Daily Saints.

0: October 24 : വിശുദ്ധ അന്തോണി ക്ലാരെറ്റ്

ഷാജു പൈലി 19-10-2015 - Monday

നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം അദ്ദേഹത്തിന് കിട്ടിയെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ പാതിരിയായി. നിയമിതനായി.

പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി. ജെസ്യൂട്ട് കാരുടെ ആശ്രമത്തിലും അദ്ദേഹം ചേര്‍ന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. പിന്നീട് സ്പെയിനിലേക്ക് തിരികെ വന്ന വിശുദ്ധന്‍ അവിടത്തെ ഒരു ഇടവകയിലെ പാതിരിയായി. അദ്ദേഹത്തിന്റെ ആപ്പോസ്തോലിക പ്രവര്‍ത്തനങ്ങളില്‍ ഗ്രാമ പ്രദേശങ്ങളില്‍ വചന പ്രഘോഷണവും, മത പ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും കൂടാതെ ഗ്രന്ഥ രചനയും ഉള്‍പ്പെടുന്നു. ഏതാണ്ട് 150 ഗ്രന്ധങ്ങളോളം അദ്ദേഹം രചിച്ചിട്ടുണ്ട്. ആദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ അസ്വസ്ഥരായ ചില പുരോഹിതന്മാര്‍ അദ്ദെഹതിനെതിരായി തിരിഞ്ഞതിന്റെ ഫലമായി അദ്ദേഹം കാറ്റലോണിയ വിട്ട്‌ 1848-ല്‍ കാനറി ഐലന്റിലേക്ക് പോയി. ഒരു വര്‍ഷത്തിനുശേഷം തിരിച്ച് കാറ്റലോണിയയില്‍ എത്തിയ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനം തുടര്‍ന്നു.

1849-ല്‍ അന്തോണി 6 പുരോഹിതന്മാരെ കൂട്ടി ക്ളാരെന്‍ഷിയന്‍സ് എന്ന്‍ പരക്കെ അറിയപ്പെടുന്ന ‘മിഷണറി സണ്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി’ എന്ന സഭക്ക്‌ അടിസ്ഥാനമിട്ടു. 1850-ല്‍ സ്പെയിനിലെ രാജ്ഞിയായ ഇസബെല്ല-II ന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ മെത്രാനാക്കി വാഴിച്ചു. അടുത്ത ഏഴ് വര്‍ഷത്തോളം വിശുദ്ധന്‍ അപ്പോസ്തോലിക സന്ദര്‍ശനങ്ങളും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങളും, വിവാഹം നടത്തിക്കുക തുടങ്ങിയ പരിപാടികളുമായി മുന്നോട്ട് പോയി.

അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരന്തരമായ വധ ഭീഷണി നേരിടേണ്ടി വന്നു, ഒരിക്കല്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനുള്ള ശ്രമം വരെ ഉണ്ടായി. 1857-ല്‍ രാജ്ഞിയെ കുംബസാരിപ്പിക്കുന്ന പുരോഹിതനായി അദ്ദേഹത്തെ സ്പെയിനിലേക്ക് തിരികെ വിളിച്ചു. ഇത് മൂലം മെത്രാന്മാരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതില്‍ കുറെയൊക്കെ സ്വാധീനം ചെലുത്തി എസ്‌കോരിയയില്‍ സഭാ സംബന്ധമായ പഠനങ്ങള്‍ക്കുള്ള ഒരു കേന്ദ്രം തുടങ്ങുവാനും, സ്പെയിനിലെ സഭാ ആശ്രമങ്ങള്‍ക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു.

1869-ല്‍ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അദ്ദേഹം റോമിലായിരുന്നു. ഇസബെല്ല-II നാടുകടത്തപ്പെട്ടപ്പോള്‍ അന്തോണിയും രാജ്ഞിയെ പിന്തുടര്‍ന്നു. സ്പാനിഷ് സ്ഥാനപതിയുടെ നിര്‍ബന്ധത്താല്‍ അദ്ദേഹം ഫോണ്ട്ഫ്രോയിടെയിലുള്ള സിസ്റ്റെര്‍ഷിയന്‍ ആശ്രമത്തില്‍ വീട്ടുതടങ്കലിലാവുകയും അവിടെ വച്ച് തന്റെ 63-മത്തെ വയസ്സില്‍ നിര്യാതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൌതീകാവശിഷ്ടങ്ങള്‍ വിച്ചിലേക്ക് തിരികെ കൊണ്ട് വന്നു.


Related Articles »