News - 2024

ഫിഡൽ കാസ്ട്രോയുടെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി

സ്വന്തം ലേഖകന്‍ 28-11-2016 - Monday

വത്തിക്കാന്‍: ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയുടെ മരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബത്തിനും ജനതയ്ക്കും പ്രാര്‍ത്ഥന നേരുന്നതായും അദ്ദേഹം പറഞ്ഞു. ഫിഡല്‍ കാസ്‌ട്രോയുടെ സഹോദരനും ഇപ്പോഴത്തെ ഭരണാധികാരിയുമായ റൗള്‍ കാസ്‌ട്രോയ്ക്ക് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തിയത്.

"ക്യുബന്‍ റിപ്പബ്ലിക്കിന്‍റെ മുന്‍പ്രസിഡന്‍റും വിപ്ലവനായകനുമായിരുന്ന ഫിഡല്‍ കാസ്ട്രോയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നു. ധീരനായ രാഷ്ട്രനേതാവിന്‍റെ ദേഹവിയോഗത്തില്‍ പ്രസിഡന്‍റ് റാവൂള്‍ കാസ്ട്രോയ്ക്കും, കുടുംബാംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സാന്ത്വനവും സമാശ്വാസവും നേരുന്നു. ക്യൂബയുടെ മധ്യസ്ഥയും ആത്മീയമാതാവുമായ ഔര്‍ ലേഡി ഓഫ് കോബ്രെ രാജ്യത്തെ തുണയ്ക്കട്ടെ". സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 20 ന് ക്യൂബ സന്ദര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഹാവന്നയിലെ വസതിയിലെത്തി ഫിഡല്‍ കാസ്ട്രോയുമായി കൂടികാഴ്ച നടത്തിയിരിന്നു. അങ്ങേയ്ക്കു സ്തുതി, സുവിശേഷ സന്തോഷം, വിശ്വാസത്തിന്‍റെ വെളിച്ചം എന്നീ തന്റെ അപ്പസ്‌തോലിക പ്രബോധനങ്ങള്‍ കൈമാറിയതിന് ശേഷമാണ് പാപ്പ അന്ന്‍ മടങ്ങിയത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് പാപ്പാ എന്നിവര്‍ക്ക് ഭരണകാലത്ത് ക്യൂബയില്‍ ആതിഥ്യം നല്‍കിയിട്ടുണ്ട്. അമേരിക്ക-ക്യൂബ നയന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനും, ഇരുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഉപരോധം പിന്‍വലിക്കുവാനും വത്തിക്കാന്‍ നിരന്തരമായി പരിശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയോപരോധം പിന്‍വലിച്ച് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കാന്‍ ഫ്രാന്‍സിസ് പാപ്പ ശക്തമായ ഇടപെടലാണ് നടത്തിയത്.