News - 2024
കുമ്പസാരം നടത്തുവാന്‍ ഇനി മൊബൈല്‍ ആപ്പ് വഴികാട്ടും
സ്വന്തം ലേഖകന്‍ 23-11-2016 - Wednesday
വത്തിക്കാന്‍ സിറ്റി: കുമ്പസാരം എവിടെയെല്ലാമാണ് നടക്കുന്നതെന്ന് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ നോക്കി മനസിലാക്കാം. സ്‌കോര്‍ട്ട്‌ലാന്റിലെ സെന്റ് ആന്‍ഡ്രൂസ്, എഡിന്‍ബര്‍ഗ് എന്നീ സ്ഥലങ്ങളില്‍ താമസിക്കുന്ന കത്തോലിക്ക വിശ്വാസികള്‍ക്കാണ് 'കണ്‍ഫഷന്‍ ഫൈന്‍ഡര്‍' എന്ന ആപ്ലിക്കേഷനിലൂടെ കുമ്പസാരം നടക്കുന്ന പള്ളികള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തുവാന്‍ സാധിക്കുന്നത്. വത്തിക്കാനില്‍ വെച്ചു സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ലിയോ കഷ്‌ലിയാണ് ആപ്ലിക്കേഷന്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
'മ്യൂസിമാന്റിക്' എന്ന കമ്പനിയാണ് പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. രണ്ടായിരം സ്വകയര്‍ മൈലുകള്‍ വിസ്താരമുള്ള അതിരൂപതയുടെ കീഴിലുള്ള 110 കത്തോലിക്ക ദേവാലയങ്ങളുടെ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ അറിയുവാന്‍ സാധിക്കും. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വ്യക്തിയുടെ ഏറ്റവും സമീപത്തായി കുമ്പസാരത്തിനു സൗകര്യമുള്ള ദേവാലയവും, അവിടേയ്ക്ക് എത്തുവാനുള്ള വഴിയും, കുമ്പസാരിപ്പിക്കുന്ന വൈദികന്റെ വിവരങ്ങളും ആപ്ലിക്കേഷന്‍ കൃത്യമായി പറഞ്ഞു തരും.
സ്‌കോര്‍ട്ട്‌ലാന്റിലെ അഞ്ചു രൂപതകളില്‍ കൂടി ഉടന്‍ തന്നെ ആപ്ലിക്കേഷന്റെ സൗകര്യങ്ങള്‍ ലഭ്യമായി തുടങ്ങും. സമകാലീന ലോകത്തിലേക്ക് ദൈവത്തിന്റെ സ്‌നേഹവും കാരുണ്യവും കത്തോലിക്ക സഭ എങ്ങനെയാണ് എത്തിച്ചു നല്‍കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് പുതിയ ആപ്ലിക്കേഷനെന്ന് ആര്‍ച്ച് ബിഷപ്പ് ലിയോ കഷ്‌ലി പറഞ്ഞു.
"കരുണയുടെ ജൂബിലി വര്‍ഷത്തില്‍ അനുരഞ്ജന കൂദാശ സ്വീകരിക്കാന്‍ ഏറെ താത്പര്യത്തോടെ കടന്ന്‍ വന്ന ആളുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു. പുതിയ ആപ്ലിക്കേഷന്‍ വരുന്നതോടെ കുമ്പസാരിക്കുവാന്‍ താല്‍പര്യപ്പെടുന്ന വിശ്വാസികള്‍ക്ക് അത് ഏറെ സഹായകരമാകും. പലപ്പോഴും ആളുകള്‍ക്ക് കുമ്പസാരിക്കുവാന്‍ താല്‍പര്യമുണ്ടെങ്കിലും, എവിടെ പോയി കുമ്പസാരിക്കണമെന്ന കാര്യം വ്യക്തമായി അവര്‍ക്ക് അറിയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും". പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ഫാദര്‍ ജാമി ബോയിലര്‍ പറഞ്ഞു.
കുമ്പസാരിക്കുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍, പലപ്പോഴും തങ്ങള്‍ക്ക് അപരിചിതനായ ഒരു വൈദികനെ ആണ് പാപങ്ങള്‍ ഏറ്റുപറയുവാന്‍ തെരഞ്ഞെടുക്കുക. പുതിയ ആപ്ലിക്കേഷനില്‍ വൈദികരുടെ പേരും മറ്റു വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ വിശ്വാസികള്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക രൂപതകള്‍ തങ്ങളുടെ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് 'കണ്‍ഫഷന്‍ ഫൈന്‍ഡര്‍' നിര്‍മ്മിച്ച മ്യൂസിമാന്റിക് കമ്പനി.