News - 2024
ഞാന്‍ ഒരു മുസ്ലീം അല്ല, വീണ്ടും ജനനം പ്രാപിച്ച ഒരു ക്രൈസ്തവ വിശ്വാസി: പ്രശസ്ത ഗായകന്‍ അഡിവാലെ അയൂബ
സ്വന്തം ലേഖകന്‍ 28-11-2016 - Monday
അബൂജ: ഫൂജി സംഗീതത്തിലൂടെ ലോകപ്രശസ്തനായ നൈജീരിയന്‍ ഗായകന്‍ അഡിവാലേ അയൂബ തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി തുറന്നു പറഞ്ഞു. താന്‍ ഒരു മുസ്ലീം അല്ലെന്നും, ക്രൈസ്തവ വിശ്വാസിയാണെന്നും 'റിഡീംമ്ഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡ്' എന്ന കൂട്ടായ്മയുടെ യോഗത്തിലാണ് അയൂബ തുറന്നു പറഞ്ഞത്. 2010 മുതല്‍ താന്‍ ക്രൈസ്തവനായിട്ടാണ് ജീവിക്കുന്നതെന്നും, ജീവന് ഭീഷണി നേരിട്ടതിനാലാണ് വിശ്വാസം പരസ്യമായി തുറന്നു പറയാതിരുന്നതെന്നും അഡിവാലേ അയൂബ വെളിപ്പെടുത്തി.
"ഞാന്‍ ഒരു ക്രൈസ്തവനാണെന്നു ലോകത്തോട് വിളിച്ചു പറയുവാന്‍ എല്ലായ്‌പ്പോഴും ഭയപ്പെട്ടിരുന്നു. അത്തരം ഒരു പ്രഖ്യാപനം എന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് നന്നായി ഞാന്‍ മനസിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ എന്റെ വിശ്വാസം തുറന്നു പറയുന്നു. ഞാന്‍ ഇസ്ലാം മത വിശ്വസിയല്ല, വീണ്ടും ജനനം പ്രാപിച്ച ഒരു ക്രൈസ്തവ വിശ്വാസിയാണ്. ഏതാനും വര്‍ഷങ്ങളായി ഞാന്‍ ക്രൈസ്തവ വിശ്വാസിയായി തന്നെയാണ് ജീവിക്കുന്നത്. എന്റെ കുടുംബാംഗങ്ങളും ഇതേ വിശ്വാസമാണ് പിന്‍തുടരുന്നത്". അഡിവാലേ അയൂബ പറഞ്ഞു.
തന്റെ കുട്ടികള്‍ പള്ളിയില്‍ സ്ഥിരമായി പോകാറുണ്ടെന്നും, ദേവാലയത്തിലെ ശുശ്രൂഷകളില്‍ പങ്കെടുക്കാറുണ്ടെന്നും അയൂബ പറയുന്നു. വര്‍ഷാവസാനം ദേവാലയത്തില്‍ പോകുവാന്‍ സാധിക്കാത്ത ഒരവസ്ഥ വന്നാല്‍, തന്റെ ജീവന്‍ തന്നെ നഷ്ടപെടുവാന്‍ അത് കാരണമാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗായകന്‍ കൂട്ടിച്ചേര്‍ത്തു.
ക്രൈസ്തവര്‍ നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന രാജ്യമാണ് നൈജീരിയ. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് വരുന്നവര്‍ക്ക് വലിയ ഭീഷണിയാണ് നൈജീരിയായിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നേരിടേണ്ടി വരുന്നത്. 1.3 മില്യണ്‍ ക്രൈസ്തവര്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ നൈജീരിയായില്‍ നിന്ന്‍ പലായനം ചെയ്തിട്ടുണ്ട്.