News - 2024
വിശ്വാസജീവിതത്തിൽ നമുക്കുണ്ടായിരിക്കേണ്ട ചുമതലാബോധം രക്തസാക്ഷികൾ നമ്മെ ഓർമ്മപ്പെടുത്തുന്നു: കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്
സ്വന്തം ലേഖകന്‍ 01-11-2016 - Tuesday
ലണ്ടന്‍: ഓരോ ദിനവും വിശ്വാസത്തില്‍ ചുമതലാബോധത്തോടെ നാം തുടരേണ്ടതിനെ ഓര്‍മ്മപ്പെടുത്തുകയാണ് ഒരോ രക്തസാക്ഷിയുമെന്ന് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്. വെസ്റ്റ്മിനിസ്റ്റര്‍ കത്തീഡ്രലിന്റെ സെന്റ് ജോര്‍ജ് ചാപ്പലില്‍ പുതിയതായി നിര്‍മ്മിച്ച സ്ഫടിക വാതിലിന്റെ സമര്‍പ്പണത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാന മധ്യേയാണ് കര്‍ദിനാള്‍ രക്തസാക്ഷികളെ കുറിച്ച് ഓര്‍മ്മപ്പെടുത്തിയത്. പന്ത്രണ്ട് അപ്പോസ്‌ത്തോലന്‍മാരോട് താരതരമ്യപ്പെടുത്തിയാണ് കര്‍ദിനാള്‍ രക്തസാക്ഷികളുടെ ജീവിതത്തെ സ്മരിച്ചത്.
"തങ്ങള്‍ ആയിരിക്കുന്നത് ഏത് അവസ്ഥയിലാണോ, അതെ അവസ്ഥയില്‍ ദൈവത്തിന് തങ്ങളെ തന്നെ സമര്‍പ്പിച്ചവരാണ് പന്ത്രണ്ട് അപ്പോസ്‌ത്തോലന്‍മാരും. തങ്ങളുടെ വിശ്വാസ വീഥികളില്‍ നേരിട്ട എല്ലാ തിരിച്ചടികളിലും വിശ്വാസം ഉപേക്ഷിക്കാതെ, വിശ്വസ്തരായി അവര്‍ നിലകൊണ്ടു. ലോകത്തിലേക്ക് പ്രകാശം കൊണ്ടുവന്നവരാണ് ഇവര്‍". കര്‍ദ്ദിനാള്‍ പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളിലെ നിരവധി രക്തസാക്ഷികള്‍, അപ്പോസ്‌ത്തോലന്‍മാരുടെ അതെ വിശ്വാസം പിന്‍തുടരുവാന്‍ സാധിച്ചവരാണെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു. അവരുടെ വിശ്വാസവും, ധീരതയും എല്ലായപ്പോഴും പ്രശംസിക്കപ്പെടുന്നതും, അവരുടെ കഥകള്‍ ആളുകളെ സ്വാധീനിക്കുന്നതുമാണെന്നും കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. കത്തോലിക്ക വിശ്വാസത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ ഇവര്‍ ദൃഢതയോടെ കാത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
പുതിയതായി ആശീര്‍വദിച്ച സ്ഥലത്ത് ഏകാഗ്രമായി ദൈവത്തോട് ഏറെ നേരം സംസാരിക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കട്ടെ എന്നും കര്‍ദ്ദിനാള്‍ ആശംസിച്ചു. ചുറ്റുപാടുമുള്ള തിരക്കുകളില്‍ നിന്നും മാറി വിശ്വാസത്തില്‍ നിലനില്‍ക്കുവാനുള്ള ശക്തിയും, ആത്മബലവും നല്‍കുന്ന സ്ഥലങ്ങളായി ഇവിടം മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.