര്‍പ്പിക്കപ്പെടുകയും, പലരാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഒരുമിച്ചുകൂടുകയും ചെയ്യുന്ന സെന്‍റ് പോള്‍സ് ദേവാലയത്തില്‍, മൂവായിരത്തിലേറെ മലയാളി വിശ്വാസ സമൂഹമാണുള്ളത്. നേരത്തെ കഴിഞ്ഞ മെയ് മാസത്തില്‍ ഇടവകാംഗങ്ങള്‍ ശേഖരിച്ച മൂവായിരത്തിലേറെ വ്യത്യസ്ഥമായ മാതാവിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ എക്‌സിബിഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിന്നു.