News

ലോകപ്രശസ്ത മുന്‍ ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡീക്കനായി; തിരുപട്ട സ്വീകരണം അടുത്ത വര്‍ഷം

സ്വന്തം ലേഖകന്‍ 01-11-2016 - Tuesday

ഡബ്ലിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും നോര്‍ത്തേണ്‍ അയര്‍ലന്റിന്റെയും ടീമുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ ലോകപ്രശസ്ത ഫുട്‌ബോള്‍ താരം ഫിലിപ്പ് മുള്‍റൈന്‍ ഡീക്കനായി. ശനിയാഴ്ച ഡബ്ലിന്‍ സെന്‍റ് സേവ്യേഴ്സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഡബ്ലിന്‍ അതിരൂപതാദ്ധ്യക്ഷന്‍ ഡയര്‍മുയിട് മാര്‍ട്ടിനാണ് 38-കാരനായ ഫിലിപ്പ് മുള്‍റൈനെ ഡീക്കന്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഡൊമിനിക്കന്‍ സഭാംഗമായിട്ടാണ് അദ്ദേഹം ഡീക്കന്‍ പദവിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം അദ്ദേഹം തിരുപട്ടം സ്വീകരിക്കും.

1999 മുതല്‍ 2005 വരെ ക്ലബ് ഫുട്‌ബോളിലെ സജീവ സാന്നിധ്യമായിരുന്നു ഫിലിപ്പ് മുള്‍റൈന്‍. ഫുട്‌ബോള്‍ മത്സരങ്ങളില്‍ മുഴുകി നടന്ന കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നാണ് ഫിലിപ്പ് മുള്‍റൈന്‍ തന്റെ ജീവിതം നയിച്ചത്. പ്രശസ്ത മോഡലായ നിക്കോള ചാപ്മാനുമായുള്ള സൗഹൃദവും, കര്‍ഫ്യൂ വകവയ്ക്കാതെ മദ്യപിച്ച് വാഹനമോടിച്ചതുമെല്ലാം മുള്‍റൈന്റെ ജീവിതത്തിലെ ചില വീഴ്ചകളായിരിന്നു. പിന്നീട് ബിഷപ്പ് നോയല്‍ ട്രിയാനോറിന്റെ ഇടപെടലാണ് ദൈവത്തിങ്കലേക്ക് ഫിലിപ്പ് മുള്‍റൈനെ കൂടുതല്‍ അടുപ്പിച്ചത്.

ദീര്‍ഘ നാളത്തെ ബൈബിള്‍ പഠനത്തിനും പ്രാര്‍ത്ഥനക്കും ശേഷമാണ് ക്രിസ്തുവിന്റെ സുവിശേഷം ലോകത്തെ അറിയിക്കുന്നതിനായി ഒരു വൈദികനായി സേവനം ചെയ്യുവാനുള്ള തീരുമാനത്തിലേക്ക് ഫിലിപ്പ് മുള്‍റൈന്‍ എത്തിച്ചേര്‍ന്നതെന്ന് അദ്ദേഹത്തിന്റെ അമ്മയും സുഹൃത്തുക്കളും ഇതിനോടകം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഫിലിപ്പിന്റെ പുതിയ തീരുമാനത്തില്‍ തങ്ങള്‍ ഏറെ സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു.

തന്റെ 31-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തോട് വിടപറഞ്ഞ ഫിലിപ്പ് മുള്‍റൈന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. 2009-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഐറിഷ് കോളജില്‍ നിന്നും ദൈവശാസ്ത്രത്തില്‍ രണ്ടുവര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ് ഫിലിപ്പ് മുള്‍റൈന്‍.