News - 2024
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുവിശേഷത്തിന്റെ ദീപ്തി പരത്തി കൊണ്ട് 'സാറ്റ്-7' ചാനല്‍: പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
സ്വന്തം ലേഖകന്‍ 29-11-2016 - Tuesday
കെയ്‌റോ: പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും സുവിശേഷത്തിന്റെ സന്ദേശം ടെലിവിഷനിലൂടെ എത്തിക്കുന്ന 'സാറ്റ്-7' ചാനല്‍ നെറ്റ്വര്‍ക്കിന്റെ പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 76 ശതമാനം പ്രേക്ഷകരാണ് 'സാറ്റ്-7' സംപ്രേക്ഷണം ചെയ്യുന്ന ക്രൈസ്തവ ചാനലുകള്‍ വീക്ഷിക്കുന്നതെന്ന് മേഖലയില്‍ നിന്നുള്ള ടെലിവിഷന്‍ പ്രേക്ഷകരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സൗദി അറേബ്യ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായതായും സാറ്റ്-7 നടത്തിയ സര്‍വേകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ദൈവരാജ്യത്തെ പറ്റിയുള്ള ചാനലിന്റെ അറബിയിലുള്ള സംപ്രേക്ഷണം ആഴ്ചയില്‍ ഏറ്റവും ചുരുങ്ങിയത് 10 മില്യണ്‍ ആളുകള്‍ കാണുന്നതായി പഠനങ്ങള്‍ പറയുന്നു.
മൂന്നു ഭാഷകളിലായി 21.5 മില്യണ്‍ പ്രേക്ഷകര്‍ സാറ്റ്-7 ചാനലുകള്‍ വീക്ഷിക്കുന്നുണ്ട്. മൂന്നു ഭാഷകളിലായി, അഞ്ചു ചാനലുകളാണ് സാറ്റ്-7 നെറ്റ്‌വര്‍ക്കിനുള്ളത്. പുതിയ കണക്കുകള്‍ ദൈവരാജ്യ മഹത്വത്തിനായുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതായി സാറ്റ്-7 സിഇഒ ടെറെന്‍സ് ആസ്‌കോട്ട് പറഞ്ഞു.
"പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ മിക്കപ്പോഴും സംഘര്‍ഷഭരിതമാണ്. സുവിശേഷത്തിന്റെ സന്ദേശം മാത്രം പരാമര്‍ശിക്കുന്ന ഞങ്ങളുടെ ചാനല്‍ കാണുവാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം, നല്ലത് കേള്‍ക്കുവാനും കാണുവാനുമുള്ള ജനത്തിന്റെ താല്‍പര്യമാണ്. മേഖലയിലെ ജനങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കന്‍മാരിലും, മതനേതാക്കന്‍മാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നതാണ് ടെലിവിഷന്‍ കാഴ്ച്ചയിലെ അവരുടെ ഈ പ്രത്യേകതയില്‍ നിന്നും നാം മനസിലാക്കേണ്ടത്". ടെറെന്‍സ് ആസ്‌കോട്ട് പറഞ്ഞു.
ഈജിപ്റ്റ്, മൊറോക്കോ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേയും സാറ്റ്-7 ചാനലിന്റെ പ്രേക്ഷകരില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ചാനല്‍ കാണുന്ന കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനയാണ്. അറേബ്യന്‍ രാജ്യങ്ങളിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള 80 ശതമാനത്തോളം കുട്ടികള്‍ സാറ്റ്-7 പരിപാടികള്‍ ആഴ്ചയില്‍ ഒരുതവണയെങ്കിലും കാണുന്നതായി സര്‍വേ പറയുന്നു.