News - 2024

"ക്രിസ്തുവിനെ സ്‌നേഹിക്കുന്നവര്‍ അവനെ പോലെ തന്നെ മരിക്കട്ടെ": ക്രൈസ്തവരെ ഐഎസ് ക്രൂശിച്ച് കൊല്ലപ്പെടുത്തുന്നതിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്

സ്വന്തം ലേഖകന്‍ 03-12-2016 - Saturday

ബാഗ്ദാദ്: ഇറാഖിലെ ക്രൈസ്തവരെ ഐഎസ് തീവ്രവാദികള്‍ കുരിശിലേറ്റി കൊലപ്പെടുത്തുന്നതായി വീണ്ടും റിപ്പോര്‍ട്ട്. കുരിശില്‍ തറച്ചു കൊലപ്പെടുത്തുന്നത് ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ചാണെന്നും റിപ്പോര്‍ട്ടുണ്ട്. 'എഡിഎഫ് ഇന്റര്‍നാഷണല്‍' എന്ന സംഘടനയ്ക്ക് ഇസാം എന്ന ഇറാഖി സ്വദേശിയാണ് ക്രൈസ്തവരെ ക്രൂശീകരിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ നല്‍കിയത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ ക്രിസ്തുവിനെ പോലെ തന്നെ കുരിശില്‍ തറച്ചു കൊലപ്പെടുത്തുമെന്നാണ് ഐഎസ് പറയുന്നത്.

തന്റെ സഹോദരിയുടെ ഭര്‍ത്താവിനെ ഇത്തരത്തിലാണ് ഐഎസ് കൊലപ്പെടുത്തിയതെന്ന് ഇസാം എഡിഎഫിനോട് വെളിപ്പെടുത്തി. "എന്റെ സഹോദരിയുടെയും മക്കളുടെയും മുന്നിലിട്ടാണ് അവളുടെ ഭര്‍ത്താവിനെ ഐഎസ് തീവ്രവാദികള്‍ ക്രൂശിലേറ്റി കൊലപ്പെടുത്തിയത്. 'നീ യേശുക്രിസ്തുവിനെ അത്രമേല്‍ സ്‌നേഹിക്കുന്നുവെങ്കില്‍ നീ അവനെ പോലെ തന്നെ മരിക്കൂ' എന്ന് പറഞ്ഞാണ് ഡായിഷ് പോരാളികള്‍ സഹോദരിയുടെ ഭര്‍ത്താവിനെ ക്രൂശിലേറ്റിയത്. സ്വന്തം മക്കളേയും ഭാര്യയേയും അവര്‍ നിര്‍ബന്ധപൂര്‍വ്വം ഈ ക്രൂശീകരണത്തിന് ദൃക്‌സാക്ഷികള്‍ ആക്കി".

"കുരിശില്‍ കയറ്റിയ ശേഷം അവര്‍ സഹോദരിയുടെ ഭര്‍ത്താവിന്റെ വയറ്റില്‍ കത്തികൊണ്ട് കുത്തി മുറിവുണ്ടാക്കി. പ്രാണവേദനയില്‍ നിലവിളിച്ച അയാളെ മരിക്കുന്നതിന് മുമ്പ് തീവ്രവാദികള്‍ പലവട്ടം വെടിവയ്ക്കുകയും ചെയ്തു. ഈ കാഴ്ച്ച കണ്ടുനിന്ന കുടുംബം മാനസികമായി തകര്‍ന്നു. പിന്നീട് ഒരു അന്താരാഷ്ട്ര ഏജന്‍സി വഴി അവര്‍ സ്വീഡനിലേക്ക് അഭയാര്‍ത്ഥികളായി പോയി. അവിടെ ചെന്നപ്പോള്‍ നടത്തിയ വൈദ്യപരിശോധനയില്‍ സഹോദരിക്ക് ക്യാന്‍സറാണെന്ന് സ്ഥിരീകരിച്ചു". ഇസാം തന്റെ സഹോദരിക്കും ഭര്‍ത്താവിനുമുണ്ടായ പീഡനങ്ങള്‍ വിവരിച്ചു.

