News - 2024

സീറോ മലബാർ സഭയ്ക്കു റോമിൽ പുതിയ ആസ്‌ഥാനം

സ്വന്തം ലേഖകന്‍ 24-11-2016 - Thursday

റോം: പ്രാര്‍ത്ഥനകള്‍ക്കും പ്രയത്നങ്ങള്‍ക്കും ഒടുവില്‍ സീറോ മലബാര്‍ സഭയ്ക്ക് റോമില്‍ പുതിയ ആസ്ഥാനം. വത്തിക്കാനില്‍ നിന്ന്‍ അധികം ദൂരത്തല്ലാത്ത ഒരു ഏക്കറോളം സ്‌ഥലവും അതിനോട് അനുബന്ധിച്ചു കെട്ടിടവും സംവിധാനങ്ങളുമാണ് സീറോ മലബാർ സഭ സ്വന്തമാക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ആയി ഈ മാസം ചുമതല ഏറ്റെടുത്ത മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ നേതൃത്വത്തിൽ കുറെനാളുകളായി നടത്തിയ ആലോചനകളുടെയും അന്വേഷണത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണു റോമില്‍ പുതിയ ആസ്‌ഥാനം സ്ഥാപിക്കുവാന്‍ മുതല്‍കൂട്ടായിരിക്കുന്നത്.

കരുണയുടെ അസാധാരണ ജൂബിലി വർഷത്തിന്റെ സമാപന ദിനവും ക്രിസ്തുരാജന്റെ തിരുനാൾ ദിവസവും ആയിരിന്ന നവംബർ 20–ന് പുതിയ കെട്ടിടത്തിന്റെ അടിസ്‌ഥാനശിലയുടെ ആശീർവാദവും നവീകരണ പ്രവർത്തനങ്ങളുടെ ആരംഭവും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു.

അടിസ്‌ഥാന ക്രമീകരണങ്ങളും നവീകരണ പ്രവർത്തനങ്ങളും നിർമാണ പ്രക്രിയകളും പൂർത്തിയാക്കി അടുത്തവർഷം പകുതിയോടുകൂടി സീറോ മലബാർ സഭയുടെ റോമിലെ നിലവിലുള്ള സംവിധാനങ്ങളെ പുതിയ ആസ്‌ഥാനത്തുനിന്നുകൊണ്ട് കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കാനും ഏറ്റവും ഊർജസ്വലതയോടെ നടപ്പിലാക്കാനും നന്നായി ക്രമീകരിക്കാനും കഴിയുമെന്ന പ്രത്യാശയുണ്ടെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു. വത്തിക്കാനിലെക്കുള്ള പ്രധാന വീഥിയുടെ അരികെ ശാന്തമായ അന്തരീക്ഷത്തിൽ പ്രകൃതിരമണീയമായ ഒരിടമാണ് സഭാപ്രവർത്തനങ്ങൾക്കായി സീറോ മലബാർ സഭ കണ്ടെത്തിയിരിക്കുന്നത്.


Related Articles »