News - 2025

ജപ്പാനിലെ ആദ്യത്തെ മൈനര്‍ ബസലിക്കയായി 'ദ ഔറ ചര്‍ച്ചി'നെ മാര്‍പാപ്പ ഉയര്‍ത്തി

സ്വന്തം ലേഖകന്‍ 09-11-2016 - Wednesday

നാഗസാക്കി: പടിഞ്ഞാറന്‍ ജപ്പാന്‍ നഗരമായ നാഗസാക്കിയിലെ ദേവാലയത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ മൈനര്‍ ബസലിക്ക പദവി അനുവദിച്ചു നല്‍കി. 1865-ല്‍ സ്ഥാപിതമായ 'ദ ഔറ ചര്‍ച്ച്'നാണ് ഈ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ജപ്പാനിലെ ഒരു ദേവാലയത്തിന് ഈ വിശേഷപ്പെട്ട പദവി ലഭിക്കുന്നത്. രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ക്കും ആരാധനയ്ക്കുമായി ഒത്തുകൂടുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് വളരെ പഴക്കം ചെന്ന ഈ ദേവാലയം.

ഫ്രഞ്ച് വൈദികനായ ഫാദര്‍ ബര്‍ണാഡ് പെറ്റീറ്ജിയയുടെ മുന്നില്‍ ഒരു സംഘം ആളുകള്‍ തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞ സ്ഥലത്താണ് 'ദ ഔറ ചര്‍ച്ച്' സ്ഥിതി ചെയ്യുന്നത്. രഹസ്യമായി തങ്ങളുടെ ക്രൈസ്തവ വിശ്വാസം തുടര്‍ന്നിരുന്ന ഒരു സംഘം ആളുകളാണ് വൈദികനോട് വിശ്വാസം ഏറ്റുപറഞ്ഞത്. പാപ്പയുടെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസ സമൂഹം സ്വീകരിക്കുന്നതെന്ന് നാഗസാക്കി ആര്‍ച്ച് ബിഷപ്പ് മിറ്റ്‌സുവാക്കി ടക്കാമി പറഞ്ഞു.

"ഈ ദേവാലയം ഒരു പ്രതീകമാണ്. വിശ്വാസത്തേ മറച്ചു പിടിക്കേണ്ടിവന്ന ഒരു കാലത്തിന്റെയും വിശ്വാസം തുറന്ന് പ്രചരിപ്പിക്കുവാന്‍ തുടങ്ങിയ കാലത്തിന്റെയും മധ്യത്തിലെ സാക്ഷിയായി ഇന്നും ഈ ദേവാലയം തുടരുന്നു. ദേവാലയത്തിന് ലഭിച്ചിരിക്കുന്ന പുതിയ പദവി വിശ്വാസംപ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്വത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്". ആര്‍ച്ച് ബിഷപ്പ് മിറ്റ്‌സുവാക്കി ടക്കാമി പറഞ്ഞു. വിശ്വാസപരവും, ചരിത്രപരവുമായ അതീവ പ്രാധാന്യം കണക്കിലെടുത്താണ് ദേവാലയത്തിന് മൈനര്‍ ബസലിക്ക പദവി വത്തിക്കാന്‍ നല്‍കിയിരിക്കുന്നത്. ലോകത്തില്‍ 1700-ല്‍ അധികം മൈനര്‍ ബസലിക്കകള്‍ ഉണ്ടെന്നാണ് കണക്ക്.


Related Articles »