മരിജാം എന്ന സ്ത്രീയും സമാനമായ അനുഭവം സംഘടനയോട് വിവരിക്കുകയുണ്ടായി. തന്റെ സഹോദരനേ ഐഎസ് ക്രൂശിച്ചാണ് കൊലപ്പെടുത്തിയതെന്ന് അവര്‍ പറയുന്നു. ക്രൂശിലേറ്റിയ ശേഷം കൈകളില്‍ ആണിയടച്ച് ഉറപ്പിച്ച ഇവര്‍ തന്റെ സഹോദരനെ അഞ്ച് മണിക്കൂറോളം നീണ്ട കൊടിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നും മരിജാം വിശദീകരിക്കുന്നു. ഭാര്യയുടെയും മക്കളുടെയും മുന്നില്‍വച്ച് വായില്‍ വെടിവച്ചാണ് ഐഎസ് ഭീകരര്‍ സഹോദരനെ കൊലപ്പെടുത്തിയതെന്നും മരിജാം നിറകണ്ണുകളോടെ പറയുന്നു.

ക്രൈസ്തവര്‍ക്കും യസീദികള്‍ക്കും നേരെയുള്ള വംശഹത്യാ ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയുള്‍പ്പെടെയുള്ള സംഘടനകള്‍ നിരവധി തവണ അപലപിച്ചിട്ടുണ്ട്. ക്രൈസ്തവരായ പെണ്‍കുട്ടികളേ ലൈംഗീക അടിമകളാക്കുന്ന സംഭവം ഇറാഖില്‍ പതിവാണെന്ന് ഇസാം പറയുന്നു. ക്വാരഖോഷില്‍ തന്നെ 12-ല്‍ പരം പെണ്‍കുട്ടികള്‍ ഐഎസ് ഭീകരരുടെ ലൈംഗീക അടിമകളാണെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇസാം വിവരിക്കുന്നു.

"മാനത്തെ ഭയന്ന് ആരും ഇത്തരം സംഭവങ്ങള്‍ വെളിയില്‍ പറയുന്നില്ല. എന്റെ ഭാര്യയുടെ അടുത്ത രണ്ടു ബന്ധുക്കള്‍ ഐഎസ് തടവറയില്‍ ലൈംഗീക അടിമകളായി തുടരുകയാണ്. ഭീകരമാണ് ഇവിടെ നടക്കുന്ന പലകാര്യങ്ങളും. ക്രൈസ്തവര്‍ കൊടിയ പീഡനങ്ങളാണ് രാജ്യത്ത് സഹിക്കുന്നത്". ഇസാം പറഞ്ഞു. മരിജാമിന്റെയും ഇസാമിന്റെയും അനുഭവം ഇംഗ്ലീഷ് പത്രമായ 'ഡെയിലി എക്സ്പ്രെസ്' ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2003-ല്‍ ഇറാഖിലെ ക്രൈസ്തവരുടെ ജനസംഖ്യ രണ്ടു മില്യണായിരുന്നു. ഇറാഖില്‍ ഇപ്പോള്‍ ശേഷിക്കുന്നത് വെറും ഒന്നേമുക്കാല്‍ ലക്ഷം ക്രൈസ്തവര്‍ മാത്രമാണ്. ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം സിറിയയിലും സമാനമായ രീതിയില്‍ തുടരുകയാണ്. ഐഎസ് പിടിച്ചെടുത്ത ഇറാഖിനെ മോചിപ്പിക്കുവാന്‍ ശക്തമായ പോരാട്ടങ്ങളാണ് ഇറാഖി സൈന്യം നടത്തുന്നത്. ഒരു ലക്ഷത്തില്‍ അധികം സൈനികരാണ്, ആയിരത്തില്‍ അധികം വരുന്ന ഐഎസ് തീവ്രവാദികളോട് ശക്തമായി പോരാടുന്നത്.


Related Articles »