Editor's Pick - 2024

ദൈവകരങ്ങളില്‍ നിന്ന്‍ ജീവിതപങ്കാളിയെ എല്ലാ കുറവുകളോടുംകൂടി സ്വീകരിക്കുക : ഫാ.സോജി ഓലിക്കല്‍

ജോസ് കുര്യാക്കോസ് 18-10-2015 - Sunday

ഒക്ടോബർ 10-ന് UKയിലെ ബർമിങ്ങ്ഹാം ബെഥേൽ കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ച് നടന്ന സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ കുടുംബ ബന്ധങ്ങളുടെ പവിത്രതയും അവിഭാജ്യതയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ആയിരങ്ങള്‍ക്ക് അനുഗ്രഹമായി മാറി.

പ്രവാസ ജീവിതത്തിന്‍റെ നൊമ്പരങ്ങളും സങ്കീര്‍ണ്ണതകളും പ്രായോഗികമായി വിലയിരുത്തിക്കൊണ്ട് സമാധാന പൂര്‍ണ്ണമായ ദാമ്പത്യ ജീവിതങ്ങള്‍ ദൈവത്താല്‍ സാദ്ധ്യമാണ് എന്ന ശക്തമായ സന്ദേശമാണ് ഫാദര്‍ സോജി ഓലിക്കല്‍ ദൈവജനത്തിന് നല്‍കിയത്. ആത്മാഭിഷേകം നിറഞ്ഞ വചനശുശ്രൂഷ അനേക കുടുംബങ്ങള്‍ക്ക് സൗഖ്യത്തിനും വിടുതലിനും കാരണമായി.

ദൈവകരങ്ങളില്‍ നിന്ന്‍ പങ്കാളിയെ എല്ലാ കുറവുകളോടുംകൂടി സ്വീകരിക്കുക, പരസ്പര സംഭാഷണത്തിന്‍റെയും, പങ്കുവയ്ക്കലിന്‍റെയും പ്രാധാന്യം, ഒന്നിച്ചുള്ള പ്രാര്‍ത്ഥന, പങ്കാളികളുടെ സ്നേഹപൂര്‍വമായ പങ്കുവയ്ക്കലുകള്‍, കുട്ടികള്‍ക്ക് നല്‍കുന്ന സന്തോഷവും ആനന്ദവും, കുടുംബങ്ങളെ തകര്‍ക്കുന്ന പൈശാചികശക്തികളെ തോല്‍പിക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന പൗരോഹിത്യ ശുശ്രൂഷയുടെ പ്രാധാന്യം എന്നിവ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിതമേഖലകളെ വിലയിരുത്തുവാനും നല്ല തീരുമാനങ്ങള്‍ എടുക്കുവാനും കാരണമായി.

കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മുഴുവന്‍ ജപമാലയും സമര്‍പ്പിച്ചു കൊണ്ടാണ് രൂപത വികാരി ജനറല്‍ ഫാദര്‍ തിമോത്തി ഇംഗ്ലീഷിലുള്ള വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്.

നവംബര്‍ മാസ കണ്‍വെന്‍ഷനു വേണ്ടി രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മദ്ധൃസ്ഥ പ്രാര്‍ത്ഥനകള്‍ ഉയരുകയാണ്. സഭയെ നവീകരിക്കുന്ന, കുടുംബങ്ങളെ ബലപ്പെടുത്തുന്ന, കുട്ടികളിലേക്കും യുവതീയുവാക്കളിലേക്കും വിശ്വാസത്തിന്‍റെയും വിശുദ്ധിയുടെയും കൃപകള്‍ വര്‍ഷിക്കുന്ന, അനേകായിരങ്ങളുടെ കണ്ണീരൊപ്പുന്ന ശുശ്രൂഷകള്‍ക്കായി തീക്ഷ്ണമായ പ്രാര്‍ത്ഥനാസഹായങ്ങള്‍ ചോദിക്കുകയാണ് സോജിയച്ഛനും ടീം അംഗങ്ങളും.

ജപമാല, കരുണക്കൊന്ത, കുരിശിന്‍റെ വഴി തുടങ്ങിയ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചും അനേകം വ്യക്തികളേയും, കുടുംബങ്ങളേയും ഈ ശുശ്രൂഷയിലേക്ക് കൂട്ടിക്കൊണ്ടുവന്നും പ്രേഷിത വേലയിലേക്ക് ഉയരുവാന്‍ ‍ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. ബെഥേൽ സെന്‍റെറില്‍ നവംബർ 14-ന് രാവിലെ 8 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.


Related Articles »