News - 2024
കെസിവൈഎമ്മിനെ നിയന്ത്രിക്കുവാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെസിബിസി
സ്വന്തം ലേഖകന്‍ 07-11-2016 - Monday
കൊച്ചി: കേരളത്തിലെ മൂന്നു കത്തോലിക്കാ റീത്തുകളുടെയും പൊതു യുവജന സംഘടനയായ കേരള കാത്തലിക് യൂത്തു മൂവ്മെന്റ് (കെ.സി. വൈ.എം.) ന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ കെസിബിസി തീരുമാനിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച് കെസിബിസി. ഇന്നത്തെ മംഗളം ദിനപത്രത്തിൽ വന്ന വാർത്തയെ നിഷേധിച്ചാണ് കെസിബിസി പത്രകുറിപ്പ് ഇറക്കിയിരിക്കുന്നത്.
കെ. സി. വൈ. എം പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് കെസിബിസി പ്രത്യേകം തീരുമാനം എടുത്തിട്ടില്ല. അത്തരം ഒരു തീരുമാനം എടുക്കേണ്ട സാഹചര്യം നിലവിലില്ല. പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനോ സഭയുടെ പൊതു വിഷയങ്ങളിലും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സമൂഹത്തെ പൊതുവായി ബാധിക്കുന്ന വിഷയങ്ങളിലും പൊതുനിലപാട് സ്വീകരിക്കുന്നതിനോ സംഘടനയ്ക്ക് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ഇത്തരം വിഷയങ്ങളിൽ സഭാ നേതൃത്വവുമായി ആലോചിച്ചു തീരുമാനമെടുക്കുന്ന രീതിയാണ് മുൻപും ഉണ്ടായിരുന്നത്. സംഘടനയ്ക്കുള്ളിൽ കക്ഷിരാഷ്‌ടീയം മുൻപും അനുവദിച്ചിരുന്നില്ല.
കേരളത്തിലെ മൂന്നു റീത്തുകളുടെയും പൊതു യുവജന സംഘടനയായി കെസിവൈഎം തുടർന്നും പ്രവർത്തിക്കും. പൊതുവിഷയങ്ങളിൽ കെസിവൈഎം തുടർന്നും നിലപാടുകൾ സ്വീകരിക്കും. ഓരോ വ്യക്തിഗത സഭയുടെയും പേര് സംഘടനയോട് ചേർത്ത് ഉപയോഗിക്കാൻ ഓരോ റീത്തിനും സ്വാതന്ത്ര്യമുണ്ട്. ഇതു കെസിവൈഎമ്മിന്റെ പ്രവർത്തനങ്ങൾക്ക് കോട്ടമുണ്ടാക്കും എന്ന് കരുതേണ്ടതില്ല.
വ്യക്തിഗത സഭകൾ പൊതു സഭാസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയല്ല, കൂടുതൽ കാര്യക്ഷമമാക്കുകയാണ് ചെയ്യുന്നത്. വൈവിധ്യങ്ങളെ നിഷേധിച്ചുകൊണ്ടുള്ള ഐക്യമല്ല, വൈവിധ്യങ്ങളെ സംരക്ഷിക്കുന്ന ഐക്യമാണ് ഏകത്വത്തെ സംബന്ധിക്കുന്ന സഭാദര്‍ശനം. സമകാലീന സാഹചര്യങ്ങളിൽ ഈ ദര്‍ശനത്തിന്റെ പ്രസക്തി വലുതാണ്. ഇതുമനസിലാക്കാതെയുള്ള വിമർശനങ്ങൾ പ്രയോജന രഹിതവും തെറ്റിദ്ധാരണാജനകവുമാണ്. പത്രകുറിപ്പില്‍ പറയുന്നു.