News - 2024
കുമ്പസാരത്തിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുവാന്‍ വൈദികര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധി
സ്വന്തം ലേഖകന്‍ 01-11-2016 - Tuesday
വാഷിംഗ്ടണ്‍: കുമ്പസാര രഹസ്യങ്ങള്‍ പുറത്തു പറയാതിരിക്കുവാന്‍ കത്തോലിക്ക വൈദികര്‍ക്ക് അവകാശമുണ്ടെന്ന് യുഎസിലെ കോടതി വിധിച്ചു. ലൂസിയാന സുപ്രീംകോടതിയാണ് ഏറെ നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കുമ്പസാരിക്കുമ്പോള്‍ വിശ്വാസികള്‍ വൈദികരോട് തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയാറുണ്ട്. ഇതില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടെങ്കില്‍ വൈദികര്‍ അത്തരം കാര്യങ്ങള്‍ കോടതിയിലോ, പോലീസിലോ പറയേണ്ടതില്ലെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
"കുമ്പസാരം എന്ന കൂദാശ ഒരു വൈദികന്‍ നടത്തുമ്പോള്‍ വിശ്വാസി പറയുന്ന കാര്യങ്ങള്‍, സ്വകാര്യമായി തന്നെ സൂക്ഷിക്കുവാന്‍ വൈദികന് അവകാശമുണ്ട്. വിശ്വാസി താന്‍ ചെയ്തുവെന്നു ഏറ്റുപറയുന്ന ഏതെങ്കിലും കുറ്റകൃത്യങ്ങളോ, സമാനമായ രഹസ്യസ്വഭാവമുള്ള കാര്യങ്ങളോ നിയമസംവിധാനങ്ങളുടെ മുന്നില്‍ അറിയിക്കാതിരിക്കുവാന്‍ വൈദികന് കടമയുണ്ട്. കുമ്പസാരത്തിന്റെ അടിസ്ഥാനത്തില്‍ വൈദികന്‍ കോടതിയില്‍ സാക്ഷ്യം പറയണമെന്ന വാദം നിലനില്‍ക്കില്ല. റോമന്‍ കത്തോലിക്ക സഭയുടെ വിശ്വാസപരമായ കാര്യമാണ് കുമ്പസാരം. അതിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുവാന്‍ കുമ്പസാരം കേള്‍ക്കുന്ന വൈദികന് അവകാശമുണ്ട്". ലൂസിയാന സുപ്രീംകോടതി വിധിപ്രസ്താവനയില്‍ പറയുന്നു.
ദീര്‍ഘനാളായി കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്ന ഫാദര്‍ ജെഫ് ബേഹീ കേസിലാണ് ലൂസിയാന സുപ്രീംകോടതി സുപ്രധാനമായ വിധി ഒക്ടോബര്‍ 28-ാം തീയതി നടത്തിയിരിക്കുന്നത്. ഫാദര്‍ ജെഫ് ബേഹീയോട് കുമ്പസാരം നടത്തിയ 14 വയസുള്ള ഒരു പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയാകുന്നതായി പറഞ്ഞിരുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസ് ഫയല്‍ ചെയ്തത്. വൈദികന്‍ സേവനം ചെയ്യുന്ന ദേവാലയത്തിലെ ഒരു വ്യക്തി തന്നെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും കേസില്‍ പറയുന്നു.
പീഡന വിഷയത്തില്‍ വൈദികന്‍ സാക്ഷി പറയണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍, സഭാനിയമപ്രകാരം കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഫാദര്‍ ജെഫ് ബേഹീ സ്വീകരിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസ് കോടതിയിലേക്ക് എത്തിയത്.
ഇത്തരം ഒരു കാര്യം പെണ്‍കുട്ടി വൈദികനോട് വെളിപ്പെടുത്തിയിട്ടും, വൈദികന്‍ നിയമസംവിധാനങ്ങളിലോ, പോലീസിലോ വിവരം അറിയിക്കാതെ മറച്ചുവെച്ചത് തെറ്റാണെന്നും കേസ് നല്‍കിയവര്‍ വാദിച്ചു. എന്നാല്‍ ഈ വാദത്തില്‍ ഒരു കഴമ്പുമില്ലെന്നു കോടതി പറഞ്ഞു. വിശ്വാസപരമായ കാര്യങ്ങള്‍ മാത്രമാണിതെന്നും വൈദികനെ ഇതിലേക്ക് വലിച്ചിഴയ്ക്കുവാന്‍ പാടില്ലെന്നും കോടതി വിധിച്ചു.